ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ എല്ലാ നിയമനങ്ങളിലും സംവരണം
text_fieldsതിരുവനന്തപുരം: ഒടുവിൽ ഉന്നത തസ്തികകൾ അടക്കം മുഴുവൻ നിയമനങ്ങളിലും സംവരണവ്യവസ്ഥകൾ പാലിച്ച് നിയമനം നടത്താൻ ദേശീയ സ്വയംഭരണ സ്ഥാപനമായ ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് തീരുമാനിച്ചു. ഗ്രൂപ് എയിൽ വരുന്ന സയൻറിഫിക്, ടെക്നിക്കൽ (അക്കാദമിക്) അടക്കം എല്ലാ തസ്തികയിലും സംവരണം നടപ്പാക്കും. ഇതിനായി ഇൻസ്റ്റിറ്റ്യൂട്ടിെൻറ ചട്ടങ്ങളിൽ ഭേദഗതി വരുത്താനും അതുവരെ പുതിയ നിയമന നടപടികൾ നിർത്തിവെക്കാനും തീരുമാനമായി. ഇൻസ്റ്റിറ്റ്യൂട്ടിെൻറ 104ാമത് ഗവേണിങ് ബോഡിയാണ് മുഴുവൻ വിഭാഗങ്ങളിലും പിന്നാക്ക-പട്ടികവിഭാഗങ്ങൾക്ക് സംവരണം നടപ്പാക്കാൻ തീരുമാനിച്ചത്.
പുതിയ നിയമനങ്ങൾ നടത്താൻ 2019 ജനുവരിയിൽ പുറെപ്പടുവിച്ച വിജ്ഞാപനം റദ്ദാക്കും. സീനിയർ സ്റ്റാഫ് സെലക്ഷൻ കമ്മിറ്റിയാണ് നിയമനനടപടികൾ ആരംഭിച്ചിരുന്നത്. നിയമപ്രകാരമുള്ള സംവരണവ്യവസ്ഥകൾ പാലിച്ച് പുതിയ വിജ്ഞാപനം ഉടൻ ഇറക്കാൻ ഗവേണിങ് ബോഡി ഇൻസ്റ്റിറ്റ്യൂട്ടിന് നിർദേശം നൽകി. മാധ്യമവും മീഡിയ വണും ശ്രീചിത്രയിലെ സംവരണനിഷേധത്തെക്കുറിച്ച് തുടർച്ചയായി വാർത്തകൾ നൽകിയിരുന്നു.
പട്ടികജാതി ക്ഷേമസമിതി നേതാവ് കെ. സോമപ്രസാദ് എം.പി വിഷയത്തിൽ ഇടപെടുകയും കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ശ്രദ്ധയിൽകൊണ്ടുവരുകയും ചെയ്തു. രാജ്യസഭയിലും അദ്ദേഹം വിഷയം ഉന്നയിച്ചു. പട്ടികജാതി ക്ഷേമസമിതി ട്രഷറർ വണ്ടിത്തടം മധു കേന്ദ്ര-സംസ്ഥാന പട്ടികവിഭാഗ കമീഷനുകൾക്ക് പരാതി നൽകി. ഇരു കമീഷനുകളും സംവരണം നടപ്പാക്കാൻ നിർദേശിച്ചെങ്കിലും ഇൻസ്റ്റിറ്റ്യൂട്ട് ഇതിന് തയാറായില്ല. കേന്ദ്ര നിയമപ്രകാരം പട്ടിക-പിന്നാക്ക വിഭാഗത്തിന് അർഹതപ്പെട്ട സംവരണം എല്ലാ കാറ്റഗറിയിലും നൽകിയിരുന്നില്ല. ഉയർന്ന തസ്തികകളുള്ള ഗ്രൂപ് എ വിഭാഗത്തിൽ സംവരണം പൂർണമായി ഒഴിവാക്കിയും ഗ്രൂപ് ബിയിൽ നാമമാത്രമാക്കിയും താഴ്ന്നതസ്തികകൾ ആയ ഗ്രൂപ് സി, ഡി വിഭാഗങ്ങളിൽ ഏതാനും തസ്തികകളിൽ മാത്രമായി ചുരുക്കിയുമായിരുന്നു നിയമനം.
