സിവിൽ സർവിസിന് തയാറെടുക്കാം, രണ്ടുണ്ട് കാര്യം
text_fieldsഒരിക്കൽ ഒരു പ്രമുഖ കോളജിൽ ആദ്യവർഷ ബിരുദ വിദ്യാർഥികളോട് സംസാരിക്കുകയായിരുന്നു. അവരോട് സിവിൽ സർവിസ് താൽപര്യമുള്ളവർ ഇപ്പോൾ തന്നെ ഒരുക്കങ്ങൾ തുടങ്ങുന്നത് നല്ലതാണെന്നും, അത് എങ്ങനെ ചെയ്യണമെന്നും പറഞ്ഞു. അടുത്ത മൂന്നു വർഷം അക്കാദമിക മികവിന് ഉപയോഗപ്രദമാക്കുന്നതിന്റെ രീതി, ആവശ്യകത എന്നിവ ഊന്നിപ്പറഞ്ഞു. പെട്ടെന്ന് ഒരു വിദ്യാർഥി ചാടിയെണീറ്റ് പറഞ്ഞു. ‘‘സിവിൽ സർവിസ് പരീക്ഷക്ക് ആറാം ക്ലാസ് മുതൽക്കെങ്കിലും മുന്നൊരുക്കങ്ങൾ നടത്തിത്തുടങ്ങണം, എന്നാലേ അത് കിട്ടൂ, ഞങ്ങളൊക്കെ ഇപ്പോൾ ഡിഗ്രിയെത്തി, ഇനി അതിനെ കുറിച്ചൊക്കെ ചിന്തിച്ചിട്ട് കാര്യമില്ല. മാത്രമല്ല നല്ല പൊതുവിജ്ഞാനവും വേണം, ഞങ്ങൾക്കിടയിൽ ബഹുഭൂരിപക്ഷത്തിനും സംസ്ഥാന മന്ത്രിമാരെക്കുറിച്ചുപോലും അറിയില്ല”. അവന്റെ പ്രസ്താവനകളെ ഒന്ന് വിശകലനം ചെയ്തു നോക്കൂ, സംശയത്തിന്റെ ധ്വനി അല്ല, ശക്തമായ ഒരു വിശ്വാസത്തിന്റെ ശക്തിയാണ് വാക്കുകൾക്ക്. വൈകിപ്പോയി എന്ന ഉറച്ച ധാരണ. നിരാശ, നഷ്ടബോധം അങ്ങനെ അടിയുറച്ചുപോയ പല അബദ്ധധാരണകളും.
ആ കുട്ടിയുടെ വാക്കുകളിലൂടെ തന്നെ നമുക്ക് സിവിൽ സർവിസ് പരീക്ഷയെക്കുറിച്ച അബദ്ധധാരണകൾ വിശകലനം ചെയ്യാം.
ഒന്ന്, ആറാം ക്ലാസോ എട്ടാം ക്ലാസോ മുതലെങ്കിലും പഠിച്ചാലേ സിവിൽ സർവിസ് പരീക്ഷയിൽ വിജയിക്കാൻ സാധിക്കൂ എന്നത്. കഴിഞ്ഞ കുറെ വർഷങ്ങളുടെ കണക്കുകൾ പരിശോധിച്ചാൽ ഒരു കാര്യം ബോധ്യമാവും, സിവിൽ സർവിസ് നേടിയ സിംഹഭാഗവും ഡിഗ്രി തലത്തിലോ ഡിഗ്രി കഴിഞ്ഞിട്ടോ ചിന്തിച്ച് തുടങ്ങിയവരാണ് എന്ന വസ്തുത. സത്യത്തിൽ എന്നാണോ നിങ്ങൾക്ക് സിവിൽ സർവിസ് പരീക്ഷയെക്കുറിച്ച ധാരണകൾ രൂപപ്പെടുന്നത്, അല്ലെങ്കിൽ അതിനോട് ആഗ്രഹം, അഭിനിവേശം തോന്നിത്തുടങ്ങുന്നത് അതാണ് നിങ്ങളുടെ സ്റ്റാർട്ടിങ് പോയന്റ്. പക്ഷേ, അത് കൃത്യമായ കാര്യക്ഷമമായ ഒരുക്കങ്ങളുടെ തുടക്കം ആവണം.
