എസ്.ബി.ഐയിൽ ജൂനിയർ അസോസിയേറ്റ്സ്; ഒഴിവുകൾ 8383
text_fieldsസ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വിവിധ സർക്കിൾ/സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ ബ്രാഞ്ചുകളിലേക്ക് ക്ലറിക്കൽ കേഡറിൽ ജൂനിയർ അസോസിയേറ്റ്സ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയിൽസ്) തസ്തികയിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. ആകെ 8283 ഒഴിവുകൾ. തിരുവനന്തപുരം സർക്കിളിന്റെ പരിധിയിൽപെടുന്ന കേരളത്തിലെ എസ്.ബി.ഐ ബ്രാഞ്ചുകളിൽ 47 ഒഴിവുകളും ലക്ഷദ്വീപിൽ മൂന്ന് ഒഴിവുമാണുള്ളത്.
വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.sbi.co.in/careers/current-openings ലിങ്കിൽനിന്നും ഡൗൺലോഡ് ചെയ്യാം. ഓരോ സർക്കിൾ/സംസ്ഥാന/കേന്ദ്രഭരണ പ്രദേശത്തുമുള്ള ഒഴിവുകൾ (സംവരണം ഉൾപ്പെടെ) വിജ്ഞാപനത്തിലുണ്ട്. ഭാരത പൗരന്മാർക്ക് അപേക്ഷിക്കാം. പ്രാദേശിക ഭാഷാപരിജ്ഞാനമുണ്ടായിരിക്കണം.
യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനിൽ അംഗീകൃത സർവകലാശാല ബിരുദം. 2023 ഡിസംബർ 31നകം യോഗ്യത തെളിയിക്കാൻ കഴിയുന്നവർക്കും അപേക്ഷിക്കാം. പ്രായപരിധി 20-28. പട്ടികജാതി-വർഗക്കാർക്ക് അഞ്ചു വർഷം. ഒ.ബി.സി നോൺ ക്രീമിലെയർ വിഭാഗത്തിന് മൂന്നു വർഷം, ഭിന്നശേഷിക്കാർക്ക് (PWBD) 10 വർഷം, വിമുക്തഭടന്മാർക്കും വിധവകൾക്കും മറ്റും ചട്ടപ്രകാരവും പ്രായപരിധിയിൽ ഇളവുണ്ട്.
അപേക്ഷാഫീസ് 750 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യൂ.ബി.ഡി/വിമുക്തഭടന്മാർ വിഭാഗങ്ങളിൽപെടുന്നവർക്ക് ഫീസില്ല. നിർദേശാനുസരണം ഓൺലൈനായി ഡിസംബർ ഏഴുവരെ അപേക്ഷിക്കാം.
പ്രിലിമിനറി, മെയിൻ പരീക്ഷകളുടെയും ലോക്കൽ ലാംഗ്വേജ് ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് സെലക്ഷൻ. ഓൺലൈൻ പ്രിലിമിനറി പരീക്ഷ ജനുവരിയിൽ നടത്തും.
കേരളത്തിൽ ആലപ്പുഴ, ഇടുക്കി, കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂർ എന്നിവയും ലക്ഷദ്വീപിൽ കവരത്തിയും പരീക്ഷാകേന്ദ്രങ്ങളാണ്. പ്രിലിമിനറിയിൽ യോഗ്യത നേടുന്നവരെ ഫെബ്രുവരിയിൽ നടത്തുന്ന മെയിൻ പരീക്ഷക്ക് ക്ഷണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.