വസ്ത്ര വിപണിയിലുമുണ്ട് അവസരങ്ങൾ
text_fieldsഅനുദിനം മാറിക്കൊണ്ടിരിക്കുന്നതാണ് നമ്മുടെ ഇഷ്ടങ്ങളും ആവശ്യങ്ങളും. അതിനനുസരിച്ച് വിപണിയിലും മാറ്റങ്ങൾ വന്നുകൊണ്ടിരിക്കും. അത്തരത്തിൽ വളരെ വേഗം മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ് വസ്ത്ര നിർമാണ മേഖല. ഡിസൈനിലും സ്റ്റൈലിലും നിറത്തിലും ഗുണമേന്മയിലുമെല്ലാം വൻമാറ്റമാണ് വസ്ത്രവിപണിയിൽ കണ്ടുകൊണ്ടിരിക്കുന്നത്.
ഡിസൈനുകൾക്കൊപ്പംതന്നെ വസ്ത്രങ്ങളുടെ ക്വാളിറ്റിയും കയറ്റുമതിക്കനുസരിച്ചുള്ള പാക്കിങ്ങും എല്ലാം ഈ രംഗത്ത് വളരെ ശ്രദ്ധചെലുത്തുന്ന കാര്യങ്ങളാണ്. പക്ഷേ, ഇതുമായി ബന്ധപ്പെട്ട് പല കരിയറുകളുമുണ്ട് എന്ന കാര്യം അധികമാർക്കും അറിഞ്ഞുകൊള്ളണമെന്നില്ല.
‘ടെക്സ്റ്റൈൽ ടെക്നോളജി’ എന്ന കോഴ്സ് പഠിച്ചിറങ്ങുന്നവർക്ക് ഇന്ന് ലോകത്തിന്റെ വിവിധയിടങ്ങളിൽ വൻ കമ്പനികളിൽ ഉയർന്ന ശമ്പളത്തോടുകൂടിയുള്ള ജോലിയാണ് കാത്തിരിക്കുന്നത്.
ടെക്സ്റ്റൈൽ ക്വാളിറ്റി കൺട്രോൾ, പ്രൊഡക്ഷൻ, ഓപ്പറേഷൻ, പാക്കേജിങ്, ക്ലോത്ത് ഓഷൻ ഡിസൈനിങ്, കമ്പ്യൂട്ടർ എയ്ഡഡ് ടെക്സ്റ്റൈൽ ഡിസൈനിങ് തുടങ്ങി നിരവധി സാധ്യതകൾ ഈ കരിയറുമായി ബന്ധപ്പെട്ടുണ്ട്. എൻജിനീയറിങ് കോഴ്സിൽ ഉൾപ്പെട്ടതാണ് ടെക്സ്റ്റൈൽ ടെക്നോളജിയിലെ ബിരുദ ബിരുദാനന്തരകോഴ്സുകൾ. എന്നാൽ ഇതിനു പുറമെ നിരവധി ഡിപ്ലോമ കോഴ്സുകളും സർട്ടിഫിക്കറ്റ് കോഴ്സുകളുമെല്ലാം ലഭ്യമാണ്.
ടെക്സ്റ്റൈൽ ടെക്നോളജിയിലെ ബിരുദ കോഴ്സുകൾക്ക് ചേരാൻ പ്ലസ് ടു പൂർത്തിയാവുകയും 55 ശതമാനമെങ്കിലും മാർക്കും ഉണ്ടായിരിക്കണം. ഇതിനുപുറമെ പ്രവേശന പരീക്ഷയും അഭിമുഖവും വിജയിക്കണം. ബിരുദാനന്തര ബിരുദത്തിന് ടെക്സ്റ്റൈൽ സംബന്ധമായ ബിരുദം പൂർത്തിയാക്കി 55 ശതമാനം മാർക്കും ഉണ്ടായിരിക്കണം.
ഇവിടെയും പ്രവേശന പരീക്ഷയുണ്ടാകും. ഇന്ത്യയിലെ നിരവധി മികച്ചസ്ഥാപനങ്ങൾ ടെക്സ്റ്റൈൽ ടെക്നോളജിയിൽ കോഴ്സുകൾ മുന്നോട്ടുവെക്കുന്നുണ്ട്. കേരളത്തിൽ പരമ്പരാഗത കൈത്തറി വസ്ത്ര നിർമാണത്തിന് സാങ്കേതിക വിദ്യയുടെയും വളർച്ചയുടെയും പുതിയ മുഖം നൽകാൻ സംസ്ഥാന സർക്കാറിനു കീഴിൽ നിരവധി കോഴ്സുകൾ ലഭ്യമാണ്.
ഡിപ്ലോമ കോഴ്സുകളും സർട്ടിഫിക്കറ്റ് കോഴ്സുകളുമാണ് ഇവിടെയുള്ളത്. എസ്.എസ്.എൽ.സി, പ്ലസ്ടു, ബിരുദ യോഗ്യതയുള്ളവർക്കുള്ള നിരവധി കോഴ്സുകൾ ഇവിടെ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.