എൽ.പി സ്കൂൾ അധ്യാപക ചുരുക്കപ്പട്ടിക വിപുലീകരണം ട്രൈബ്യൂണൽ തള്ളി
text_fieldsതിരുവനന്തപുരം: വിദ്യാഭ്യാസവകുപ്പിൽ മലപ്പുറം ജില്ലയിലെ ലോവർ പ്രൈമറി സ്കൂൾ ടീച്ചർ (മലയാളം മാധ്യമം) തസ്തികയിലേക്ക് കഴിഞ്ഞവർഷം ആഗസ്റ്റ് 26ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉദ്യോഗാർഥികളുടെ എണ്ണം നിശ്ചയിച്ചത് നിയമാനുസൃതമാണെന്ന് കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ. ജില്ലയിൽ ചുരുക്കപ്പട്ടിക തയാറാക്കിയപ്പോൾ 477 ഒഴിവുകൾ ഉണ്ടായിരുെന്നന്നും ഇതനുസരിച്ച് ഉദ്യോഗാർഥികളെ ഉൾപ്പെടുത്തിയിട്ടില്ലെന്നുമായിരുന്നു പരാതി.
പരീക്ഷയെഴുതിയ പല ഉദ്യോഗാർഥികൾക്കും അവസരം നഷ്ടമായെന്നും പട്ടികയുടെ വലുപ്പം കൂട്ടാൻ ഉത്തരവിടണമെന്നും ആവശ്യപ്പെട്ട് മൂന്ന് ഉദ്യോഗാർഥികളാണ് ട്രൈബ്യൂണലിനെ സമീപിച്ചത്. സമാന വിഷയങ്ങളിലെ മുൻ ഉത്തരവുകളും പി.എസ്.സി നടപടിക്രമങ്ങളും പരിശോധിച്ച ട്രൈബ്യൂണൽ പി.എസ്.സിയുടെ തീരുമാനം നിയമവിധേയമാണെന്ന് കണ്ടെത്തുകയായിരുന്നു.
റിപ്പോർട്ട് ചെയ്ത ഒഴിവുകൾ നികത്താനാവശ്യമായ എണ്ണം ഉദ്യോഗാർഥികളെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള അധികാരം പി.എസ്.സിക്കുണ്ടെന്നും ട്രൈബ്യൂണൽ വിലയിരുത്തി. ഒരു റാങ്ക് പട്ടിക നിലവിലിരിക്കെ അത് റദ്ദാകുന്നതിന് മുമ്പ് മറ്റൊരു വിജ്ഞാപനമിറക്കാനും റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനുമുള്ള അധികാരം പി.എസ്.സിക്കുണ്ട്. തെരഞ്ഞെടുപ്പ് പ്രക്രിയ ഒരു തുടർനടപടിയാണ്. നിലവിലുള്ള റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവരെ മാത്രമല്ല ഭാവിയിൽ അർഹത നേടുന്നവരെയും തുല്യനീതിയോടെ കാണേണ്ടതിന്റെ പ്രാധാന്യം ട്രൈബ്യൂണൽ ഉത്തരവിൽ എടുത്തുപറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.