കുവൈത്ത്: സര്‍ക്കാര്‍ ജീവനക്കാർക്ക് ഫ്ലക്സിബിൾ വർക്കിങ് സമയം ഒക്ടോബർ ഒന്നുമുതൽ
text_fieldsകുവൈത്ത് സിറ്റി: സര്‍ക്കാര്‍ ജീവനക്കാർക്ക് ഫ്ലക്സിബിൾ വർക്കിങ് സമയം ഒക്ടോബർ ഒന്നുമുതൽ ആരംഭിക്കും. പുതിയ നിർദേശപ്രകാരം, രാവിലെ ഏഴു മുതല്‍ ഒമ്പതു മണിയുടെ ഇടയില്‍ ഓഫിസുകള്‍ ആരംഭിക്കും. ഇതിനിടയിൽ സൗകര്യമനുസരിച്ച് ജീവനക്കാർക്ക് ജോലിയിൽ പ്രവേശിക്കാം. തുടര്‍ന്ന് ഔദ്യോഗിക പ്രവൃത്തി സമയം പൂര്‍ത്തിയാക്കുന്നമുറക്ക് ഉച്ചക്ക് ഒന്നര മുതല്‍ മൂന്നര വരെയുള്ള സമയത്ത് ജോലി അവസാനിക്കും. പ്രതിദിനം ഏഴു മണിക്കൂറായിരിക്കും പ്രവൃത്തിസമയം. പ്രവൃത്തിസമയം പരിഷ്കരിക്കാൻ ആഭ്യന്തര മന്ത്രാലയം സമർപ്പിച്ച നിർദേശം സിവിൽ സർവിസ് കൗൺസിൽ അംഗീകരിച്ചതിനെ തുടർന്നാണ് സമയമാറ്റം നിലവിൽ വന്നത്.
രാവിലെ ഏഴു മുതൽ ഉച്ചക്ക് രണ്ടു വരെ, 7.30 മുതൽ 2.30 വരെ, എട്ടു മുതൽ മൂന്നു വരെ, 8.30 മുതൽ 3.30 വരെ എന്നിങ്ങനെയാണ് പുതുതായി പ്രഖ്യാപിച്ച ഫ്ലക്സിബിൾ വർക്കിങ് സമയങ്ങൾ. ജോലി ആരംഭിക്കുമ്പോഴും അവസാനിക്കുമ്പോഴും 30 മിനിറ്റ് ഗ്രേസ് പീരിയഡ് അനുവദിക്കും. ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന സ്ഥലങ്ങളിലും അവശ്യ സര്‍വിസുകളിലെ ജീവനക്കാര്‍ക്കും ജോലിയുടെ സ്വഭാവമനുസരിച്ച് സർക്കാർ കാര്യാലയങ്ങളിലെ മേധാവികള്‍ക്ക് അനുയോജ്യമായ പ്രവൃത്തിസമയം നിർണയിക്കാം. ഞായറാഴ്ച ആരംഭിച്ച് വ്യാഴാഴ്ച അവസാനിക്കുന്ന രീതിയിലാണ് കുവൈത്തിലെ പ്രവൃത്തിദിനങ്ങള്‍. പുതിയ നിയമം വരുന്നതിലൂടെ തൊഴിലാളികൾക്ക് സംതൃപ്തിയോടെ ജോലി ചെയ്യാനാകുമെന്നും അതുവഴി ഉൽപാദനക്ഷമത വർധിക്കുകയും ചെയ്യുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. നിലവിലെ ഗതാഗതപ്രശ്നത്തിന് പരിഹാരമുണ്ടാകുമെന്നും കണക്കുകൂട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.