ഇലക്ട്രിക് വാഹനങ്ങളെക്കുറിച്ച് പഠിക്കാൻ കേരളത്തിൽ രണ്ട് കേന്ദ്രങ്ങൾ; കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ജോലി
text_fieldsതിരുവനന്തപുരം: ഇലക്ട്രിക് വാഹനങ്ങളെക്കുറിച്ചുള്ള കോഴ്സുകൾ പഠിപ്പിക്കുന്ന സെന്റർ ഓഫ് എക്‌സലൻസ് തവനൂരും കുന്നന്താനത്തും ആരംഭിക്കുന്നു. അഡീഷനൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്) കേരളയും ഇംപീരിയൽ സൊസൈറ്റി ഓഫ് ഇന്നൊവേറ്റീവ് എൻജിനിയേഴ്സും (ഐ.എസ്.ഐ.ഇ ഇന്ത്യ) ചേർന്നാണ് ഈ കേന്ദ്രങ്ങൾ തുടങ്ങുന്നത്.
മലപ്പുറം ജില്ലയിലെ തവനൂരും പത്തനംതിട്ട ജില്ലയിലെ കുന്നന്താനത്തുമുള്ള അസാപ് കേരളയുടെ രണ്ട് കമ്യൂണിറ്റി സ്‌കിൽ പാർക്കുകളിലാണ് ഇലക്ട്രിക് വെഹിക്കിൾ സെന്റർ ഓഫ് എക്സലൻസ് സജ്ജീകരിക്കുക. എം.ജി മോട്ടോഴ്സ്, ഹീറോ ഇലക്ട്രിക്, ഒലെക്ട്രാ ഗ്രീൻ ടെക് എന്നിവയുടെ സഹകരണവുമുണ്ട്.
ഈ മികവിന്റെ കേന്ദ്രങ്ങൾ ഹൈബ്രിഡ്, ഇലക്ട്രിക് വാഹന മേഖലയിൽ വിദ്യാഭ്യാസപരവും തൊഴിൽപരവുമായ പങ്കാളിത്തം സുഗമമാക്കാനുള്ള രാജ്യത്തെ തന്നെ ആദ്യ സംരംഭമാണ്. കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി ഐ.എസ്.ഐ.ഇ ഇന്ത്യയുമായി അസാപ് കേരള ധാരണാപത്രം ഒപ്പുവച്ചു.
സാങ്കേതിക ഡിപ്ലോമ, എൻജിനീയറിങ് വിദ്യാർഥികൾ എന്നിവർക്കാണ് പരിശീലനം ലഭിക്കുക. പരിശീലനം മികച്ച രീതിയിൽ പൂർത്തിയാക്കുന്നവർക്ക് ജോലിയും ഉറപ്പ് നൽകുന്നുണ്ട്.
ഇലക്ട്രിക് വാഹനങ്ങളുടെ പ്രവർത്തനം, നിർമാണം, ഡിസൈൻ തുടങ്ങിയവയിൽ മികച്ച അറിവ് പ്രദാനം ചെയ്യുന്ന കോഴ്സുകളാണ് കേന്ദ്രങ്ങളിൽ പഠിപ്പിക്കുക. പട്ടികജാതി വികസന വകുപ്പാണ് കേന്ദ്രങ്ങൾ സ്ഥാപിക്കാൻ ധനസഹായം നൽകുന്നത്. പട്ടികജാതി വിദ്യാർഥികളുടെ പരിശീലനത്തിന് ആവശ്യമായ ധനസഹായവും വകുപ്പ് നൽകും.
ഇലക്ട്രിക് വെഹിക്കിൾ പവർട്രെയിൻ സർട്ടിഫൈഡ് ഡിപ്ലോമ, ആർക്കിടെക്ചർ ആൻഡ് എനർജി സ്റ്റോറേജ്, സർട്ടിഫൈഡ് ഡിപ്ലോമ ഇൻ ഇലക്ട്രിക് വെഹിക്കിൾ ഡിസൈൻ സിമുലേഷൻ ആൻഡ് കമ്പോാണന്റ് സെലക്ഷൻ, എക്സിക്യൂട്ടീവ് പിജി ഇൻ ഇലക്ട്രിക് വെഹിക്കിൾ എൻജിനീയറിങ് തുടങ്ങിയ കോഴ്സുകൾ ആദ്യ ഘട്ടത്തിൽ നൽകും. ഐ.എസ്.ഐ.ഇ യിലെ വിദഗ്ധരാണ് പരിശീലനം നൽകുക.
എസ്.എം.ഇ.വി (സൊസൈറ്റി ഓഫ് മാനുഫാക്ചറേഴ്‌സ് ഓഫ് ഇലക്ട്രിക്ക് വെഹിക്കിൾസ്), എ.എസ്.ഡി.സി (ഓട്ടോമോട്ടീവ് സ്‌കിൽ ഡെവലപ്‌മെന്റ് കൗൺസിൽ) എന്നിവയാണ് സർട്ടിഫിക്കേഷനും മൂല്യനിർണയവും നടത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.