മെഡിക്കൽ/എൻജിനീയറിങ് പ്രവേശനം: അപേക്ഷ സമർപ്പണം ബുധനാഴ്ച തുടങ്ങും
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ/ എൻജിനീയറിങ് കോഴ്സുകളിൽ പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പണം ഏപ്രിൽ ആറിന് തുടങ്ങും. ഫീസ് അടയ്ക്കാനും അപേക്ഷ സമർപ്പിക്കാനുമുള്ള അവസാന തീയതി ഏപ്രിൽ 30ന് വൈകീട്ട് അഞ്ചു വരെയാണ്. രേഖകൾ ഓൺലൈനായി സമർപ്പിക്കാനുള്ള അവസാന തീയതി മേയ് 10.
എൻജിനീയറിങ്/ഫാർമസി പ്രവേശന പരീക്ഷക്കുള്ള അഡ്മിറ്റ് കാർഡ് ജൂൺ 10 മുതൽ ഡൗൺലോഡ് ചെയ്യാം. ജൂൺ 26ന് രാവിലെ 10 മുതൽ 12.30 വരെ പേപ്പർ ഒന്ന്-ഫിസിക്സ്, കെമിസ്ട്രി പരീക്ഷയും ഉച്ചക്കു ശേഷം 2.30 മുതൽ അഞ്ചു വരെ പേപ്പർ രണ്ട് -മാത്തമാറ്റിക്സും നടക്കും. കേരളത്തിനു പുറമെ മുംബൈ, ഡൽഹി, ദുബൈ എന്നിവിടങ്ങളിലും പരീക്ഷ കേന്ദ്രമുണ്ടാകും. ജൂലൈ 25നോ അതിന് മുമ്പോ ഫലം പ്രസിദ്ധീകരിക്കും. റാങ്ക് പട്ടിക ആഗസ്റ്റ് 15നകം പ്രസിദ്ധീകരിക്കും. മെഡിക്കൽ, അനുബന്ധ കോഴ്സുകളിൽ പ്രവേശനം നീറ്റ്-യു.ജി പരീക്ഷയും ആർക്കിടെക്ചർ കോഴ്സിലേക്ക് ദേശീയ അഭിരുചി പരീക്ഷയായ 'നാറ്റ'യും അടിസ്ഥാനപ്പെടുത്തിയായിരിക്കും.
അപേക്ഷ ഫീസ്: എൻജിനീയറിങ്/ഫാർമസി പ്രവേശനത്തിന് ജനറൽ വിഭാഗത്തിന് 700 രൂപയും എസ്.സി വിഭാഗത്തിന് 300 രൂപയും. ആർക്കിടെക്ചർ/ മെഡിക്കൽ, അനുബന്ധ കോഴ്സുകൾക്ക് ജനറൽ വിഭാഗത്തിന് 500 രൂപയും എസ്.സി വിഭാഗത്തിന് 200 രൂപയും. മുഴുവൻ സ്ട്രീമിലേക്കും ഒന്നിച്ച് അപേക്ഷിക്കാൻ ജനറൽ വിഭാഗത്തിന് 900 രൂപയും എസ്.സി വിഭാഗത്തിന് 400 രൂപയും. എസ്.ടി വിഭാഗത്തിന് ഫീസില്ല. ദുബൈ പരീക്ഷ കേന്ദ്രം തെരഞ്ഞെടുക്കുന്നവർ 12,000 രൂപ അധികമായി ഓൺലൈനായി അടയ്ക്കണം.
കോഴ്സുകൾ: എൻജിനീയറിങ് (ബി.ടെക്): കാർഷിക സർവകലാശാല, വെറ്ററിനറി, ഫിഷറീസ് സർവകലാശാലകൾക്ക് കീഴിലുള്ള വിവിധ ബി.ടെക് കോഴ്സുകൾ ഉൾപ്പെടെയുള്ള മുഴുവൻ എൻജിനീയറിങ് ബിരുദ കോഴ്സുകൾ.
ആർക്കിടെക്ചർ -ബി.ആർക്.
മെഡിക്കൽ കോഴ്സുകൾ: എം.ബി.ബി.ബി.എസ്, ബി.ഡി.എസ്, ആയുർവേദ (ബി.എ.എം.എസ്), ഹോമിയോപ്പതി (ബി.എച്ച്.എം.എസ്), സിദ്ധ (ബി.എസ്.എം.എസ്), യൂനാനി (ബി.യു.എം.എസ്).
