കെ.എ.എസ്: വിജ്ഞാപനം ഈ വർഷവുമില്ല
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തിന്റെ സ്വന്തം സിവിൽ സർവിസ് എന്ന വിശേഷണവുമായി പിണറായി സർക്കാർ അവതരിപ്പിച്ച കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസ് വിജ്ഞാപനം ഈ വർഷവും പുറത്തിറങ്ങില്ല. വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പി.എസ്.സി തയാറാണെങ്കിലും പുതിയ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ സർക്കാർ തയാറാകാത്തതും കെ.എ.എസ് സ്പെഷൽ റൂൾസിലെ അപാകത പരിഹരിക്കാൻ കഴിയാത്തതുമാണ് ഉദ്യോഗാർഥികൾക്ക് തിരിച്ചടിയായത്. ഭരണ നിർവഹണം കാര്യക്ഷമമാക്കാൻ പുതിയതലമുറ ഉദ്യോഗസ്ഥരെ സൃഷ്ടിക്കുക എന്ന ലക്ഷ്യവുമായാണ് ഒന്നാം പിണറായി സർക്കാർ കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസ് (കെ.എ.എസ്) പ്രഖ്യാപിച്ചത്.
2019 നവംബർ ഒന്നിനാണ് ആദ്യ വിജ്ഞാപനം പി.എസ്.സി പുറത്തിറക്കിയത്. രണ്ടുവർഷത്തിലൊരിക്കൽ വിജ്ഞാപനം പ്രസിദ്ധീകരിക്കുമെന്നായിരുന്നു വ്യവസ്ഥകളിൽ വ്യക്തമാക്കിയിരുന്നത്. ഇതുപ്രകാരം 2021ലാണ് രണ്ടാം വിജ്ഞാപനം പുറത്തിറക്കേണ്ടിയിരുന്നത്. പക്ഷേ, കോവിഡിനെ തുടർന്ന് 2021 ഒക്ടോബർ എട്ടിനായിരുന്നു ആദ്യ റാങ്ക് ലിസ്റ്റ് പി.എസ്.സിക്ക് പുറത്തിറക്കാനായത്. ആദ്യ കെ.എ.എസിലേക്ക് 105 തസ്തികയാണ് കണ്ടെത്തിയതെങ്കിലും മൂന്നുവർഷം പൂർത്തിയായിട്ടും പുതിയ ഒഴിവുകൾ സൃഷ്ടിക്കാനായിട്ടില്ല.
ഒരു വർഷമാണ് ലിസ്റ്റിന്റെ കാലാവധി. നിലവിലെ റാങ്ക് ലിസ്റ്റിന്റെ കാലാവധി ഒക്ടോബർ ഏഴിന് അവസാനിച്ചിരുന്നു. ഡിസംബറിലും പുതിയ വിജ്ഞാപനം പുറത്തിറക്കാൻ കഴിയാതെ വന്നതോടെ ഈ വർഷം പ്രായപരിധി അവസാനിക്കുന്ന ആയിരക്കണക്കിന് ഉദ്യോഗാർഥികൾക്ക് അവസരം നഷ്ടമാകും.
ആദ്യ ബാച്ചിലേക്ക് സര്‍ക്കാര്‍ മാറ്റിവെച്ച 105 തസ്തികകളില്‍ ചിലത് മൂന്നാം ഗസറ്റഡ് തസ്തികയാണെന്ന് കണ്ടെത്തിയതിനെ തുടർന്നുള്ള അപാകത ഏറെ സമയമെടുത്താണ് പരിഹരിച്ചത്.
തസ്തികയും ശമ്പളവും നിശ്ചയിച്ചതിൽ വീണ്ടും പിശക് പറ്റി. അതു വിശദമായി പരിശോധിച്ച് വിശേഷാല്‍ചട്ടം അന്തിമമാക്കുന്നതിന് കഴിഞ്ഞ ജൂലൈ 13ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉന്നതല സമിതി രൂപവത്കരിച്ച് പൊതുഭരണവകുപ്പ് ഉത്തരവിറക്കിയിരുന്നു. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമേ പുതിയ തസ്തികകള്‍ നിര്‍ണയിക്കാനാകൂ. ഉന്നതതല സമിതിയാകട്ടെ ഇതുവരെ പരിശോധന ആരംഭിച്ചിട്ടില്ലെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.