കോൾ ഇന്ത്യയിൽ മാനേജ്മെന്റ് ട്രെയിനികളാവാം
text_fieldsകേന്ദ്ര പൊതുമേഖലയിലെ മഹാരത്ന കമ്പനിയായ കോൾ ഇന്ത്യ ലിമിറ്റഡ് ഊർജസ്വലരായ യുവ എൻജിനീയറിങ് ബിരുദക്കാരെ മാനേജ്മെന്റ് ട്രെയിനികളായി (ഇ-2 ഗ്രേഡ്) തിരഞ്ഞെടുക്കുന്നു. ‘ഗേറ്റ്-2024’ സ്കോർ അടിസ്ഥാനത്തിലാണ് സെലക്ഷൻ. വിവിധ വിഷയങ്ങളിലായി 640 ഒഴിവുകളുണ്ട് (മൈനിങ് 263, സിവിൽ 91, ഇലക്ട്രിക്കൽ 102, മെക്കാനിക്കൽ 104, സിസ്റ്റം 41, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ 39). വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.coalindia.in/careerൽ ലഭിക്കും. (പരസ്യനമ്പർ 04/2024). ഓൺലൈനായി നവംബർ 28 വൈകീട്ട് ആറുമണി വരെ അപേക്ഷിക്കാം.
യോഗ്യത: ബന്ധപ്പെട്ട ബ്രാഞ്ചിൽ 60 ശതമാനം മാർക്കിൽ/തത്തുല്യ സി.ജി.പി.എയിൽ കുറയാതെ ബി.ഇ/ബി.ടെക് ബിരുദം. സിസ്റ്റം ഡിസിപ്ലിനിലേക്ക് ഒന്നാം ക്ലാസ് ബിരുദവും എം.സി.എയും ഉള്ളവരെയും പരിഗണിക്കും. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ബി.ഡി വിഭാഗങ്ങളിൽ പെടുന്നവർക്ക് 55 ശതമാനം മാർക്ക് മതിയാകും. അവസാനവർഷ/സെമസ്റ്റർ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഗേറ്റ്-2024 പരീക്ഷയിൽ ഉയർന്ന സ്കോർ ഉള്ളവർക്കാണ് അവസരം. പ്രായപരിധി 30 വയസ്സ്. നിയമാനുസൃത വയസ്സിളവുണ്ട്.
അപേക്ഷാഫീസ് 1180 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ബി.ഡി/കോൾ ഇന്ത്യ ജീവനക്കാർ വിഭാഗങ്ങളിൽപെടുന്നവർക്ക് ഫീസില്ല. സെലക്ഷൻ: ഗേറ്റ്-2024 സ്കോർ അടിസ്ഥാനത്തിൽ മെറിറ്റ് ലിസ്റ്റ് തയാറാക്കി സർട്ടിഫിക്കറ്റ്, വൈദ്യപരിശോധനകൾ നടത്തിയാണ് തിരഞ്ഞെടുപ്പ്.
യോഗ്യതാ പരീക്ഷയുടെ മാർക്കും പരിഗണിക്കും. തിരഞ്ഞെടുക്കപ്പെടുന്നവരുടെ ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും. മാനേജ്മെന്റ് ട്രെയിനികളായി തിരഞ്ഞെടുക്കപ്പെടുന്നവരെ 50,000-1,60,000 രൂപ ശമ്പളനിരക്കിൽ നിയമിക്കും.
ഒരുവർഷത്തെ പരിശീലനം പൂർത്തിയാകുന്ന മുറക്ക് ഇ-3 ഗ്രേഡിൽ 60,000-1,80,000 രൂപ ശമ്പളനിരക്കിൽ എൻജിനീയറായി നിയമിക്കുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.