മെഡിക്കൽ അനുബന്ധ കോഴ്സുകൾ: ബി.എസ്സി.(ഓണേഴ്സ്) അഗ്രികൾച്ചർ, ബി.എസ്സി.(ഓണേഴ്സ്) ഫോറസ്ട്രി, ബി.എസ്സി.(ഓണേഴ്സ്), വെറ്ററിനറി (ബി.വി.എസ്സി ആൻഡ് എ.എച്ച്), ഫിഷറീസ് (ബി.എഫ്.എസ്സി), കോ-ഓപറേഷൻ ആൻഡ് ബാങ്കിങ്, ബി.എസ്സി(ഓണേഴ്സ്) ക്ലൈമറ്റ് ചെയ്ഞ്ച് എൻവയൺമെൻറൽ സയൻസ്,
ഫാർമസി -ബി.ഫാം. അപേക്ഷ സമർപ്പണത്തിന് അഞ്ച് ഘട്ടം
www.cee.kerala.gov.in വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പണം നടത്താം. അപേക്ഷാർഥിയുടെ പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ് (എല്ലാം ജെ.പി.ജി ഫോർമാറ്റിൽ), ഇ-മെയിൽ വിലാസം, മൊബൈൽ ഫോൺ നമ്പർ എന്നിവ ഇതിനാവശ്യമാണ്. അഞ്ച് ഘട്ടമായാണ് അപേക്ഷ സമർപ്പണം പൂർത്തിയാക്കേണ്ടത്.
അപേക്ഷാർഥിയുടെ പേര്, ജനന തീയതി, ഇ-മെയിൽ വിലാസം, മൊബൈൽ നമ്പർ, പാസ്വേഡ്, ആക്സസ് കോഡ് എന്നിവ നൽകി രജിസ്ട്രേഷൻ പൂർത്തിയാക്കുക. ഈ ഘട്ടത്തിൽ ലഭിക്കുന്ന അപേക്ഷ നമ്പർ പിന്നീടുള്ള ആവശ്യങ്ങൾക്കായി രേഖപ്പെടുത്തി സൂക്ഷിക്കുക.
അപേക്ഷയിൽ ആവശ്യപ്പെട്ട വിവരങ്ങൾ കൃത്യമായി ഈ ഘട്ടത്തിൽ നൽകണം. എൻജിനീയറിങ്, ആർക്കിടെക്ചർ, ബി.ഫാം, മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്സുകൾ എന്നിവയെല്ലാം ഒരു അപേക്ഷയിൽ തെരഞ്ഞെടുക്കാം. സാമുദായിക സംവരണം (എസ്.സി/എസ്.ടി/ഒ.ഇ.സി/എസ്.ഇ.ബി.സി വിഭാഗങ്ങൾ), ഭിന്നശേഷി സംവരണം, പ്രത്യേക സംവരണം എന്നിവ ആവശ്യമുള്ളവർ ഓൺലൈൻ അപേക്ഷയിൽ നിശ്ചിത സ്ഥാനത്ത് രേഖപ്പെടുത്തണം. വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തിയെന്ന് പരിശോധിച്ച് ഫൈനൽ സബ്മിഷൻ നടത്തണം.
അപേക്ഷ ഫീസ് അടയ്ക്കലാണ് ഈ ഘട്ടം. ഓൺലൈനായോ വെബ്സൈറ്റിൽനിന്ന് ലഭിക്കുന്ന ഇ-ചെലാൻ മുഖേന പോസ്റ്റോഫിസ് ശാഖകൾ വഴിയോ ഫീസടയ്ക്കാം. അപേക്ഷാർഥിയുടെ പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ്, ആവശ്യമായ അനുബന്ധ രേഖകൾ എന്നിവ നിർദേശങ്ങൾക്കനുസൃതമായി അപ്ലോഡ് ചെയ്യണം. ഓൺലൈൻ അപേക്ഷ സമർപ്പണം പൂർത്തിയാക്കിയ ശേഷം അപേക്ഷ അക്നോളജ്മെന്‍റ് പേജിന്‍റെ പ്രിന്‍റൗട്ട് എടുത്ത് സൂക്ഷിക്കണം. നേറ്റിവിറ്റി തെളിയിക്കുന്നതിനുള്ള രേഖയും ഓൺലൈനായി ഈ ഘട്ടത്തിൽ നിർബന്ധമായും അപ്ലോഡ് ചെയ്യണം.
നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റിൽ പിഴക്കരുത്
സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്ന (എസ്.ഇ.ബി.സി) വിഭാഗത്തിലുള്ളവർ കേരള സർക്കാറിന്‍റെ പഠനാവശ്യത്തിനായുള്ള നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് വില്ലേജ് ഓഫിസറിൽനിന്ന് വാങ്ങി അപ്ലോഡ് ചെയ്യണം. കേന്ദ്രസർക്കാർ ആവശ്യങ്ങൾക്കുള്ളതോ ജോലി സംബന്ധമായ ആവശ്യങ്ങൾക്കുള്ളതോ ആയ സർട്ടിഫിക്കറ്റ് സ്വീകാര്യമല്ല. അപ്ലോഡ് ചെയ്യും മുമ്പ് ഇത് ഉറപ്പാക്കുക. മുൻ വർഷങ്ങളിൽ ഒട്ടേറെ വിദ്യാർഥികൾക്ക് തെറ്റായ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്തത് കാരണം സംവരണം ലഭിക്കാതെ പോയതിനാൽ ഇക്കാര്യങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തണം.