രണ്ട്, സിവിൽ സർവിസ് പരീക്ഷ വിജയിക്കണമെങ്കിൽ പ്രാചീന ശിലായുഗം മുതൽ ഇന്നുവരെയുള്ള സകല സാമൂഹിക, ശാസ്ത്ര, സാങ്കേതിക, സാമ്പത്തിക, രാഷ്ട്രീയ കാര്യങ്ങളെക്കുറിച്ച ആഴത്തിലുള്ള അതി സൂക്ഷ്മമായ വിവരങ്ങൾ ഉണ്ടാവണം എന്നതാണ് നമ്മുടെയൊക്കെ ധാരണ. വളരെ വലിയ അബദ്ധചിന്തയാണ് ഇത്. സിവിൽ സർവിസ് പരീക്ഷയുടെ ഘടന മൊത്തം പരിശോധിച്ചാൽ അത് കൂടുതലും ഊന്നുന്നത് സാമൂഹിക, ശാസ്ത്ര, സാങ്കേതിക, സാമ്പത്തിക, രാഷ്ട്രീയ വിവരങ്ങളെ ആനുകാലിക സംഭവ വികാസങ്ങളുമായി ബന്ധപ്പെടുത്തിയുള്ള വിശകലനമാണ് വേണ്ടത് എന്നാണ്. അതോടൊപ്പം ഇന്ത്യൻ ചരിത്രം, ദേശീയ – അന്തർദേശീയ രാഷ്ട്രീയം, സമ്പദ് വ്യവസ്ഥ, ഭൂമിശാസ്ത്രം എന്നിവയെക്കുറിച്ച് സിലബസിൽ ഒതുങ്ങിനിന്നുള്ള ആഴത്തിലുള്ള ധാരണകളും അവയെ ആനുകാലിക സംഭവങ്ങളോട് ചേർത്തുവെച്ചുള്ള അപഗ്രഥനശേഷിയുമാണ് വേണ്ടത്. നാലോ അഞ്ചോ വർഷത്തെ ആനുകാലിക സംഭവ വികാസങ്ങളെ വിശകലനം ചെയ്യാൻ ഉത്സാഹം കാണിക്കുന്നവർക്ക് – പഴയ പത്രങ്ങൾ, ഇയർ ബുക്ക് എന്നിവയിലൂടെ എങ്കിലും - സിവിൽ സർവിസ് പരീക്ഷ നേടിയെടുക്കാവുന്ന ഒന്നാണ്. ലോകത്തെ സകല വിവരങ്ങളും അരച്ചുകലക്കി കുടിച്ച സൂപ്പർ കമ്പ്യൂട്ടർ ആവണം നമ്മുടെ തല എന്നൊക്കെ ചിന്തിക്കുന്നത് തന്നെ അബദ്ധമാണ്.
സിവിൽ സർവിസ് പരീക്ഷകളുടെ ചരിത്രവും വസ്തുതയും പരിശോധിച്ചാൽ മനസ്സിലാകുന്ന കാര്യം, ഒരു മുൻധാരണകളും അറിവും ഇല്ലാതിരുന്നിട്ടുപോലും ഒന്നോ രണ്ടോ വർഷത്തെ ഒരുക്കങ്ങൾ കൊണ്ടുതന്നെ അത് നേടിയെടുത്ത ഒട്ടേറെ പേരുണ്ട് എന്നുള്ളതാണ്. ചിട്ടയായി ഒരുക്കങ്ങൾ നടത്തിയ അധികപേരും സിവിൽ സർവിസ് പരീക്ഷ ലഭിച്ചില്ലെങ്കിൽ പോലും കേന്ദ്ര, സംസ്ഥാന തലത്തിലുള്ള മത്സരപരീക്ഷകൾ വിജയിച്ച് നല്ല ജോലിയിൽ കയറിയിട്ടുണ്ട്. കഷ്ടപ്പെട്ട് എഴുതിയിട്ടും ഐ.എ.എസും ഐ.പി.എസും ഒന്നുംനേടാനായില്ലെങ്കിലും വേറെ ജോലി കിട്ടും എന്നർഥം.
