വ്യോമസേനയിൽ ഓഫിസറാകാം
text_fieldsഭാരതീയരായ പുരുഷന്മാർക്കും വനിതകൾക്കും ഇന്ത്യൻ എയർഫോഴ്സിൽ കമീഷൻഡ് ഓഫിസറാകാം. ഫ്ലയിങ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ, നോൺ ടെക്നിക്കൽ) ബ്രാഞ്ചുകളിലായി 276 ഒഴിവുകളുണ്ട്. എയർഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റ് (AFCAT 02/2023)/NCC സ്പെഷൽ എൻട്രി വഴിയാണ് സെലക്ഷൻ. പരിശീലന കോഴ്സുകൾ 2024 ജൂലൈയിൽ ആരംഭിക്കും.
ഹൈദരാബാദിലെ എയർഫോഴ്സ് അക്കാദമിയിൽ ഫ്ലയിങ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ) ബ്രാഞ്ചുകളിൽ 74 ആഴ്ചയും ഗ്രൗണ്ട് ഡ്യൂട്ടി (നോൺ ടെക്നിക്കൽ) ബ്രാഞ്ചുകളിൽ 52 ആഴ്ചയുമാണ് പരിശീലനം. വെപ്പൺ സിസ്റ്റംസ്, അഡ്മിനിസ്ട്രേഷൻ, ലോജിസ്റ്റിക്സ്, അക്കൗണ്ട്സ്, എജുക്കേഷൻ, മീറ്റിയറോളജി എന്നിവ നോൺ ടെക്നിക്കൽ വിഭാഗങ്ങളിൽപെടും.
വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവരെ ഫ്ലയിങ് ഓഫിസർ പദവിയിൽ 56,100-1,77,500 രൂപ ശമ്പളനിരക്കിൽ നിയമിക്കും. പരിശീലനകാലം പ്രതിമാസം 56,100 രൂപ സ്റ്റൈപൻഡ് ലഭിക്കും.
യോഗ്യത: ഫ്ലയിങ് ബ്രാഞ്ചിലേക്ക് 60 ശതമാനം മാർക്കോടെ ബിരുദം. പ്ലസ്ടു തലത്തിൽ ഫിസിക്സ്, മാത്തമാറ്റിക്സ് വിഷയങ്ങൾ പഠിച്ച് 50 ശതമാനം മാർക്കിൽ കുറയാതെ പാസായിരിക്കണം. എൻ.സി.സി എയർവിങ് സി സർട്ടിഫിക്കറ്റുള്ളവർക്ക് എൻ.സി.സി പ്രത്യേക എൻട്രിയിലേക്ക് പരിഗണന ലഭിക്കും.
ഗ്രൗണ്ട് ഡ്യൂട്ടി ടെക്നിക്കൽ വിഭാഗത്തിലേക്ക് ബന്ധപ്പെട്ട ബ്രാഞ്ചിൽ ഫസ്റ്റ് ക്ലാസ് (60 ശതമാനം മാർക്കിൽ കുറയരുത്) എൻജിനീയറിങ് ബിരുദക്കാർക്കാണ് അവസരം. ഗ്രൗണ്ട് ഡ്യൂട്ടി നോൺ ടെക്നിക്കൽ വിഭാഗത്തിൽ വെപ്പൺ സിസ്റ്റംസ്, അഡ്മിനിസ്ട്രേഷൻ, ലോജിസ്റ്റിക്സ് ബ്രാഞ്ചുകളിലേക്ക് 60 ശതമാനം മാർക്കോടെ ബിരുദമെടുത്തിരിക്കണം.
വെപ്പൺ സിസ്റ്റംസ് ബ്രാഞ്ചിൽ പരിഗണിക്കുന്നതിന് പ്ലസ്ടു തലത്തിൽ മാത്തമാറ്റിക്സ്, ഫിസിക്സ് വിഷയങ്ങൾ പഠിച്ചിരിക്കണം. അക്കൗണ്ട്സ് ബ്രാഞ്ചിലേക്ക് 60 ശതമാനം മാർക്കിൽ കുറയാതെ BCom/BBA/CA/CMA/CS/CFA മുതലായ യോഗ്യതയുണ്ടാകണം.
ബന്ധപ്പെട്ട വിഷയത്തിൽ 60 ശതമാനം മാർക്കോടെ മാസ്റ്റേഴ്സ് ബിരുദമുള്ളവർക്ക് എജുക്കേഷൻ ബ്രാഞ്ചിലും ഫിസിക്സ്, മാത്തമാറ്റിക്സ് വിഷയങ്ങളോടെ പ്ലസ്ടു 60 ശതമാനം മാർക്കോടെ വിജയിച്ച് ബി.എസ്സി, ബി.ഇ/ബി.ടെക് ബിരുദമെടുത്തവർക്ക് മീറ്റിയറോളജി ബ്രാഞ്ചിലും അപേക്ഷിക്കാൻ അർഹതയുണ്ട്. പ്രായപരിധി ഫ്ലയിങ് ബ്രാഞ്ചിലേക്ക് 20-24, ഗ്രൗണ്ട് ഡ്യൂട്ടി ടെക്നിക്കൽ/നോൺ ടെക്നിക്കൽ ബ്രാഞ്ചുകളിലേക്ക് 20-26. അപേക്ഷഫീസ് 250 രൂപ.
യോഗ്യത മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളും അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങളും അടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം https://afcat.cdac.in, www. careerindianairforce.cdac.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും. ഓൺലൈനായി ജൂൺ 30ന് വൈകീട്ട് അഞ്ചു വരെ അപേക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.