സ്കൂളുകളിൽ അധിക തസ്തിക സൃഷ്ടിക്കൽ: ഈ മാസം സർക്കാർ പരിഗണനക്ക് സമർപ്പിക്കുമെന്ന് മന്ത്രി ശിവൻകുട്ടി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ തസ്തിക നിർണയത്തിന്‍റെ അടിസ്ഥാനത്തിൽ അധിക തസ്തിക സൃഷ്ടിക്കാനുള്ള ശിപാർശ ഈ മാസം അവസാനത്തോടെ സർക്കാറിന്‍റെ പരിഗണനക്ക് നൽകാനാകുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഉന്നതതല പരിശോധനക്ക് ശേഷമുള്ള ശിപാർശകൾ ജനുവരി 31നകം പൊതുവിദ്യാഭ്യാസ ഡയറക്ടർ പൊതുവിദ്യാഭ്യാസ വകുപ്പിന് സമർപ്പിച്ചിട്ടുണ്ട്. ധനവകുപ്പിന്‍റെ ഉൾപ്പെടെ അംഗീകാരം ആവശ്യമുണ്ട്.
കുട്ടികൾ വർധിച്ചിട്ടുണ്ടെങ്കിൽ നിയമപ്രകാരമുള്ള അധിക തസ്തികകൾ അനുവദിക്കേണ്ടിവരും. ആർക്കും അതു മറച്ചുവെക്കാനാകില്ല. ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. ചില സ്കൂളുകളിൽ പലതവണ പരിശോധന നടത്തേണ്ടിവന്നതിനാൽ നടപടികൾ വൈകി. 6000 അധിക തസ്തികകൾ വേണ്ടിവരുമെന്നത് അന്തിമ കണക്കല്ല. നടപടികൾ പൂർത്തിയാകുമ്പോൾ മാത്രമേ എത്ര തസ്തിക വേണമെന്ന് പറയാനാകൂവെന്നും മന്ത്രി പറഞ്ഞു.
സ്കൂളുകളിൽ നിയമപ്രകാരമുള്ള അധ്യാപകരെ നിയമിക്കാൻ പണത്തിന്‍റെ പ്രശ്നം നോക്കേണ്ടതില്ല. ആവശ്യമുള്ള തസ്തികയിലേക്ക് നടത്തിയ താൽക്കാലിക നിയമനങ്ങൾക്ക് സർക്കാർതന്നെയാണ് ശമ്പളം നൽകുന്നത്. ഖാദർ കമ്മിറ്റി രണ്ടാം ഭാഗത്തിലെ നിർദേശങ്ങൾ അടുത്ത അധ്യയന വർഷം മുതൽ നടപ്പാക്കുന്നത് പരിഗണനയിലാണ്. ഇതിനായി പ്രാഥമിക കൂടിയാലോചന നടത്തി. സ്കൂൾ ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കുന്നതിൽ സാമ്പത്തിക പ്രയാസം ഉണ്ടായിട്ടുണ്ട്. ഇത്തവണ ബജറ്റിൽ ഇതിനായി കൂടുതൽ തുക അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.