സിവിൽ സർവിസ് പരീക്ഷയിലെ പ്രധാന കടമ്പയായ ഇന്റർവ്യൂവിൽ ചുണ്ടിനും കപ്പിനും ഇടയിൽ അവസരം നഷ്ടപ്പെടുന്നവർക്ക് മറ്റൊരു വ്യത്യസ്തമായ അവസരമുണ്ട്. അവസാനം വരെ പടപൊരുതിയിട്ടും ലിസ്ററിൽ കയറിപ്പറ്റാനാകാത്തവരുടെ പേരുവിവരങ്ങളും കിട്ടിയ മാർക്കും അവർക്ക് താൽപര്യമുണ്ടെങ്കിൽ അവരുടെ സമ്മതത്തോടെ യു.പി.എസ്.സി, സൈറ്റിൽ പ്രസിദ്ധീകരിക്കും. താൽപര്യമുള്ള പൊതുമേഖല സ്ഥാപനങ്ങൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും ഇവർക്ക് തൊഴിൽ നൽകാവുന്നതാണ്. ഇതുവഴി, സിവിൽ സർവിസ് ഉദ്യോഗാർഥികൾക്ക് മികച്ച മറ്റു അവസരങ്ങൾ ലഭ്യമാകുന്നു. നിങ്ങളുടെ കഷ്ടപ്പാടുകൾ പാഴായിപ്പോകില്ല എന്നർഥം. ഇനി ഇതുവരെ ഒന്നും ചെയ്യാത്തവരോട് ഒരു കാര്യം, ഇനിമുതൽ പത്രങ്ങളിലെ വാർത്തകളെ, ഫീച്ചറുകളെ, റിപ്പോർട്ടുകളെ ഇന്ത്യൻ ചരിത്രം, ദേശീയ–അന്തർദേശീയ രാഷ്ട്രീയം, സമ്പദ് വ്യവസ്ഥ, ഭൂമിശാസ്ത്രം എന്നിവയുമായൊക്കെ ബന്ധപ്പെടുത്തി ഒന്ന് പുനർവായിച്ച് തുടങ്ങൂ. അതോടൊപ്പം 11, 12 ക്ലാസുകളിലെ ഹിസ്റ്ററി, ജ്യോഗ്രഫി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ് ടെക്സ്റ്റ് പുസ്തകങ്ങൾ എടുത്ത് വായന തുടങ്ങുക. സിവിൽ സർവിസ് മുന്നൊരുക്കങ്ങളുടെ നല്ലൊരു പങ്കും അവിടെയാണ്. പ്രിലിമിനറിയിലെ അഭിരുചി ടെസ്റ്റിലെ ഉള്ളടക്കം ഒരുവിധം എല്ലാ തൊഴിൽ മത്സര പരീക്ഷകളുടെയും അടിസ്ഥാനമാണ്. അതും പരിശീലിച്ച് തുടങ്ങുക.
നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം എന്നതുപോലെ ഈ പരിശീലനം ഏറ്റവും കുറഞ്ഞത് ഒരു ചെറിയ സർക്കാർ ജോലിയെങ്കിലും നേടിത്തരും. എന്നാൽ തുടങ്ങാം, ഇന്ത്യൻ സിവിൽ സർവീസെന്ന സ്വപ്നസദൃശമായ കരിയറിലെത്താനുള്ള പ്രയാണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.