ആയുഷ് ബിരുദ കോഴ്സുകൾക്ക് ഇനി പ്രത്യേക 'നീറ്റ്’
text_fieldsആയുർവേദം, സിദ്ധ, യുനാനി അടക്കമുള്ള ആയുഷ് ബിരുദ കോഴ്സുകൾക്ക് രാജ്യത്ത് ഇനി പ്രത്യേക പ്രവേശന പരീക്ഷ (നീറ്റ്-യു.ജി)യായിരിക്കും. ഇതുസംബന്ധിച്ച വിജ്ഞാപനം കേന്ദ്രസർക്കാറിന്റെ അസാധാരണ ഗസറ്റിൽ നാഷനൽ കമീഷൻ ഫോർ ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ (എൻ.സി.ഐ.എസ്.എം) പ്രസിദ്ധപ്പെടുത്തി. എം.ബി.ബി.എസ്, ബി.ഡി.എസ്, ഹോമിയോപ്പതി, ആയുഷ് അടക്കമുള്ള ബിരുദ കോഴ്സുകളിലേക്ക് പൊതുവായ ‘നീറ്റ്-യു.ജി’ പരീക്ഷയാണ് നിലവിലുണ്ടായിരുന്നത്. അതാണ് പരിഷ്‍കരിക്കുന്നത്.
പ്രത്യേക ‘ആയുഷ് യു.ജി ദേശീയ പരീക്ഷ റെഗുലേഷൻസ് 2023’ വ്യവസ്ഥകൾ പ്രകാരം പരീക്ഷാ ചുമതല നാഷനൽ ടെസ്റ്റിങ് ഏജൻസിക്കോ കമീഷൻ അധികാരപ്പെടുത്തുന്ന മറ്റേതെങ്കിലും ഏജൻസിക്കോ ആയിരിക്കും. പരീക്ഷ അഭിമുഖീകരിക്കാനാവശ്യമായ യോഗ്യതാ മാനദണ്ഡങ്ങളും കൗൺസലിങ് ഉൾപ്പെടെയുള്ള പ്രവേശന നടപടികളും ചട്ടത്തിലുണ്ടാകും.
ഓഫ്ലൈൻ മാതൃകയിൽ പരീക്ഷ നടത്താനാണ് തീരുമാനം. ടെസ്റ്റിൽ യോഗ്യത നേടുന്നവരുടെ അഖിലേന്ത്യാ പൊതു മെരിറ്റ് ലിസ്റ്റ് തയാറാക്കും. കാലാനുസൃതമായ മാറ്റങ്ങൾ പ്രവേശന നടപടികളിലുണ്ടാവും. നീറ്റ് യു.ജി പരീക്ഷയുടെ മേൽനോട്ടത്തിന് ടെക്നിക്കൽ കമ്മിറ്റി രൂപവത്കരിക്കും. അതിൽനിന്ന് വ്യത്യസ്തമായിരിക്കും ആയുഷ് കോഴ്സുകൾക്കുള്ള പുതിയ പരീക്ഷ. ഓരോ അധ്യയനവർഷവും ആയുഷ് കോഴ്സുകൾക്ക് അനുവദിക്കുന്ന സീറ്റുകളിൽ മാത്രമായിരിക്കും കൗൺസലിങ് വഴി അലോട്ട്മെന്റ്. പോരായ്മകൾ പരിഹരിക്കപ്പെടുന്നതിന് ആയുർവേദ, യുനാനി, സിദ്ധ മുതലായ കോഴ്സുകൾക്ക് പ്രത്യേക ബോർഡുകൾ രൂപവത്കരിക്കാനും നിർദേശമുണ്ട്. പ്രവേശനം ലഭിക്കുന്ന വിദ്യാർഥികളുടെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ യുനീക് ആയുഷ് ഐഡന്റിറ്റി രേഖയുണ്ടാക്കും. സുഗമമായ പരീക്ഷാ നടത്തിപ്പിനായി സബ് കമ്മിറ്റികൾ രൂപവത്കരിക്കും.
ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിന്റെ ഭാഗമായി ബാച്ചിലർ ഓഫ് സോവ-റിഗ്പാ മെഡിസിൻ ആൻഡ് സർജറി (ബി.എസ്.ആർ.എം.എസ്) അഥവാ ‘സോവ-റിഗ്പാ’ അണ്ടർ ഗ്രാജ്വേറ്റ് കോഴ്സിലേക്കും നീറ്റ്-യു.ജി ബാധകമാക്കി. യോഗ്യതാ മാനദണ്ഡങ്ങളും ഇതുസംബന്ധിച്ച പ്രവേശന നടപടികളും അണ്ടർ ഗ്രാജ്വേറ്റ് ‘സേവ്-റിഗ്പ’ എജുക്കേഷൻ റെഗുലേഷനിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
നൂതനമായ ബൃഹത് പരിഷ്‍കാരങ്ങളാണ് പുതിയ റെഗുലേഷനിലൂടെ എൻ.സി.ഐ.എസ്.എം ഉന്നത വിദ്യാഭ്യാസ-തൊഴിൽ മേഖലകളിൽ നടപ്പിലാക്കുന്നത്.
എക്സിറ്റ് പരീക്ഷയിലും മാറ്റം
ദേശീയ എക്സിറ്റ് പരീക്ഷയിലും സമഗ്രമാറ്റങ്ങളുണ്ട്. ആയുഷ് ബിരുദപഠനം പൂർത്തിയാക്കി ബന്ധപ്പെട്ട ശാഖയിൽ മെഡിക്കൽ പ്രാക്ടീഷണറാകാനുള്ള ലൈസൻസ് അനുവദിക്കുന്നത് ദേശീയ എക്സിറ്റ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ്. വർഷം തോറും ഫെബ്രുവരി, ആഗസ്റ്റ് മാസത്തിലാവും പരീക്ഷ. ആയുർവേദം, സിദ്ധ, യുനാനി, സോവ-റിഗ്പ ബിരുദവും ഒരുവർഷത്തെ ഇന്റേൺഷിപ്പും പൂർത്തിയാക്കുന്നവർക്കാണ് ഈ പരീക്ഷയെഴുതാവുന്നത്. ഇന്റേൺഷിപ്പിന്റെ 270ാം ദിവസം പൂർത്തിയാക്കുന്ന ഇന്റേണുകൾക്കും വ്യവസ്ഥകൾക്ക് വിധേയമായി പരീക്ഷയെഴുതാം.
എക്സിറ്റ് ടെസ്റ്റിൽ യോഗ്യത നേടാതെ ബി.എ.എം.എസ്, ബി.യു.എം.എസ്, ബി.എസ്.എം.എസ്, ബി.എസ്.ആർ.എം.എസ് ബിരുദക്കാർക്ക് സംസ്ഥാന/ദേശീയ രജിസ്റ്ററിൽ എൻറോൾ ചെയ്യാനോ മെഡിക്കൽ പ്രാക്ടീഷണറാകാനോ കഴിയില്ല. പരീക്ഷയിൽ പങ്കെടുക്കുന്നതിന് പ്രായപരിധിയില്ല. ടെസ്റ്റിൽ 50 ശതമാനം മാർക്കിൽ കുറയാതെ വാങ്ങുന്നവരെ വിജയികളായി വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും. എക്സിറ്റ് ടെസ്റ്റിൽ യോഗ്യത നേടാനാവാത്തവർക്ക് മെഡിക്കൽ രജിസ്ട്രേഷൻ നിർബന്ധമില്ലാത്ത മറ്റ് ജോലികളിൽ ഏർപ്പെടാനാകും. ക്ലിനിക്കൽ ജോലികൾക്കും ആയുഷ് പി.ജി പഠനത്തിനും നാഷനൽ എക്സിറ്റ് ടെസ്റ്റിൽ യോഗ്യത നേടണം.
