പ്രധാനമന്ത്രിയുടെ ഇന്റേൺഷിപ് പദ്ധതിയിൽ 1.25 ലക്ഷം പേർക്ക് തൊഴിൽ പരിശീലനം
text_fieldsപ്രധാനമന്ത്രിയുടെ ഇന്റേൺഷിപ് പദ്ധതി പ്രകാരം 2024-25 വർഷത്തിൽ പ്രമുഖ കമ്പനികളിലായി 1.25 ലക്ഷം യുവതീയുവാക്കൾക്ക് തൊഴിൽ പരിശീലനം നൽകും. 12 മാസത്തെ പരിശീലനകാലത്ത് പ്രതിമാസം 5000 രൂപ ധനസഹായം ലഭിക്കും. കൂടാതെ 6000 രൂപ വൺടൈം ഗ്രാന്റായും അനുവദിക്കും.
2024 -25 മുതൽ അഞ്ചു വർഷക്കാലം 500 പ്രമുഖ കമ്പനികളിലായി ഒരുകോടി യുവതീയുവാക്കൾക്ക് തൊഴിൽ പ്രാവീണ്യം നൽകുന്ന പ്രധാനമന്ത്രിയുടെ പൈലറ്റ് പ്രോജക്ടാണിത്. ബിസിനസ് അടക്കം വിവിധ പ്രഫഷനലുകളിലേർപ്പെടുന്നതിനും തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും ഇന്റേൺഷിപ് പരിശീലനം ഉപകാരപ്രദമാകും. കമ്പനികളുടെ വിവിധ ജോലികളിലൂടെ നേടുന്ന തൊഴിൽ പ്രാവീണ്യം സമാന തൊഴിൽമേഖലകളിലേക്കുള്ള പ്രവേശനം എളുപ്പമാക്കും. അക്കാദമിക് പഠനം കഴിഞ്ഞെത്തുന്നവർക്ക് ഇൻഡസ്ട്രി ഇന്റേൺഷിപ്പിലൂടെ ‘എംപ്ലോയബിലിറ്റി’ വർധിപ്പിക്കാം. സംസ്ഥാന സർക്കാറുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
പ്രായപരിധി 21 -24 വയസ്സ്. എസ്.എസ്.എൽ.സി, പ്ലസ് ടു, ഐ.ടി.ഐ, പോളിടെക്നിക് ഡിപ്ലോമ, ബി.എ, ബി.എസ്സി, ബി.കോം, ബി.സി.എ, ബി.ബി.എ, ബി.ഫാം മുതലായ യോഗ്യതകൾ ഉള്ളവർക്ക് 25നകം ഇന്റേൺഷിപ്പിന് അപേക്ഷിക്കാം. എന്നാൽ, ഐ.ഐ.ടികൾ, ഐ.ഐ.എമ്മുകൾ, ഐസറുകൾ, എൻ.ഐ.ഡി, ഐ.ഐ.ഐ.ടികൾ അടക്കമുള്ള ദേശീയ സ്ഥാപനങ്ങളിൽനിന്ന് ബിരുദമെടുത്തവർ CA, CMA, CS, MBBS, BDS, MBA, മറ്റു മാസ്റ്റേഴ്സ് ബിരുദങ്ങൾ നേടിയവർ, അപ്രന്റീസ്ഷിപ്/ ഇന്റേൺഷിപ് പൂർത്തിയാക്കിയവർ, എട്ടു ലക്ഷത്തിന് മുകളിൽ വാർഷിക വരുമാനമുള്ളവർ മുതലായ വിഭാഗങ്ങളിൽപെടുന്നവർ അപേക്ഷിക്കാൻ അർഹരല്ല.
ഒ.എൻ.ജി.സി, ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഗെയിൽ ഇന്ത്യ, ഓയിൽ ഇന്ത്യ, ഹിന്ദുസ്ഥാൻ പെട്രോളിയം, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ്, കാൾ ഇന്ത്യ, കൊച്ചിൻ ഷിപ്യാർഡ്, എൽ.ഐ.സി ഹൗസിങ് ഫിനാൻസ്, ഇന്ത്യൻ റെയർ എർത്ത്, ഹിന്ദുസ്ഥാൻ യൂനിലിവർ, റിലയൻസ്, ടാറ്റാ കൺസൽട്ടൻസി, എച്ച്.ഡി.എഫ്.സി ബാങ്ക്, ഇൻഫോസിസ്, ടാറ്റാ സ്റ്റീൽ, ഐ.സി.ഐ.സി.ഐ ബാങ്ക്, വിപ്രോ, ആക്സിസ് ബാങ്ക്, മാരുതി സുസുകി, ടൈറ്റാൻ, ബ്രിട്ടാനിയ, സൺഫാർമ, ഫെഡറൽ ബാങ്ക്, സീമെൻസ്, ഗൂഗ്ൾ ഐ.ടി സർവിസസ്, ടാറ്റാ മോട്ടോഴ്സ്, എക്സൈഡ്, ടി.വി.എസ്, അപ്പോളോ ടയേഴ്സ്, വോൾട്ടാസ്, മലബാർ ഗോൾഡ്, കൊടക് സെക്യൂരിറ്റീസ്, അദാനി പവർ ലിമിറ്റഡ്, ഫിയറ്റ്, മെഴ്സിഡെസ് ബെൻസ് അടക്കം 500 പ്രമുഖ കമ്പനികളാണ് തൊഴിൽ പരിശീലനത്തിന് അവസരമൊരുക്കുന്നത്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.pminternship.mca.gov.inൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.