ടൈപ്പിസ്റ്റ് ഉദ്യോഗാർഥികൾ സമരത്തിലേക്ക്
text_fieldsചെറുവത്തൂർ: പി.എസ്.സിയുടെ ടൈപ്പിസ്റ്റ് ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട നൂറുകണക്കിന് ഉദ്യോഗാർഥികൾ സംസ്ഥാന വ്യാപകമായി പ്രക്ഷോഭത്തിലേക്ക്. കഴിഞ്ഞ മന്ത്രിസഭ തീരുമാനത്തിൽ, കമ്പ്യൂട്ടർവത്കരിച്ച വകുപ്പുകളിലെ ടൈപ്പിസ്റ്റ് തസ്തികകൾ പുനർവിന്യസിക്കാൻ തീരുമാനിച്ച നടപടിയിൽ പ്രതിഷേധിച്ചാണിത്. സംസ്ഥാനത്തെ കൊമേർഷ്യൽ ഇൻസ്റ്റിറ്റ്യൂട്ട്, വി.എച്ച്.എസ്.സി, പോളിടെക്‌നിക്, കെ.ജി.ടി.ഇ ടൈപ്പ് റൈറ്റിങ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നും പഠിച്ചിറങ്ങുന്ന ആയിരക്കണക്കിന് ഉദ്യോഗാർഥികളുടെ ഭാവിയെ സർക്കാറിെൻറ പുതിയ തീരുമാനം പ്രതികൂലമായി ബാധിക്കും. സർക്കാർ സംവിധാനത്തിൽ ടൈപ്പിസ്റ്റ് തസ്തികയുടെ പേര് കമ്പ്യൂട്ടർ അസിസ്റ്റൻറ് എന്ന് മാറ്റാൻ 10ാം ശമ്പള കമീഷൻ ശിപാർശ ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെയും നടപ്പാക്കിയിട്ടില്ല.
പരിഷ്കരിച്ച സിലബസ് പ്രകാരം, കമ്പ്യൂട്ടർ പരിജ്ഞാനം നേടിയ ഉദ്യോഗാർഥികളാണ് ഇവിടങ്ങളിൽ നിന്നും പഠിച്ചിറങ്ങുന്നത്. സർക്കാർ പുനർവിന്യാസത്തിെൻറ പേരിൽ ഈ തസ്തിക വെട്ടിച്ചുരുക്കുന്ന നടപടി കഴിഞ്ഞ കുറച്ചുവർഷങ്ങളായി സ്വീകരിച്ചു വരുന്നുണ്ട്. അതിനാൽ, റാങ്ക് ലിസ്റ്റിൽ ഇടംനേടുന്ന ഉദ്യോഗാർഥികൾക്ക് നിയമനം ലഭിക്കാതെ ഇത് തിരിച്ചടിയാകും. സർക്കാർ ജോലി ലഭിക്കുക എന്ന ഉദ്ദേശ്യത്തോടെ സർക്കാർ സ്ഥാപനങ്ങളിൽനിന്നും പഠിച്ചിറങ്ങുന്നവർക്ക് പുതിയ തീരുമാനം കടുത്ത നിരാശയാണ് നൽകുന്നത്. രണ്ടുവർഷം കാലാവധിയുള്ള കോഴ്‌സുകൾ നേടിയവരാണ് ഭൂരിഭാഗം ഉദ്യോഗാർഥികളും.
ഇവരുടെ ജോലി ലഭ്യത സർക്കാർ ഓഫിസുകളിൽ മാത്രമാണ്. സർക്കാർ സംവിധാനത്തിൽ ടൈപ്പിസ്റ്റ് തസ്തികക്ക് എസ്.എസ്.എൽ.സി കൂടാതെ ഇംഗ്ലീഷ്, മലയാളം ടൈപ്പിങ് യോഗ്യത, കമ്പ്യൂട്ടർ വേർഡ് പ്രോസസിങ് എന്നിവ ആവശ്യമാണ്.
നിലവിൽ ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റുകളുടെ കാലാവധി അവസാനിച്ചിട്ട് ഒരുവർഷം കഴിഞ്ഞു. പുതിയ വിജ്ഞാപനപ്രകാരം ഈ തസ്തികകളിലേക്ക് പി.എസ്.സി പരീക്ഷ നടത്തിയെങ്കിലും റാങ്ക് ലിസ്റ്റ് നിലവിൽ വന്നിട്ടില്ല. ടൈപ്പിസ്റ്റ് യോഗ്യതയുള്ള എണ്ണായിരത്തിൽ അധികം ഉദ്യോഗാർഥികൾ വിവിധ ജില്ലകളിലെ ഷോർട്ട് ലിസ്റ്റുകളിൽ ഉൾപ്പെട്ടിട്ടുണ്ട്.
മലയാളം ഭരണഭാഷ ആക്കുകയും സർക്കാർ സംവിധാനം കമ്പ്യൂട്ടർവത്കരിക്കുകയും ചെയ്ത സാഹചര്യത്തിൽ കമ്പ്യൂട്ടർ പരിജ്ഞാനമുള്ള ടൈപ്പിസ്റ്റ് തസ്തികയോട് സർക്കാർ അവഗണന കാണിക്കരുതെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.