അവധിയാശാൻമാർ കരുതിയിരിക്കുക; ശമ്പളം കുറയും
text_fieldsകാര്യമായ അവധിയൊന്നും എടുക്കാതെ എന്നും ഓഫിസിൽ വരുന്നവരും പരമാവധി അവധിയെടുക്കുന്നവരും തങ്ങൾക്ക് ഒരുപോലെയല്ലെന്ന സൂചനയുമായി പ്രമുഖ ഐ.ടി കമ്പനികൾ. ശമ്പളത്തിലെ വേരിയബിൾ പേ നിശ്ചിത ശതമാനമെങ്കിലും ലഭിക്കണമെങ്കിൽ 60 ശതമാനം ഹാജർ വേണമെന്ന് നിർബന്ധമാക്കിയിരിക്കുകയാണ് രാജ്യത്തെ ഒന്നാംനിര ഐ.ടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവിസസ് (ടി.സി.എസ്).
ഓഫിസ് ഹാജർ വർധിപ്പിക്കാനാണ് ഈ നീക്കമെന്നാണ് കമ്പനിയുടെ അവകാശവാദം. 60-70 ശതമാനം ഹാജറുള്ളവർക്ക് വേരിയബിൾ പേ 50 ശതമാനം മാത്രവും 75-85 ശതമാനം ഹാജറുള്ളവർക്ക് 75 ശതമാനം ‘വി.പി’യും ലഭിക്കും.
85 ശതമാനത്തിൽ കൂടുതൽ ഓഫിസിൽ ഹാജരായവർക്കാണ് മുഴുവൻ ‘വി.പി’ക്കും അർഹത. ഓരോ വാർഷിക പാദത്തിലാണ് വേരിയബിൾ പേ കണക്കാക്കുക. കൂടാതെ, വർക്ക് ഫ്രം ഹോം എടുക്കുന്നവർ കമ്പനി നയങ്ങൾ പാലിക്കുന്നുണ്ടോ എന്ന് കൂടുതൽ കർശനമായി വിലയിരുത്താനും തുടങ്ങിയിട്ടുണ്ട്.
വർക്ക് ഫ്രം ഹോം ജീവനക്കാർക്ക് ഏറെ സൗകര്യമാണെങ്കിലും സ്ഥാപനങ്ങൾക്ക് നല്ലത് ഓഫിസിലെത്തിയുള്ള ജോലിയാണെന്നാണ് കമ്പനികളുടെ പുതിയ വിലയിരുത്തൽ. ഇൻഫോസിസ്, വിപ്രോ തുടങ്ങിയ കമ്പനികളും സമാനമായ നയങ്ങൾ കൊണ്ടുവരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.