എയ്ഡഡ് സ്കൂൾ ഭിന്നശേഷി അധ്യാപക നിയമനം; നിയമനം നേടിയത് 1,679 പേർ, നിരസിച്ചത് 980
text_fieldsമലപ്പുറം: എയ്ഡഡ് സ്കൂൾ ഭിന്നശേഷി അധ്യാപക നിയമന ഉത്തരവ് വന്നശേഷം ജില്ലയിൽ ഇതുവരെ നിയമനം കിട്ടിയത് 1,679 പേർക്ക്. സബ് ജില്ല, ജില്ല തലങ്ങളിലായാണ് ഇത്രയും നിയമനം നൽകിയത്. വിദ്യാഭ്യാസ വകുപ്പിന്റെ സമന്വയ സോഫ്റ്റ് വെയർ വഴി തസ്തികയിലേക്കായി ആകെ 4,109 അപേക്ഷകളാണ് കിട്ടിയത്.
പരിശോധനയിൽ 980 അപേക്ഷകൾ അധികൃതർ നിരസിച്ചിട്ടുണ്ട്. ഇതിൽ പല അപേക്ഷകളും ഇരട്ടിപ്പ് വന്നിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ഒരേ അപേക്ഷകർ ഒന്നിലധികം തവണ തസ്തികയിലേക്ക് അപേക്ഷിച്ചതാണ് ഇരട്ടിപ്പിന് കാരണമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു. 1,173 അപേക്ഷകളിൽ പരിശോധന പൂർത്തിയാക്കി ഇനി തീരുമാനം എടുക്കാനുണ്ട്.
ഫെബ്രുവരി-മാർച്ച് മാസത്തിനകം പരിശോധിച്ച് ഈ അപേക്ഷകളിലും നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. ഓരോ ദിവസവും അപേക്ഷകളിൽ പ്രത്യേക സൂക്ഷ്മ പരിശോധന നടന്ന് വരികയാണ്. എൽ.പി, യു.പി വിഭാഗങ്ങൾ അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫിസർ (എ.ഇ.ഒ) തലത്തിലും ഹൈസ്കൂൾ വിഭാഗങ്ങൾ ജില്ല വിദ്യാഭ്യാസ ഓഫിസർ (ഡി.ഇ.ഒ) തലത്തിലുമാണ് പരിശോധന. ഹൈസ്കൂൾ തലത്തിൽ മലപ്പുറം ഡി.ഇ.ഒ തലത്തിലാണ് ഏറ്റവും കൂടുതൽ അപേക്ഷകൾ ലഭിച്ചത്. 1,172 അപേക്ഷകൾ മലപ്പുറത്ത് കിട്ടി.
ഇതിൽ 476 എണ്ണം അംഗീകരിച്ചു. 224 എണ്ണം നിരസിക്കുകയും 257 എണ്ണം തീരുമാനമെടുക്കാനും നീക്കി വെച്ചിട്ടുണ്ട്. 215 അപേക്ഷകളിൽ പരിശോധന നടക്കുകയാണ്.
തിരൂർ ഡി.ഇ.ഒ തലത്തിൽ 383 അപേക്ഷകൾ ലഭിച്ചതിൽ അംഗീകരിച്ചവ 209, നിരസിച്ചവ 96, തീരുമാനമെടുക്കുന്നതിന് മാറ്റിയവ 78 എന്നിങ്ങനെയാണ്. തിരൂരങ്ങാടി ഡി.ഇ.ഒയിൽ 329 അപേക്ഷ ലഭിച്ചതിൽ അംഗീകരിച്ചവ 133, നിരസിച്ചവ 99, തീരുമാനമെടുക്കുന്നതിന് മാറ്റിയവ 97 എന്നിങ്ങനെയും വണ്ടൂരിൽ ആകെ 309 അപേക്ഷകളിൽ അംഗീകരിച്ചത് 101, നിരസിച്ചത് 129, തീരുമാനമെടുക്കാനുള്ളത് 79വുമാണ്.
സബ്ജില്ല തലത്തിൽ എൽ.പി, യു.പി വിഭാഗത്തിൽ ഏറ്റവും അധികം അപേക്ഷകൾ ലഭിച്ചത് മങ്കടയിലാണ്. 553 അപേക്ഷകളാണ് ആകെ കിട്ടിയത്. ഇതിൽ 246 എണ്ണത്തിന് അംഗീകാരം നൽകി. 104 എണ്ണം നിരസിക്കുകയും 203 എണ്ണത്തിൽ പരിശോധന പുരോഗമിക്കുകയുമാണ്. പട്ടികയിൽ രണ്ടാമതുള്ള വേങ്ങര സബ് ജില്ലയിൽ 165 അപേക്ഷകൾ ലഭിച്ചതിൽ 119 എണ്ണം അംഗീകാരം നേടി. ഇനി 46 എണ്ണത്തിൽ തീരുമാനമെടുക്കാനുണ്ട്. ഇവിടെ ലഭിച്ച അപേക്ഷകൾ നിരസിച്ചിട്ടില്ല.
മൂന്നാം സ്ഥാനത്തുള്ള മലപ്പുറം സബ് ജില്ലയിൽ 163 അപേക്ഷകൾ ലഭിച്ചതിൽ 19 എണ്ണത്തിന് അംഗീകാരം ലഭിച്ചു. 82 എണ്ണം നിരസിക്കുകയും 62 എണ്ണം തീരുമാനമെടുക്കാൻ മാറ്റുകയും ചെയ്തു. 10 അപേക്ഷകൾ മാത്രം ലഭിച്ച നിലമ്പൂർ സബ് ജില്ലയിലാണ് പട്ടികയിൽ ഏറ്റവും പിറകിലുള്ളത്.
ഈ അപേക്ഷകൾ അധികൃതർ തീരുമാനമെടുക്കാനായി മാറ്റിയിരിക്കുകയാണ്. ജില്ലയിൽ ഭിന്നശേഷി അധ്യാപക നിയമന നടപടികൾ വേഗത്തിലാക്കാൻ വിദ്യാഭ്യാസ വകുപ്പ് ജനുവരി 15,16 തീയതികളിൽ ജീവനക്കാർക്കും സ്കൂൾ മാനേജർമാർക്കും പ്രത്യേക പരിശീലനം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നിയമന നടപടികളിൽ വേഗത കൂടിയെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.