കുറഞ്ഞ ചെലവിൽ മികച്ച വിദ്യാഭ്യാസം നേടണോ? വരൂ...നോർവേയും ജർമനിയും തായ്‍വാനും നിങ്ങളെ കാത്തിരിക്കുന്നു
text_fieldsവിദേശരാജ്യങ്ങളിൽ ജീവിക്കുക എന്നത് ചെലവേറിയ കാര്യമാണ്. പഠിക്കാൻ പോകുന്ന കാര്യമാണെങ്കിൽ കീശ കാലിയാകുന്ന കാര്യം പറയേണ്ടതില്ല. ഇന്ത്യയെ പോലുള്ള രാജ്യങ്ങളിലെ വിദ്യാർഥികളുടെ ആകർഷക കേന്ദ്രങ്ങളിലൊന്നാണ് ആസ്ട്രേലിയ. ഒരു വർഷത്തെ പഠനത്തിനു മാത്രം ഇവിടെ ശരാശരി ഏതാണ്ട് 42,093 യു.എസ് ഡോളർ(ഏകദേശം 33.4 ലക്ഷം രൂപ) ചെലവു വരും. ഗുണമേൻമ ഒട്ടും നഷ്ടപ്പെടാതെ എന്നാൽ പോക്കറ്റിലൊതുങ്ങുന്ന ബജറ്റിൽ വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിയുന്ന ചില രാജ്യങ്ങളുമുണ്ട്. ആ രാജ്യങ്ങളെ പരിചയപ്പെടുത്തുകയാണിവിടെ.
നോർവേ
കുറഞ്ഞ ബജറ്റിൽ അന്താരാഷ്ട്ര വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് ആശ്രയിക്കാവുന്ന രാജ്യമാണ് നോർവേ. മനുഷ്യാവകാശങ്ങളുടെയും സാംസ്കാരിക സ്വാതന്ത്ര്യത്തിന്റെയും കാര്യത്തിൽ ഒന്നാംനമ്പർ രാജ്യമാണിത്. യു.എൻ കണക്കനുസരിച്ച് ജീവിക്കാൻ ഏറ്റവും മികച്ച രാജ്യമാണ് നോർവേ. ഇവിടത്തെ പൊതു സർവകലാശാലകളിൽ മറ്റുരാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളിൽ നിന്ന് ട്യൂഷൻ ഫീസ് ഈടാക്കുന്നില്ല. പൊതുവിദ്യാഭ്യാസം ഈ രാജ്യത്ത് തികച്ചും സൗജന്യമാണ്. ഓസ്ലോ യൂനിവേഴ്സിറ്റി, ബെർഗൻ യൂനിവേഴ്സിറ്റി എന്നിവ ഇവിടത്തെ മികച്ച സർവകലാശാലകളാണ്.
തായ്‍വാൻ
തായ്‍വാനിലെ ജീവിതനിലവാര ചെലവ് യു.എസിനെ അപേക്ഷിച്ച് ഏതാണ്ട് 23.24 ശതമാനം കുറവാണ്. ആർക്കും പ്രാപ്യമായ ഹെൽത്ത് കാർഡ് സംവിധാനവും ഇവിടെയുണ്ട്. താരതമ്യേന സൗകര്യപ്രദമായ ജീവിത രീതിയുമാണ്. വിദ്യാഭ്യാസ ചെലവിന്റെ കാര്യത്തിലും മറിച്ചല്ല. തായ്‍വാനിലെ സ്വകാര്യ,സർക്കാർ യൂനിവേഴ്സിറ്റികളിൽ ഈടാക്കുന്ന ഫീസ് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് താരതമ്യേന കുറവാണ്. യു.എസിൽ ഒരു വർഷം 1650 ഡോളറിനും 2500 ഡോളറിനും ഇടയിലാണ് ചെലവ് എന്നോർക്കണം. കൂടാതെ, തായ്‍വാനിലെ വിദ്യാഭ്യാസ വകുപ്പ് അന്താരാഷ്ട്ര വിദ്യാർഥികൾക്ക് സ്കോളർഷിപ്പുകളും നൽകി വരുന്നുണ്ട്. നാഷനൽ തായ്‍വാൻ യൂനിവേഴ്സിറ്റി, തായ്പേയ് മെഡിക്കൽ യൂനിവേഴ്സിറ്റി, ചൈന മെഡിക്കൽ യൂനിവേഴ്സിറ്റി-തായ്‍വാൻ എന്നിവയാണ് ഇവിടത്തെ മികച്ച സർവകലാശാലകൾ.
ജർമനി
അന്താരാഷ്ട്ര വിദ്യാർഥികളുടെ ലക്ഷ്യകേന്ദ്രങ്ങളിലൊന്നായി മാറിയിരിക്കയാണ് ഇപ്പോൾ ജർമനി. പരിസ്ഥിതി മലിനീകരണം കുറവാണിവിടെ. അതുപോലെ കുറ്റകൃത്യങ്ങളും നിരക്കും. ഓട്ടോമോട്ടീവ്, മെക്കാനിക്കൽ എൻജിനീയറിങ്, കെമിക്കൽ, ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് എന്ന് നാലു വിഭാഗങ്ങളാണ് പ്രധാനമായും ഇവിടെ മേധാവിത്തം പുലർത്തുന്നത്. അതിനാൽ എൻജിനീയറിങ് രംഗത്ത് വിദ്യാർഥികൾക്ക് വൻ സാധ്യതകളാണ് തുറന്നുനൽകുന്നത്. ജർമനിയിലെ സർക്കാർ യൂനിവേഴ്സിറ്റികളിൽ ബിരുദ, പി.എച്ച്.ഡി തലങ്ങളിൽ ട്യൂഷൻ ഫീസ് ഈടാക്കുന്നില്ല. അതാണ് അന്താരാഷ്ട്ര വിദ്യാർഥികളുടെ ഏറ്റവും ആകർഷകം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.