സയൻറിഫിക്-ടെക്നിക്കൽ തസ്തികകളിൽ സംവരണം ഒഴിവാക്കണമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് 2010ലും 2015ലും കേന്ദ്ര ശാസ്ത്ര-സാേങ്കതിക വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കേന്ദ്രം ഇത് അംഗീകരിച്ചില്ല. ഇതിനിടെയാണ് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം ഉറപ്പാക്കി കേന്ദ്രം ഒാർഡിനൻസ് കൊണ്ടുവന്നത്. ഇതോടെ സംവരണം നടപ്പാക്കാൻ ശ്രീചിത്രയുടെ ഗവേണിങ് ബോഡി നിർബന്ധിതമായി. സ്ഥാപനം ആവശ്യപ്പെട്ടിട്ടും സംവരണം ഒഴിവാക്കിയ സ്ഥാപനങ്ങളുടെ പട്ടികയിൽ ശ്രീചിത്രയെ കേന്ദ്രം ഉൾപ്പെടുത്തിയതുമില്ല.
പാർലമെൻറ് പാസാക്കിയ നിയമപ്രകാരം കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പിനുകീഴിൽ സ്ഥാപിതമായ ദേശീയ സ്വയംഭരണ സ്ഥാപനമാണ് ശ്രീചിത്ര. നാല് പതിറ്റണ്ടായി തുടരുന്ന സംവരണനിഷേധം വിവാദമായപ്പോൾ നടപ്പാക്കണമെന്നാവശ്യപ്പെട്ട് പട്ടികജാതി ക്ഷേമസമിതി അധികാരികൾക്ക് നിവേദനം നൽകിയിരുന്നു. സംഘടനകൾ സമരം പ്രഖ്യാപിച്ചതോടെ താഴ്ന്ന തസ്തികകളിലും താൽക്കാലിക നിയമനങ്ങളിലും സംവരണമേർപ്പെടുത്താൻ ഇൻസ്റ്റിറ്റ്യൂട്ട് തയാറായി. എന്നാൽ, ഗ്രൂപ് എ കാറ്റഗറി നിയമനങ്ങളിൽ ഭാഗികമായി മാത്രം സംവരണം ഏർപ്പെടുത്താനാണ് ലക്ഷ്യമിട്ടത്. ഇപ്പോൾ പൂർണമായി സംവരണവ്യവസ്ഥ നടപ്പാക്കാനാണ് തീരുമാനം.
സ്വാഗതാർഹം –പി.കെ.എസ്
തിരുവനന്തപുരം: ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലെ എ കാറ്റഗറി നിയമനങ്ങളിൽ പൂർണമായി സംവരണം ഏർപ്പെടുത്തുന്ന തീരുമാനം സ്വാഗതം ചെയ്യുന്നതായി പട്ടികജാതി ക്ഷേമസമിതി (പി.കെ.എസ്) പ്രസിഡൻറ് എസ്. അജയകുമാറും സെക്രട്ടറി അഡ്വ. കെ. സോമപ്രസാദ് എം.പിയും പ്രസ്താവനയിൽ അറിയിച്ചു. സംവരണ നിഷേധത്തിനെതിരെ രണ്ടരവർഷമായി സമിതി നടത്തിവന്ന പ്രതിഷേധത്തിെൻറയും സോമപ്രസാദ് എം.പിയുടെ പാർലമെൻറിലെ ഇടപെടലുകളുടെയും ഫലമായാണ് തീരുമാനം. വൈകിയാണെങ്കിലും ഇൻസ്റ്റിറ്റ്യൂട്ട് കൈക്കൊണ്ട തീരുമാനം സാമൂഹികനീതിയെ അംഗീകരിക്കുന്നതും അഭിനന്ദനാർഹവുമാണെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.