ഡിപ്ലോമ പഠിക്കാം, ബാങ്കിൽ ജൂനിയർ അസി. മാനേജറാകാം
text_fieldsഊർജസ്വലരായ യുവതീയുവാക്കൾക്ക് ബാങ്കിങ് ആൻഡ് ഫിനാൻസ് പി.ജി ഡിപ്ലോമ പഠനം പൂർത്തിയാക്കി ഐ.ഡി.ബി.ഐ ബാങ്കിൽ ജൂനിയർ അസിസ്റ്റന്റ് മാനേജറാകാൻ അവസരം. ഒരു വർഷത്തെ പി.ജി.ഡി.ബി.എഫ് കോഴ്സിൽ ബിരുദക്കാർക്ക് ചേരാം. ആറുമാസം ക്ലാസ്റൂം പഠനം, രണ്ടു മാസം ഇന്റേൺഷിപ്, നാലുമാസം ഓൺ ദി ജോബ് ട്രെയ്നിങ്. ഐ.ഡി.ബി.ഐ ബാങ്ക് ശാഖകളിലാണ് തൊഴിൽ പരിശീലനം.
ബംഗളൂരുവിലെ മണിപ്പാൽ ഗ്ലോബൽ എജുക്കേഷൻ സർവിസസ് പ്രൈവറ്റ് ലിമിറ്റഡും ഗ്രേറ്റർ നോയിഡയിലെ നിറ്റി എജുക്കേഷൻ ഇന്റർനാഷനൽ പ്രൈവറ്റ് ലിമിറ്റഡുമായും ചേർന്നാണ് ഐ.ഡി.ബി.ഐ കോഴ്സ് നടത്തുന്നത്. വിവിധ മേഖലകളായി തിരിച്ചാണ് പ്രവേശനം നൽകുന്നത്. കേരളം, കർണാടക എന്നിവിടങ്ങളിലുള്ളവർ ബംഗളൂരു മേഖലയിൽപെടും.
ആകെ 500 ഒഴിവുകളുണ്ട് (ജനറൽ 203, എസ്.സി 75, എസ്.ടി 37, ഇ.ഡബ്ല്യൂ.എസ് 50, ഒ.ബി.സി 135, പി.ഡബ്ല്യൂ.ഡി 22). മൂന്നുലക്ഷം രൂപയും ജി.എസ്.ടിയുമാണ് കോഴ്സ് ഫീസ്. ആവശ്യമുള്ളവർക്ക് ഐ.ഡി.ബി.ഐ വിദ്യാഭ്യാസ വായ്പ അനുവദിക്കും. പ്രതിമാസം 5000 രൂപ (ആറു മാസത്തേക്ക്), രണ്ടുമാസത്തേക്ക് ഇന്റേൺഷിപ് കാലയളവിൽ 5000 രൂപയും സ്റ്റൈപൻഡുണ്ട്. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ അംഗീകൃത ബിരുദം. പ്രായപരിധി 20-25 വയസ്സ്. സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത വയസ്സിളവുണ്ട്.
കമ്പ്യൂട്ടർ പരിജ്ഞാനവും പ്രാദേശിക ഭാഷാ പ്രാവീണ്യവുമുണ്ടായിരിക്കണം. വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം www.idbibank.in/careersൽ ലഭിക്കും. അപേക്ഷ ഫീസ് 1000 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യൂ.ഡി വിഭാഗങ്ങളിൽപെടുന്നവർക്ക് 200 രൂപ മതി. Recruitment for IDBI-PGDBF 2024-25 ലിങ്കിൽ ക്ലിക്ക് ചെയ്ത് ഓൺലൈനായി ഫെബ്രുവരി 26 വരെ അപേക്ഷിക്കാം.
സെലക്ഷൻ: ഓൺലൈൻ ടെസ്റ്റ്, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. മാർച്ച് 17ന് നടത്തുന്ന ടെസ്റ്റിൽ ലോജിക്കൽ റീസണിങ്, ഡേറ്റ അനാലിസിസ് ആൻഡ് ഇന്റർപ്രട്ടേഷൻ, ഇംഗ്ലീഷ് ലാംഗ്വേജ്, ക്വാണ്ടിറ്റേറ്റിവ് ആപ്റ്റിറ്റ്യൂഡ്, ജനറൽ ഇക്കോണമി, ബാങ്കിങ് അവയർനെസ് എന്നിവയിൽ 200 ചോദ്യങ്ങളുണ്ടാവും. പരമാവധി 200 മാർക്ക്. രണ്ടു മണിക്കൂർ സമയം ലഭിക്കും. കേരളത്തിൽ ആലപ്പുഴ, കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ എന്നിവയും ലക്ഷദ്വീപിൽ കവരത്തിയും പരീക്ഷകേന്ദ്രങ്ങളായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.