കെ.എ.എസ് ഉത്തരക്കടലാസ് പുനഃപരിശോധന സമയം കുറച്ചു
text_fieldsതിരുവനന്തപുരം: കെ.എ.എസ് പ്രാഥമിക പരീക്ഷയുടെ ഉത്തരക്കടലാസ് പുനഃപരിശോധനക്കും പകർപ്പ് ലഭ്യമാക്കാനുമുള്ള സമയപരിധി പി.എസ്.സി വെട്ടിക്കുറച്ചു. 45 ദിവസം അനുവദിക്കുന്ന നടപടിക്ക് കെ.എ.എസിന് മാത്രം 15 ദിവസമാണ് നൽകിയത്. പ്രാഥമിക പരീക്ഷാ ഫലപ്രഖ്യാപനത്തിനുശേഷം പി.എസ്.സി പുറത്തിറക്കിയ റാങ്ക് പട്ടികകളിലെല്ലാം ഉത്തരക്കടലാസ് പരിശോധിക്കുന്നതിന് 45 ദിവസത്തെ സമയം അനുവദിച്ചപ്പോഴാണ് ഇത്. ഇതോടെ കെ.എ.എസിെൻറ ഉത്തരക്കടലാസ് പുനഃപരിശോധനക്കും പകർപ്പ് ലഭ്യമാക്കലിനുമുള്ള സമയപരിധി സെപ്റ്റംബർ ഒമ്പതിന് അവസാനിക്കും.
ഒ.എം.ആർ ഷീറ്റിെൻറ ഗുണനിലവാരമില്ലായ്മയെ തുടർന്ന് ഉത്തരക്കടലാസുകൾ മെഷീൻ കൂട്ടത്തോടെ പുറന്തള്ളിയിരുന്നു. മെഷീനിന് പരിശോധിക്കാൻ കഴിയാത്ത 17,000ത്തോളം ഉത്തരക്കടലാസുകൾ ജീവനക്കാരാണ് മൂല്യനിർണയം നടത്തിയത്. ഈ സാഹചര്യത്തിൽ ഉത്തരക്കടലാസുകൾ പരിശോധിക്കാനും പകർപ്പ് ലഭ്യമാക്കാനും 45 ദിവസത്തെ സമയം അനുവദിക്കണമെന്ന് ഉദ്യോഗാർഥികൾ ആവശ്യപ്പെടുന്നു.
കഴിഞ്ഞമാസം 26നാണ് കെ.എ.എസ് ഒന്നാം സ്ട്രീമിലേക്കും രണ്ടാം സ്ട്രീമിലേക്കുമുള്ള പ്രാഥമിക പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചത്. ഫലം അന്നുതന്നെ പി.എസ്.സി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. മാർക്കുകൾ ശരിയാണോയെന്ന് പരിശോധിക്കുന്നതിന് 85 രൂപയും ഉത്തരക്കടലാസ് പകർപ്പിന് ഒരു പേപ്പറിന് 335 രൂപയാണ് ഈടാക്കുന്നത്. പണം ട്രഷറിയിലടച്ച് ചലാൻ സഹിതമാണ് അപേക്ഷിക്കേണ്ടത്. ഓണാവധിയും കോവിഡ് നിയന്ത്രണങ്ങളും ഉള്ളതിനാൽ പണം അടയ്ക്കാനും അപേക്ഷ നൽകാനും ബുദ്ധിമുട്ടുണ്ടെന്ന് ഉദ്യോഗാർഥികൾ പറയുന്നു. എന്നാൽ, പ്രാഥമിക പരീക്ഷ ഫലമായതിനാലാണ് 15 ദിവസത്തെ സമയം അനുവദിച്ചതെന്നും അന്തിമ റാങ്ക് പട്ടികയിൽ 45 ദിവസത്തെ പുനഃപരിശോധന സമയം അനുവദിക്കുമെന്നും പി.എസ്.സി അധികൃതർ അറിയിച്ചു. സ്ട്രീം ഒന്നിൽ 2160 പേരെയും സ്ട്രീം രണ്ടിൽ 1048 പേരെയുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മെയിൻ പരീക്ഷ നവംബർ 20, 21 തീയതികളിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലകളിലായി നടത്താനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.