അസി. ഇൻഫർമേഷൻ ഓഫിസർ തസ്തിക: ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ തിരുകിക്കയറ്റാൻ നടന്നത് ആസൂത്രിത നീക്കം
text_fieldsതിരുവനന്തപുരം: പി.ആർ.ഡിയിൽ അസി. ഇൻഫർമേഷൻ ഓഫിസർ തസ്തികയിലേക്ക് മാധ്യമ പ്രവർത്തന പരിചയമില്ലാത്ത ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ തിരുകിക്കയറ്റാനായി നടന്നത് ആസൂത്രിത നീക്കം. ബിരുദവും രണ്ടുവർഷം മാധ്യമരംഗത്തെ പൂർണസമയ പ്രവർത്തന പരിചയവുമാണ് തസ്തികയിലേക്കുള്ള യോഗ്യത. എന്നാൽ, ബൈ ട്രാൻസ്ഫറിലൂടെ ബിരുദയോഗ്യതയുള്ളവരും പ്രവർത്തന പരിചയമില്ലാത്തവരുമായ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ തിരുകിക്കയറ്റാനാണ് രാഷ്ട്രീയ സംഘടന സ്വാധീനമുപയോഗിച്ച് സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥ ലോബി കളമൊരുക്കിയത്.
വിവാദ നീക്കത്തില്‍ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ഒത്താശ ചെയ്തത് വ്യക്തമാക്കുന്നതാണ് ഇതുസംബന്ധിച്ച യോഗത്തിെൻറ മിനിറ്റ്സ്. തസ്തിക മാറ്റം വഴിയുള്ള നിയമത്തിനായി വകുപ്പിലെ സ്‌പെഷല്‍ റൂൾ പരിഷ്‌കരിക്കുന്നത് സംബന്ധിച്ച് ആലോചിക്കാൻ വകുപ്പ് ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഇതേ രീതിയില്‍ നിയമനത്തിന് ശ്രമിക്കുന്ന ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയും പെങ്കടുത്തു.
2019 മാര്‍ച്ച് 22ന് അന്ന് പി.ആര്‍.ഡി ഡയറക്ടറായിരുന്ന ഇപ്പോഴത്തെ കണ്ണൂര്‍ കലക്ടര്‍ ടി.വി. സുഭാഷിെൻറ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. രണ്ട് അഡീഷനല്‍ ഡയറക്ടര്‍മാര്‍, ഡെപ്യൂട്ടി സെക്രട്ടറി, രണ്ട് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, സെക്ഷന്‍ ഓഫിസര്‍, രണ്ട് ഫോട്ടോഗ്രാഫര്‍മാര്‍ എന്നിവര്‍ക്കൊപ്പമാണ് തസ്തികമാറ്റത്തിലൂടെ നിയമനത്തിനായി ഏറെക്കാലമായി ശ്രമിച്ചുവരുന്ന പാക്കര്‍ തസ്തികയിലുള്ള ജീവനക്കാരിയും പങ്കെടുത്തത്. വകുപ്പുതല സമിതിയില്‍ സെക്രട്ടേറിയറ്റ് ജീവനക്കാരുടെ സംഘടനാ പ്രതിനിധിയെന്ന നിലയിൽ ഇവര്‍ പങ്കെടുെത്തന്നാണ് വിവരം.
സ്വന്തം നിയമനവുമായി ബന്ധപ്പെട്ട തീരുമാനമെടുക്കുന്ന കമ്മിറ്റിയില്‍ ജീവനക്കാരിയെ ഉള്‍പ്പെടുത്തിയതിലും, യോഗത്തില്‍ പങ്കെടുപ്പിച്ചതിലും ഉന്നത ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. അസി. ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ തസ്തികയിലെ അഞ്ചു ശതമാനം ഒഴിവുകളിൽ വകുപ്പിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ തസ്തികമാറ്റം വഴി നിയമിക്കാൻ നീക്കിവെക്കാവുന്നതാണെന്ന് യോഗം വിലയിരുത്തി. നീക്കിെവക്കുന്ന തസ്തികയിലേക്ക് നിശ്ചിത യോഗ്യതയുള്ളവരും വകുപ്പില്‍ കുറഞ്ഞത് അഞ്ചു വര്‍ഷത്തെ സേവനമുള്ളവരുമായ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ പി.എസ്.സി നടത്തുന്ന വകുപ്പുതല പരീക്ഷയിലൂടെ െതരഞ്ഞെടുത്ത് നിയമിക്കുന്നതുസംബന്ധിച്ച് സര്‍ക്കാറിന് ശിപാര്‍ശ സമര്‍പ്പിക്കാന്‍ തീരുമാനിച്ചതായി നടപടിക്കുറിപ്പില്‍ വ്യക്തമാണ്.