എസ്.സി/ എസ്.ടി വിഭാഗക്കാർ ജാതി സർട്ടിഫിക്കറ്റ് തഹസിൽദാറിൽനിന്ന് വാങ്ങി അപ്ലോഡ് ചെയ്യണം. മറ്റ് അർഹ സമുദായത്തിൽപെട്ട (ഒ.ഇ.സി) വിദ്യാർഥികൾ കേരള സർക്കാറിന്‍റെ പഠനാവശ്യങ്ങൾക്കായി നൽകുന്ന നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് വില്ലേജ് ഓഫിസറിൽനിന്ന് വാങ്ങി അപ്ലോഡ് ചെയ്യണം. നോൺ ക്രീമിലെയർ വിഭാഗത്തിൽ ഉൾപ്പെടാത്ത ഒ.ഇ.സി അപേക്ഷകർ വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്കായി വില്ലേജ് ഓഫിസർ നൽകുന്ന സമുദായ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം.
മൈനോറിറ്റി സംവരണം ആവശ്യമുള്ളവർ ന്യൂനപക്ഷ പദവിയുള്ള സ്വകാര്യ സ്വാശ്രയ കോളജുകളിൽ ന്യൂനപക്ഷ വിഭാഗം വിദ്യാർഥികൾക്കായി സംവരണം ചെയ്ത സീറ്റുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവർ (മുസ്ലിം/ ക്രിസ്ത്യൻ) വില്ലേജ് ഓഫിസിൽ നിന്നുള്ള കമ്യൂണിറ്റി/ മൈനോറിറ്റി സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. അപേക്ഷകന്‍റെ എസ്.എസ്.എൽ.സി/ വിദ്യാഭ്യാസ രേഖയിൽ മതം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് വില്ലേജ് ഓഫിസറിൽനിന്നുള്ള കമ്യൂണിറ്റി/ മൈനോറിറ്റി സർട്ടിഫിക്കറ്റിന് പകരമായി പരിഗണിക്കും. നോൺക്രീമിലെയർ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്തവർ കമ്യൂണിറ്റി സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യേണ്ടതില്ല.
ഭിന്നശേഷി സംവരണം ആവശ്യമുള്ളവർ ഓൺലൈൻ അപേക്ഷയിൽ സൂചിപ്പിക്കുകയും ജില്ല മെഡിക്കൽ ബോർഡ് നൽകിയ നൽകിയ ശാരീരിക വൈകല്യത്തിന്‍റെ തോത് സൂചിപ്പിക്കുന്ന സർട്ടിഫിക്കറ്റ് സംസ്ഥാന മെഡിക്കൽ ബോർഡിനു മുന്നിൽ ഹാജരാക്കുകയും വേണം. ഈ സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യേണ്ടതില്ല.
എസ്.സി/ എസ്.ടി/ഒ.ഇ.സി വിഭാഗക്കാർ ഒഴികെയുള്ള മറ്റ് വിഭാഗക്കാർ (ജനറൽ കാറ്റഗറി ഉൾപ്പെടെ) കുടുംബ വാർഷിക വരുമാനത്തിന്‍റെ അടിസ്ഥാനത്തിലുള്ള ഫീസ് ആനുകൂല്യങ്ങൾ/ സ്കോളർഷിപ് ലഭിക്കാൻ വില്ലേജ് ഓഫിസറിൽനിന്നുള്ള സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സംവരണേതര വിഭാഗത്തിൽ നിന്നുള്ളവർ (ഇ.ഡബ്ല്യു.എസ്) ആനുകൂല്യം ലഭിക്കുന്നതിനായി ഇ.ഡബ്ല്യു.എസ് സർട്ടിഫിക്കറ്റ് വില്ലേജ് ഓഫിസറിൽനിന്ന് വാങ്ങി അപ്ലോഡ് ചെയ്യണം. മിശ്രവിവാഹിതരുടെ മക്കൾക്ക് എസ്.ഇ.ബി.സി/ ഒ.ഇ.സി സംവരണം ആവശ്യമെങ്കിൽ വില്ലേജ് ഓഫിസറിൽനിന്ന് നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് വാങ്ങി അപ്ലോഡ് ചെയ്യണം. ഇവർ എസ്.സി/ എസ്.ടി വിഭാഗത്തിൽ നിന്നുള്ളവരാണെങ്കിൽ ആനുകൂല്യം ലഭിക്കാൻ തഹസിൽദാർ നൽകുന്ന മിശ്രവിവാഹ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം. സർട്ടിഫിക്കറ്റുകളുടെ മാതൃക വെബ്സൈറ്റിൽ പ്രോസ്പെക്ടസിന്‍റെ അനുബന്ധമായി ചേർത്തിട്ടുണ്ട്.
