ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ റാംപ് ഡ്രൈവർ, ഹാൻഡിമാൻ 422 ഒഴിവുകൾ
text_fieldsഎയർ ഇന്ത്യ (AI) എയർപോർട്ട് സർവീസസ് ലിമിറ്റഡ് ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് യൂട്ടിലിറ്റി ഏജന്റ്-കം-റാംപ് ഡ്രൈവർ (130 ഒഴിവുകൾ), ഹാൻഡിമാൻ/ഹാൻഡി വിമെൻ (292) തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ 3 വർഷത്തേക്ക് നിയമനം നടത്തുന്നു. മേയ് 2, 4 തീയതികളിൽ രാവിലെ 9 മുതൽ ഉച്ചക്ക് 12 മണിവരെ എയർ ഇന്ത്യ യൂനിറ്റി കോംപ്ലക്സ്, പല്ലവാരം, കന്റോൺമെന്റ്, ചെന്നൈയിൽ വാക്ക്-ഇൻ- ഇന്റർവ്യൂ നടത്തി തെരഞ്ഞെടുക്കും. പുരുഷന്മാർക്കും വനിതകൾക്കും അഭിമുഖത്തിൽ പങ്കെടുക്കാം. വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം, അപേക്ഷാ ഫോറം www.aiasl.inൽനിന്നും ഡൗൺലോഡ് ചെയ്യാം.
യൂട്ടിലിറ്റി ഏജന്റ്-കം-റാംപ് ഡ്രൈവർ തസ്തികക്ക് എസ്.എസ്.എൽ.സി/തത്തുല്യ പരീക്ഷ പാസായി പ്രാബല്യത്തിലുള്ള ഹെവി മോട്ടോർ വെഹിക്കിൾ ഡ്രൈവിങ് ലൈസൻസുള്ളവർക്ക് ഇന്റർവ്യൂവിന് ഹാജരാകാം. ട്രേഡ് ടെസ്റ്റിൽ പ്രാവീണ്യം തെളിയിക്കണം. പ്രായപരിധി 28 വയസ്സ്. ഒ.ബി.സികാർക്ക് 3 വർഷവും പട്ടികജാതി/വർഗക്കാർക്ക് 5 വർഷവും ഇളവുണ്ട്. ശമ്പളം പ്രതിമാസം 24960 രൂപ.
ഹാൻഡിമാൻ/ഹാൻഡി വിമെൻ തസ്തികക്ക് പത്താംക്ലാസ്/തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. ഇംഗ്ലീഷ്, ഹിന്ദി, പ്രാദേശിക ഭാഷകളിൽ പരിജ്ഞാനമുണ്ടാകണം. പ്രായപരിധി 28 വയസ്. പട്ടികജാതി/വർഗ/ഒ.ബി.സി വിഭാഗങ്ങൾക്ക് നിയമാനുസൃത വയസ്സിളവുണ്ട്. ശമ്പളം പ്രതിമാസം 22530 രൂപ. കായികക്ഷമത, പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
വാക്ക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കുന്നവർ നിർദിഷ്ട ഫോറത്തിൽ തയാറാക്കിയ അപേക്ഷ, ബന്ധപ്പെട്ട സർട്ടിഫിക്കറ്റ്/രേഖകളുടെ ശരിപ്പകർപ്പുകൾ, അപേക്ഷാ ഫീസായി എ.ഐ. എയർപോർട്ട് സർവീസസ് ലിമിറ്റഡിന് മുംബൈയിൽ മാറ്റാവുന്ന 500 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് (വിമുക്ത ഭടന്മാർക്കും പട്ടികജാതി/വർഗ വിഭാഗങ്ങൾക്കും ഫീസില്ല) എന്നിവ കൈവശം കരുതണം. പാസ്പോർട്ട് വലിപ്പമുള്ള കളർ ഫോട്ടോ അപേക്ഷയിൽ പതിച്ചിരിക്കണം. ഡിമാന്റ് ഡ്രാഫ്റ്റിന് പുറകിൽ പൂർണമായ പേരും മൊബൈൽ നമ്പറും എഴുതിയിരിക്കണം. പ്രാബല്യത്തിലുള്ള പാസ്പോർട്ടുള്ളവർ അതിന്റെ ഫോട്ടോകോപ്പിയും അസലും കൈവശം വെക്കേണ്ടതാണ്. സെലക്ഷൻ നടപടികൾ അടക്കം കൂടുതൽ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.