ബിരുദധാരികളായ ഓഫിസ് അറ്റന്‍ഡൻറ്, പാക്കര്‍, ബൈന്‍ഡര്‍ തുടങ്ങിയവര്‍ക്ക് മാധ്യമമേഖലയിലെ പ്രവൃത്തിപരിചയം സംബന്ധിച്ച ഏതെങ്കിലും സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തിയാല്‍ തസ്തികമാറ്റം വഴി നിയമിക്കാന്‍ കഴിയുന്ന രീതിയിലുള്ള ശിപാര്‍ശയാണ് സമര്‍പ്പിച്ചത്. വകുപ്പിലെ ഓഫിസ് അറ്റന്‍ഡൻറ്, പാക്കര്‍ തസ്തികകളിലുള്ള സെക്രേട്ടറിയറ്റിലെ പ്രബല സംഘടനയിലെ അംഗങ്ങളായ ചിലര്‍ക്ക് നിയമനം നല്‍കുന്നതിന് ലക്ഷ്യമിട്ട് പി.ആര്‍.ഡി അഡീഷനല്‍ ഡയറക്‌ടർ തസ്തികയില്‍നിന്ന് വിരമിച്ച ചിലരും നിലവിലുള്ള ചില ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്നാണ് നീക്കങ്ങള്‍ നടത്തിയത്. അസി. ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ തസ്തികയില്‍ പി.എസ്.സി പരീക്ഷ എഴുതി ഫലം കാത്തുനില്‍ക്കുന്ന ഉദ്യോഗാർഥികള്‍ ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
എ.െഎ.ഒ തസ്തിക: മുഖ്യമന്ത്രിയുടെ ഓഫിസ് റിപ്പോർട്ട് തേടി
തിരുവനന്തപുരം: ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിലെ പിന്‍വാതില്‍ നിയമനനീക്കത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസ് റിപ്പോര്‍ട്ട് തേടി. യോഗ്യതാ മാനദണ്ഡങ്ങള്‍ അട്ടിമറിച്ച് പി.ആർ.ഡിയിലെ തന്നെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ അസി. ഇന്‍ഫര്‍മേഷന്‍ ഓഫിസറാക്കുന്നത് വിവാദമായതോടെയാണ് സംഭവത്തിൽ പി.ആർ.ഡി ഡയറക്ടറോട് വിശദീകരണം ആവശ്യപ്പെട്ടത്. എന്നാൽ പായ്ക്കര്‍, സ്വീപ്പര്‍, ഓഫിസ് അസിസ്റ്റൻറ് തസ്തികയിലുള്ള, ബിരുദയോഗ്യതയുള്ളവരെ ഇന്‍ഫര്‍മേഷന്‍ ഓഫിസറായി നിയമിക്കാമെന്ന ആലോചന മാത്രമാണ് നടന്നതെന്നും സ്‌പെഷല്‍ റൂള്‍ പരിഷ്കരണത്തിന് മുന്നോടിയായി വകുപ്പിലെ എല്ലാ വിഭാഗം ജീവനക്കാരുടെയും അഭിപ്രായം തേടുമെന്നും പി.ആർ.ഡി ഡയറക്ടർക്കുവേണ്ടി അഡീഷനല്‍ ഡയറക്‌ടർ മറുപടി നൽകി.
വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടതോടെ ഇതുമായി ബന്ധപ്പെട്ട ഫയൽനീക്കം താൽക്കാലികമായി മരവിപ്പിക്കാനാണ് ഉന്നതതലത്തിൽ നിന്നുള്ള നിർദേശം. ബിരുദവും രണ്ടുവര്‍ഷം മാധ്യമരംഗത്തെ പൂര്‍ണസമയ പ്രവര്‍ത്തന പരിചയവുമാണ് അസിസ്റ്റൻറ് ഇന്‍ഫര്‍മേഷന്‍ ഓഫിസറാവാനുള്ള യോഗ്യതയെന്നിരിക്കെയാണ് ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ തസ്തികമാറ്റം വഴി അസിസ്റ്റൻറ് ഇന്‍ഫര്‍മേഷന്‍ ഓഫിസറായി നിയമിക്കാൻ വകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടെ സ്പെഷൽ റൂൾ ഭേദഗതിക്ക് ശ്രമമുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.