ആയുഷ് പി.ജി പ്രവേശനത്തിലും പരിഷ്‍കാരം
ആയുഷ് പി.ജി പ്രവേശന പരീക്ഷയിലുമുണ്ട് പരിഷ്‍കാരങ്ങൾ. ആയുഷ് ബിരുദമെടുത്ത് ഏപ്രിൽ 30നകം ഇന്റേൺഷിപ് പാസാകുന്നവർക്ക് ടെസ്റ്റിൽ പങ്കെടുക്കാം. എന്നാൽ, പി.ജി പ്രവേശനസമയത്ത് മെഡിക്കൽ പ്രാക്ടീഷണറായി രജിസ്റ്റർ ചെയ്തിട്ടുണ്ടാവണം. ടെസ്റ്റിൽ ഓരോ ശാഖയിലും പ്രത്യേകം ഫലപ്രഖ്യാപനമുണ്ടാവും. അതേ അക്കാദമിക് വർഷത്തേക്ക് മാത്രമാണ് റാങ്കിന് പ്രാബല്യം. പി.ജി പ്രവേശന കൗൺസലിങ് മാർഗരേഖകൾ കാലാകാലങ്ങളിൽ പുറപ്പെടുവിക്കും.
അധ്യാപകർക്ക് യോഗ്യത പരീക്ഷ
ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിനിലെ ഓരോ ശാഖയിലും അധ്യയന അഭിരുചി വിലയിരുത്തുന്ന നാഷനൽ ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് നടത്തും. എല്ലാ വർഷവും മേയിൽ പരീക്ഷയുണ്ടാവും. ആയുഷ് പി.ജി പ്രോഗ്രാം വിദ്യാർഥികൾക്ക് 30 മാസം പൂർത്തിയാകുന്ന മുറക്ക് ടെസ്റ്റ് അഭിമുഖീകരിക്കാം. ആയുഷ് പി.ജിക്കാർക്കും ടെസ്റ്റിൽ പങ്കെടുക്കാം. 50 ശതമാനം മാർക്ക് നേടുന്നവർക്കാണ് വിജയം. അധ്യാപക യോഗ്യത സർട്ടിഫിക്കറ്റിന് 10 വർഷത്തെ പ്രാബല്യമുണ്ട്. അസിസ്റ്റന്റ് പ്രഫസർ അടക്കമുള്ള അധ്യാപക തസ്തികകളിലേക്ക് ഈ യോഗ്യത നിർബന്ധമാണ്.
പ്രീ ആയുർവേദ പരീക്ഷ
നീറ്റ്-പ്രീ ആയുർവേദ പരീക്ഷ ഏർപ്പെടുത്തുക വഴി പത്താം ക്ലാസ് വിജയികൾക്ക് ബി.എ.എം.എസ് വിദ്യാഭ്യാസത്തിന് അവസരം ലഭിക്കും. ടെസ്റ്റിൽ യോഗ്യത നേടുന്നവർക്ക് ഇനി രണ്ടുവർഷത്തെ പ്രീ-ആയുർവേദവും നാലരവർഷത്തെ ബി.എ.എം.എസ് പഠനവും ഒരുവർഷത്തെ നിർബന്ധിത ഇന്റേൺഷിപ്പും സാധ്യമാവും. പരീക്ഷാഘടനയും വിശദാംശങ്ങളും 2023 ഡിസംബർ 20ലെ വിജ്ഞാപനത്തിലുണ്ട്.
പ്ലസ് ടുവിന് തുല്യമായ ഓറിയന്റൽ യോഗ്യത നേടിയവർക്കായിട്ടുള്ള ‘നീറ്റ്-പ്രീ ടിബ്’ ആണ് മറ്റൊരു പരിഷ്‍കാരം. ഈ ടെസ്റ്റിൽ യോഗ്യത നേടുന്നവർക്ക് ബാച്ചിലർ ഓഫ് യുനാനി മെഡിസിൻ ആൻഡ് സർജറി (ബി.യു.എം.എസ്) കോഴ്സിൽ 10 ശതമാനം സീറ്റിൽ പ്രവേശനം ലഭിക്കും. കമീഷൻ നിർദേശപ്രകാരം തയാറാക്കുന്ന അഖിലേന്ത്യ പൊതു മെരിറ്റ് ലിസ്റ്റിലുള്ളവർക്ക് കൗൺസലിങ് വഴിയാണ് സീറ്റ് അലോട്ട്മെന്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.