വിരമിച്ചവർ കരാറിൽ; പുതിയ നിയമനമില്ല
text_fieldsപാലക്കാട്: കെ.എസ്.ഇ.ബി സെക്ഷൻ ഓഫിസുകളിൽ ആയിരക്കണക്കിന് ഒഴിവുകളുണ്ടെങ്കിലും ഇലക്ട്രിസിറ്റി വർക്കർ-ലൈൻമാൻ തസ്തികകളിൽ നിയമനമില്ല. പി.എസ്.സി വഴി ഇലക്ട്രിസിറ്റി വർക്കർ നിയമനം നടത്തിയിട്ട് 10 വർഷത്തിനു മുകളിലായി. ഐ.ടി.ഐ യോഗ്യതയുള്ളവരെ ഈ തസ്തികകളിലേക്ക് ജൂനിയർ ടെക്നീഷ്യൻ എന്ന പേരിൽ നിയമിക്കുമെന്നു പറയാൻ തുടങ്ങിയിട്ട് അഞ്ചു വർഷത്തിലേറെയായെങ്കിലും തീരുമാനമായിട്ടില്ല.
മുൻകാലങ്ങളിൽ പത്താം ക്ലാസ് പരാജയപ്പെട്ടവരെ ഇലക്ട്രിസിറ്റി വർക്കർ (മസ്ദൂർ) തസ്തികയിൽ നിയമിക്കുകയും പിന്നീട് ലൈൻമാൻ, ഓവർസിയർ തസ്തികകളിലേക്ക് സ്ഥാനക്കയറ്റം നൽകുകയുമായിരുന്നു. ലൈൻമാൻ തസ്തികയിൽനിന്ന് സ്ഥാനക്കയറ്റം നൽകുകയും താഴെത്തട്ടിൽ നിയമനം നടത്താതിരിക്കുകയും ചെയ്യുന്നതിനാൽ 5000ത്തോളം ഒഴിവുകളാണ് ലൈൻമാൻ, ഇലക്ട്രിസിറ്റി വർക്കർ തസ്തികകളിലുള്ളത്.
ഈ ഒഴിവുകളിൽ കരാറടിസ്ഥാനത്തിൽ ഐ.ടി.ഐ യോഗ്യതയുള്ളവരെയും പോസ്റ്റിൽ കയറാൻ പരിചയമുള്ള തൊഴിലാളികളെയും നിയോഗിച്ചാണ് മുന്നോട്ടുപോകുന്നത്. എന്നാൽ, കഴിഞ്ഞ മഴക്കാലം മുതൽ വിരമിച്ചവരെക്കൂടി കരാറടിസ്ഥാനത്തിൽ നിയോഗിക്കാമെന്ന ഉത്തരവുകൂടിയിറക്കി കരാർ നിയമനം തകൃതിയാക്കി.
ഐ.ടി.ഐ/ഡിേപ്ലാമ/ബി.ടെക് യോഗ്യതയുള്ള ഉദ്യോഗാർഥികൾ ജോലിയില്ലാതെ നടക്കുമ്പോഴാണ് വൻതുക പെൻഷൻ വാങ്ങുന്ന വിരമിച്ചവരെ വീണ്ടും നിയോഗിക്കാനുള്ള തീരുമാനം വന്നത്. ഉത്തരവിൽ നവംബർ വരെയെന്നു പറയുന്നുണ്ടെങ്കിലും അത് കഴിഞ്ഞിട്ടും വിരമിച്ചവർ തുടരുകയാണ്.
സാങ്കേതിക യോഗ്യതയുള്ളവരെ താൽക്കാലിക ജീവനക്കാരായി നിയമിക്കുന്നതിനു പകരം വിരമിച്ചവരെ വീണ്ടും നിയോഗിക്കാനാണ് സെക്ഷൻ അധികൃതർ താൽപര്യം കാണിക്കുന്നത്.
കേന്ദ്ര സർക്കാർ സർവിസുകളിലടക്കം നിയമന നിരോധനത്തിനെതിരെ സമരംചെയ്യുന്ന ഭരണപക്ഷ- പ്രതിപക്ഷ യുവജന സംഘടനകൾ കെ.എസ്.ഇ.ബി ഒഴിവുകൾ നികത്താത്തതിനെതിരെയോ കരാർ നിയമനത്തിനെതിരെയോ പ്രസ്താവനപോലും ഇറക്കിയിട്ടില്ല.
ഫീൽഡ് തല ഒഴിവുകൾ നികത്താതെ അസിസ്റ്റന്റ് എന്ജിനീയര്, സബ് എൻജിനീയർ, ജൂനിയർ അസിസ്റ്റന്റ് തസ്തികകളിലെ ഒഴിവ് നികത്താനുള്ള നീക്കത്തിലാണ് കെ.എസ്.ഇ.ബി. 745 ഒഴിവുകൾ നികത്തുമെന്ന് പി.എസ്.സിയെ അറിയിച്ചു. എന്നാൽ, വൈദ്യുതി പൊതുജനങ്ങളിലെത്തിക്കുന്ന ജീവനക്കാരെ നിയമിക്കുന്നുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.