മെഡി. കമീഷൻ തീരുമാനം: 1175 സ്വാശ്രയ എം.ബി.ബി.എസ് സീറ്റുകളിൽ ഗവ. കോളജ് ഫീസിന് വഴിയൊരുക്കും
text_fieldsതിരുവനന്തപുരം: കൽപിത സർവകലാശാലകൾ ഉൾപ്പെടെ സ്വകാര്യ മെഡിക്കൽ കോളജുകളിലെ 50 ശതമാനം ബിരുദ, ബിരുദാനന്തര സീറ്റുകളിലെ ഫീസ് സർക്കാർ മെഡിക്കൽ കോളജുകളിലേതിന് തുല്യമാക്കാനുള്ള ദേശീയ മെഡിക്കൽ കമീഷൻ തീരുമാനം സംസ്ഥാനത്തെ മെഡിക്കൽ ഫീസ് ഘടനയിൽ മാറ്റം വരുത്തും.
2017 -18 മുതൽ സംസ്ഥാനത്ത് നടപ്പാക്കിയ ഏകീകൃത ഫീസ് ഘടന ഇതോടെ അവസാനിപ്പിക്കേണ്ടിവരും. സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകളിൽ 50 ശതമാനം സീറ്റിൽ സർക്കാർ മെഡിക്കൽ കോളജുകളിലേതിന് തുല്യമായ ഫീസിലും 50 ശതമാനത്തിൽ ഫീസ് നിർണയസമിതി നിശ്ചയിക്കുന്ന ഘടനയിലുള്ള ഫീസിലും പ്രവേശനം നടത്തേണ്ടിവരും. തീരുമാനം നടപ്പായാൽ സംസ്ഥാനത്തെ 19 സ്വാശ്രയ മെഡിക്കൽ കോളജുകളിലെ 1175 സീറ്റുകളിൽ സർക്കാർ മെഡിക്കൽ കോളജുകളിലെ ഫീസിൽ പഠിക്കാൻ വഴിയൊരുങ്ങും. സ്വകാര്യ മെഡിക്കൽ കോളജുകളിൽ സർക്കാർ ക്വോട്ട സീറ്റുകളിൽ അലോട്ട്മെൻറ് ലഭിക്കുന്നവർക്കായിരിക്കും കുറഞ്ഞ ഫീസിന്റെ ആനുകൂല്യം. സർക്കാർ ക്വോട്ട സീറ്റുകൾ 50 ശതമാനത്തിൽ കുറവുള്ള കോളജുകളിൽ അവശേഷിക്കുന്ന എണ്ണം കുട്ടികളെ തെരഞ്ഞെടുക്കേണ്ടത് പൂർണമായും മെറിറ്റ് അടിസ്ഥാനത്തിലായിരിക്കണം. വിദ്യാർഥികളിൽനിന്ന് ഒരുതരത്തിലുമുള്ള തലവരിപ്പണം വാങ്ങാൻ പാടില്ലെന്നും കമീഷൻ നിർദേശിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിൽ നിലവിൽ 27580 രൂപയാണ് വാർഷിക ഫീസ്. എന്നാൽ, സ്വാശ്രയ മെഡിക്കൽ കോളജുകളിൽ 85 ശതമാനം സീറ്റിൽ 6.61 ലക്ഷം മുതൽ 7.65 ലക്ഷം രൂപവരെയാണ് ഫീസ്. എൻ.ആർ.ഐ ക്വോട്ടയിൽ 20 ലക്ഷം രൂപയും ഫീസുണ്ട്. മെഡിക്കൽ കമീഷൻ തീരുമാനം നടപ്പാകുന്നത് മുതൽ 50 ശതമാനം സീറ്റിൽ സർക്കാർ കോളജിലെ ഫീസും 35 ശതമാനം സീറ്റിൽ കോളജിന്റെ പ്രവർത്തന ചെലവ് ഉൾപ്പെടെ പരിഗണിച്ച് ഫീസ് നിർണയസമിതി നിശ്ചയിക്കുന്ന ഫീസും 15 ശതമാനത്തിൽ എൻ.ആർ.ഐ ഫീസുമായിരിക്കും. സ്വാശ്രയ മെഡിക്കൽ കോളജുകളിൽ ഏകീകൃത ഫീസ് ഘടന നിലവിൽ വന്നതോടെ മെറിറ്റുള്ള നിർധന വിദ്യാർഥികൾക്ക് ഇവിടെ ചേർന്ന് പഠിക്കാനുള്ള അവസരം നഷ്ടമായിരുന്നു. ഈ വിദ്യാർഥികൾ സർക്കാർ മെഡിക്കൽ കോളജുകളിൽ പ്രവേശനം ലഭിച്ചില്ലെങ്കിൽ സർക്കാർ ഡെൻറൽ കോളജുകളിൽ ചേർന്ന് പഠിക്കുന്ന സാഹചര്യമായിരുന്നു.
മെറിറ്റിൽ ഇവരെക്കാൾ പിറകിൽ നിൽക്കുന്നവർ സ്വാശ്രയ മെഡിക്കൽ കോളജുകളിൽ ചേർന്ന് പഠിക്കുന്ന സാഹചര്യവുമുണ്ടായിരുന്നു. ഇതിന് പരിഹാരമായി മികച്ച കുട്ടികളെ മെഡിക്കൽ വിദ്യാഭ്യാസത്തിൽ ഉറപ്പിച്ചുനിർത്താനും തീരുമാനം വഴിവെക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ, മെറിറ്റിനൊപ്പം വിദ്യാർഥികളുടെ സാമൂഹിക, സാമ്പത്തിക പിന്നാക്കാവസ്ഥകൂടി പ്രവേശനത്തിന് കമീഷൻ പരിഗണിച്ചില്ല. 2016 -17 അധ്യയനവർഷം വരെ സംസ്ഥാനത്ത് 50 ശതമാനം സീറ്റിൽ കുറഞ്ഞ ഫീസിലായിരുന്നു സ്വാശ്രയ മെഡിക്കൽ പ്രവേശനം. ഇതിൽ പകുതി സീറ്റിൽ സർക്കാർ കോളജുകളിലെ ഫീസും അവശേഷിക്കുന്നതിൽ അൽപം ഉയർന്ന ഫീസുമായിരുന്നു. 50 ശതമാനം സീറ്റിൽ പ്രവേശനാധികാരം മാനേജ്മെൻറുകൾക്കായിരുന്നു. ഇതിലേക്ക് സർക്കാർ ഫീസ് നിശ്ചയിച്ച് നൽകാറുണ്ടായിരുന്നെങ്കിലും ഫീസിന് പുറമെ തലവരിപ്പണവും വ്യാപകമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.