പി.എസ്.സി പട്ടികയിൽനിന്ന് പേര് ഒഴിവാക്കൽ; നോട്ടറി സർട്ടിഫിക്കറ്റിന് നിർബന്ധിക്കരുതെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കി
text_fieldsകൊച്ചി: ഒന്നിലേറെ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥിക്ക് നിയമനം ആഗ്രഹിക്കുന്ന പോസ്റ്റ് ഒഴികെയുള്ള മറ്റ് പട്ടികകളിൽ നിന്ന് ഒഴിവാക്കപ്പെടണമെങ്കിൽ (റീലിൻക്വിഷ്മെൻറ്) നോട്ടറി സർട്ടിഫിക്കറ്റിന് നിർബന്ധിക്കരുതെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈകോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. പി.എസ്.സിയുടെ ഒന്നിലേറെ പട്ടികയിൽ വരുന്നവർ ഒരു നിയമനം നേടിയശേഷം മറ്റുള്ള ഒഴിവുകളിലേക്ക് പരിഗണിക്കാതിരിക്കണമെങ്കിൽ നോട്ടറി സാക്ഷ്യപ്പെടുത്തി പി.എസ്.സിയെ അറിയിക്കണമെന്ന നിബന്ധന നിർബന്ധമാക്കരുതെന്ന സിംഗിൾ ബെഞ്ചിെൻറ ഇടക്കാല ഉത്തരവിനെതിരെ പി.എസ്.സി നൽകിയ അപ്പീലാണ് ജസ്റ്റിസ് എ. എം. ഷെഫീഖ്, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.
സിംഗിൾ ബെഞ്ചിെൻറ നിർദേശം നടപ്പാക്കുന്നത് വ്യാപക തട്ടിപ്പിന് ഇടവരുത്തുമെന്നതടക്കം വാദങ്ങളാണ് പി.എസ്.സി ഉയർത്തിയത്. സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കിയ കോടതി സിംഗിൾ ബെഞ്ച് തന്നെ ഹരജികൾ പരിഗണിച്ച് തീർപ്പാക്കാനും നിർദേശിച്ചു.
പി.എസ്.സിയുടെ ഒന്നിലേറെ പട്ടികയിൽ വരുന്നവർ ഒരു നിയമനം നേടിയശേഷം മറ്റുള്ള ഒഴിവുകളിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന് അപേക്ഷ നൽകാത്ത പക്ഷം ഈ ഒഴിവുകൾ വ്യവസ്ഥപ്രകാരം നികത്തപ്പെടാത്ത ഒഴിവായാണ് കണക്കാക്കപ്പെടുന്നത്. അഡ്വൈസ് മെമ്മോ അയച്ചശേഷം ഉദ്യോഗാർഥി നിയമനം നേടിയില്ലെങ്കിൽ ആ ഒഴിവിൽ തൊട്ടടുത്തയാളെ നിയമിക്കാൻ ചട്ടമില്ല. ജോലിയിൽ പ്രവേശിക്കാത്ത ഒഴിവായി (എൻ.ജെ.ഡി) ഇവ കണക്കാക്കപ്പെടുകയും പിന്നീട് പുതിയ വിജ്ഞാപനത്തിലൂടെ മാത്രം ഒഴിവ് നികത്തപ്പെടുകയും ചെയ്യും. ഇത് പട്ടികയിലുള്ള ഉദ്യോഗാർഥികളുടെ അവസരം നിഷേധിക്കുമെന്ന് ചൂണ്ടിക്കാട്ടി ഒരു കൂട്ടം ഉദ്യോഗാർഥികൾ നൽകിയ ഹരജിയിലായിരുന്നു സിംഗിൾ ബെഞ്ചിെൻറ ഇടക്കാല ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.