റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കാൻ മാസങ്ങൾ മാത്രം; നിയമനമില്ല
text_fieldsകോട്ടയം: റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കാൻ ആഴ്ചകൾ മാത്രം അവശേഷിക്കുമ്പോഴും പേരിനുപോലും നിയമനമില്ല. പഞ്ചായത്ത് ലൈബ്രേറിയൻ ഉദ്യോഗാർഥികൾക്കാണ് ഈ ദുർഗതി. 2019ൽ പുറത്തിറങ്ങിയ റാങ്ക് ലിസ്റ്റ് കാലാവധി മൂന്ന് മാസത്തിനുള്ളിൽ അവസാനിക്കാനിരിക്കെ, ഉദ്യോഗാർഥികൾ മുട്ടാത്ത വാതിലുകളില്ല.
താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തിയതാണ് ജില്ലയിൽ ഒരാളെപോലും ലിസ്റ്റിൽനിന്ന് നിയമിക്കാത്തതിന് കാരണമെന്ന് ഇവർ പറയുന്നു. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നതിനെതിരെ ഉദ്യോഗാർഥികൾ തദ്ദേശ മന്ത്രിക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല.
ലൈബ്രേറിയൻ ഗ്രേഡ് നാല് തസ്തികയിൽ 2016ലാണ് അപേക്ഷ ക്ഷണിച്ചത്. 2018ൽ പരീക്ഷ നടത്തി. 2019 ആഗസ്റ്റിൽ പി.എസ്.സി റാങ്ക് പട്ടികയും പുറത്തിറക്കി. എന്നാൽ, റാങ്ക് പട്ടിക നിലവിലിരുന്നിട്ടും എല്ലാ പഞ്ചായത്തിലും ഭരണസമിതിക്ക് താൽപര്യമുള്ള താൽക്കാലികക്കാരെ തിരുകിക്കയറ്റിയതായും ഇവർ ആരോപിക്കുന്നു. ഇതിനിടെ, വലിയതോതിൽ താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുകയും ചെയ്തു.
കോട്ടയം ജില്ലയിൽ മാത്രം 20ലധികം പേരെയാണ് സ്ഥിരപ്പെടുത്തിയത്. ഓഫിസ് അസിസ്റ്റന്‍റ്മാരായിരുന്നവരെ ചട്ടം ലംഘിച്ച് ഡബിൾ പ്രമോഷൻ നൽകിയും ലൈബ്രേറിയൻ തസ്തികയിൽ സ്ഥിരപ്പെടുത്തിയതായും ആക്ഷേപമുണ്ട്. എന്നാൽ, പ്രശ്നങ്ങളോട് സർക്കാർ മുഖംതിരിക്കുകയാണെന്ന് ഉദ്യോഗാർഥികൾ പറയുന്നു.
റാങ്ക് പട്ടികയിൽ ഇടം നേടിയ ഭൂരിഭാഗം പേരും പ്രായപരിധി കഴിഞ്ഞതിനാൽ മറ്റൊരു തസ്തികയിൽ പരീക്ഷ എഴുതാൻ സാധിക്കാത്തവരാണ്. കോട്ടയത്ത് 15 പേരാണ് മെയിൻ ലിസ്റ്റിലുള്ളത്. ഇത് നിലനിൽക്കെ പല പഞ്ചായത്തുകളും അവരുടെ കീഴിലെ ലൈബ്രറികളിൽ ചട്ടം ലംഘിച്ച് താൽക്കാലികക്കാരെ നിയമിച്ചതായും പറയുന്നു. ഇതിനെതിരെ സമര രംഗത്തിറങ്ങാനാണ് ഇവരുടെ തീരുമാനം. താൽക്കാലികക്കാരെ മാറ്റി പി.എസ്.സിയിൽനിന്ന് നിയമനം നടത്തണമെന്നും ഇവർ ആവശ്യപ്പെടുന്നു.
പഞ്ചായത്ത് ലൈബ്രറികളിൽ യോഗ്യതയുള്ള ലൈബ്രേറിയൻമാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് നേരത്തേ സെക്രട്ടറിമാർ സർക്കാറിന് കത്ത് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.