സീറ്റ് വിഹിതവും സംവരണ ശതമാനവും
സ്റ്റേറ്റ് മെറിറ്റ് 50%, ഇ.ഡബ്ല്യു.എസ് 10%, എസ്.ഇ.ബി.സി 30% (ഈഴവ 9%, മുസ്ലിം 8%, മറ്റ് പിന്നാക്ക ഹിന്ദു 3%, ലത്തീൻ കത്തോലിക്ക & ആംഗ്ലോ ഇന്ത്യൻ 3%, ധീവര, അനുബന്ധ സമുദായങ്ങൾ 2%, വിശ്വകർമ, അനുബന്ധ സമുദായങ്ങൾ 2%, കുശവ, അനുബന്ധ സമുദായങ്ങൾ 1%, പിന്നാക്ക ക്രിസ്ത്യൻ 1%, കുടുംബി 1%), എസ്.സി 8%, എസ്.ടി 2%
എൻ.ആർ.ഐ ക്വോട്ട പ്രവേശനം
സ്വകാര്യ സ്വാശ്രയ കോളജുകളിലെ 15 ശതമാനം സീറ്റ് എൻ.ആർ.ഐ വിഭാഗത്തിൽ നിന്നുള്ളവർക്കായിരിക്കും. ഉയർന്ന ഫീസായിരിക്കും ഈ സീറ്റുകളിലേക്ക് ഈടാക്കുക. എൻ.ആർ.ഐ ക്വോട്ടയിലേക്ക് പരിഗണിക്കാൻ അപേക്ഷകനായ വിദ്യാർഥിയും എൻ.ആർ.ഐയായ ബന്ധുവും തമ്മിൽ ഉണ്ടായിരിക്കേണ്ട ബന്ധം, പ്രവേശന പരീക്ഷ കമീഷണർക്ക് സമർപ്പിക്കേണ്ട രേഖകൾ എന്നിവ പ്രോസ്പെക്ടസിൽ വിശദീകരിച്ചിട്ടുണ്ട്.
മെഡിക്കൽ പ്രവേശനത്തിന് 'നീറ്റും' ആർക്കിടെക്ചർ പ്രവേശനത്തിന് 'നാറ്റ'യും
കേരളത്തിൽ മെഡിക്കൽ, ഡെന്‍റൽ, അനുബന്ധ കോഴ്സുകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) നടത്തുന്ന നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്-യു.ജി) പരീക്ഷ എഴുതി യോഗ്യത നേടണം. ഈ വിദ്യാർഥികൾ നീറ്റ് പരീക്ഷക്ക് അപേക്ഷിക്കുന്നതോടൊപ്പം കേരളത്തിലെ പ്രവേശന നടപടികളിൽ പങ്കെടുക്കാൻ പ്രവേശന പരീക്ഷ കമീഷണർക്ക് അപേക്ഷ സമർപ്പിക്കണം. നീറ്റ് പരീക്ഷ തീയതി ഉൾപ്പെടെയുള്ള വിജ്ഞാപനം വൈകാതെ www.nta.ac.in, www.neet.nta.nic.in വെബ്സൈറ്റുകളിൽ ലഭ്യമാകും. നീറ്റ് പരീക്ഷയിലെ സ്കോർ പരിഗണിച്ച് സംസ്ഥാന അടിസ്ഥാനത്തിൽ പ്രവേശന പരീക്ഷ കമീഷണർ തയാറാക്കുന്ന റാങ്ക് പട്ടികയിൽനിന്നായിരിക്കും കേരളത്തിലെ മെഡിക്കൽ, ഡെന്‍റൽ, അനുബന്ധ കോഴ്സുകളിൽ പ്രവേശനം നൽകുക. ആർക്കിടെക്ചർ കോഴ്സിൽ പ്രവേശനം ആഗ്രഹിക്കുന്നവർ ആർക്കിടെക്ചർ കൗൺസിൽ നടത്തുന്ന അഭിരുചി പരീക്ഷയായ നാഷനൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ (നാറ്റ) യോഗ്യത നേടിയിരിക്കണം. വിശദാംശങ്ങൾ www.nata.in വെബ്സൈറ്റിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.