സംസ്ഥാനത്ത് നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ് നടത്തും. കെ.എസ്.യു സംസ്ഥാന കമ്മിറ്റിയാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്.
കെ.എസ്.യു സെക്രട്ടേറിയേറ്റ് മാർച്ചിലെ സംഘർഷത്തെ തുടർന്ന് നേതാക്കൾ ഉൾപ്പടെയുള്ളവരെ റിമാന്റ് ചെയ്ത സാഹചര്യത്തിലാണ് സംസ്ഥാന കമ്മിറ്റി ബന്ദിന് ആഹ്വാനം ചെയ്തത്. സർവകലാശാലകളെ കമ്മ്യൂണിസ്റ്റ്‍വത്കരിക്കുന്നതിന് എതിരെയാണ് കെ.എസ്.യു സെക്രട്ടേറിയറ്റ് മാർച്ച് സംഘടിപ്പിച്ചത്. മാർച്ച് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.
കല്ലെറിഞ്ഞ സമരക്കാർക്ക് നേരെ പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സമരം ഉദ്ഘാടനം ചെയ്തു മടങ്ങിയതിനു പിന്നാലെ ഉണ്ടായ സംഘർഷം ഒരുമണിക്കൂറോളം നീണ്ടു. സംഘർഷത്തിനൊടുവിൽ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ഉൾപ്പെടെ 10 പേരെ റിമാൻഡ് ചെയ്തു.
മുദ്രാവാക്യം വിളിച്ചെത്തിയ പ്രവർത്തകർ പൊലീസ് ബാരിക്കേഡുകൾ മറിച്ചിട്ട് സെക്രട്ടേറിയറ്റിന് അകത്തേക്ക് കടക്കാൻ ശ്രമിച്ചതോടെയായിരുന്നു സംഘർഷങ്ങളുടെ തുടക്കം. സംഘർഷം മൂർച്ഛിച്ചതോടെ പൊലീസ് മൂന്നുതവണ ജലപീരങ്കി പ്രയോഗിച്ചു. പൊലീസിന് നേരെ പ്രവർത്തകർ കല്ലെറിഞ്ഞു. പിന്നാലെ, പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ചിതറി ഓടിയ പ്രവർത്തകർ വീണ്ടും സംഘടിച്ചു പ്രതിഷേധിച്ചതോടെ പൊലീസ് വീണ്ടും കണ്ണീർവാതകം പ്രയോഗിച്ചു.
ഇതിനിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പ്രവർത്തകനെ ആശുപത്രിയിലേക്ക് മാറ്റി. റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ച പ്രവർത്തകരെ പിന്നീട് അറസ്റ്റ് ചെയ്തു നീക്കി. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ , വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമാസ്, നേതാക്കളായ അരുൺ രാജേന്ദ്രൻ, യദുകൃഷ്ണൻ, വിശാഖ് പത്തിയൂർ, അനന്തനാരായണൻ, എസ്.പി. അതുൽ, ലിവിൻ വേങ്ങൂർ, അനീഷ് എബ്രഹാം, അമൽ എൽദോസ് എന്നിവരാണ് അറസ്റ്റിലായത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.