പി.ജി ഡോക്ടർമാരുടെ ജോലിസമയം; 60 മണിക്കൂർ കുറിപ്പടിയിലൊതുങ്ങി, ആഴ്ചയിലിപ്പോഴും 90
text_fieldsതിരുവനന്തപുരം: മെഡിക്കൽ കോളജുകളിലെ പി.ജി വിദ്യാർഥികളുടെ പ്രവൃത്തിസമയം ആഴ്ചയിൽ 60 മണിക്കൂറായി കുറച്ച് ഉത്തരവിറക്കിയെങ്കിലും ജോലിയിപ്പോഴും 90 മണിക്കൂർ വരെ. അശാസ്ത്രീയ നൈറ്റ് ഷിഫ്റ്റ് ക്രമീകരണവും ജോലിഭാരവുമടക്കം കടുത്ത പ്രതിസന്ധി സൃഷ്ടിക്കുമ്പോഴും ആശുപത്രി സംരക്ഷണ ബിൽ ഭേദഗതി ചെയ്തതിൽ എല്ലാം വെച്ചുകെട്ടി തലയൂരുകയാണ് സർക്കാർ.
ഡോ. വന്ദനയുടെ കൊലപാതകത്തെ തുടർന്നുണ്ടായ സാമൂഹികരോഷത്തിന്റെയും സമരങ്ങളുടെയും പശ്ചാത്തലത്തിലാണ് ഡ്യൂട്ടിസമയം പുനഃക്രമീകരിച്ച് േമയ് 12ന് ഉത്തരവിറക്കിയത്. പ്രതിഷേധവും പ്രക്ഷോഭവുമെല്ലാം കെട്ടടങ്ങിയതോടെ ഉത്തരവും മടക്കി.
ജോലി ഷെഡ്യൂൾ ചെയ്യുന്ന ഡ്യൂട്ടി റോസ്റ്റർ മിക്ക മെഡിക്കൽ കോളജുകളിലുമില്ല. ഇതോടെ ആഴ്ചയിൽ 90 മണിക്കൂർ വരെ പി.ജി ഡോക്ടർമാർ ജോലി ചെയ്യേണ്ടിവരും. രാവിലെ എട്ടിന് തുടങ്ങി അടുത്തദിവസം ആറ് വരെ നീളുന്ന ‘നൈറ്റ് ഷിഫ്റ്റ് ആണ് പലയിടങ്ങളിലും. തുടർന്ന് അന്ന് രാവിലെ എട്ടിന് വീണ്ടും പകൽ ഡ്യൂട്ടിക്കും കയറും. അത് പതിവ് പോലെ വൈകുന്നേരം വരെ നീളും.
സർക്കാർ ആശുപത്രികളിൽ വലിയ പ്രഖ്യാപനത്തോടെ പുതിയ ചികിത്സാസംവിധാനങ്ങൾ തുടക്കമിടുമെങ്കിലും ആവശ്യമായ ഡോക്ടർമാരെയോ ആരോഗ്യപ്രവർത്തകരെയോ നിയമിക്കാറില്ല. നിലവിൽ 90 ലേറെ മണിക്കൂർ ജോലി ചെയ്യുന്ന പി.ജി വിഭാഗത്തെയാണ് ഇങ്ങോട്ടേക്കും വിന്യസിക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളജിലെ എമർജൻസി മെഡിസിൻ വിഭാഗവും തിരുവനന്തപുരത്തെ സ്ട്രോക്ക് യൂനിറ്റ് കാത്ത് ലാബുമെല്ലാം ഇതിനുദാഹരണമാണ്.
ഇവിടെ പുതിയ ഡോക്ടർമാരെ നിയമിക്കാതെ നാഷനൽ മെഡിക്കൽ കമീഷൻ (എൻ.എം.സി) മാർഗനിർദേശങ്ങൾക്ക് വിരുദ്ധമായി മറ്റ് വകുപ്പുകളിലെ പി.ജി വിദ്യാർഥികളെ വിന്യസിക്കുകയാണ്. രോഗികൾക്കനുസരിച്ച് മെഡിക്കൽ കോളജുകളിൽ നോൺ അക്കാദമിക് ജൂനിയർ െറസിഡന്റുമാരെ നിയമിക്കണമെന്ന ആവശ്യം സർക്കാർ ഇനിയും പരിഗണിച്ചിട്ടില്ല.
സമിതിയിൽനിന്ന് വിദ്യാർഥി പ്രതിനിധികൾ പുറത്ത്
തിരുവനന്തപുരം: മെഡിക്കൽ വിദ്യാർഥികളുടെ പ്രശ്നങ്ങൾ പഠിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിൽ രൂപവത്കരിച്ച സമിതിയിൽനിന്ന് പി.ജി വിദ്യാർഥികളുടെയും ഹൗസ് സർജൻമാരുടെയും പ്രതിനിധികൾ പുറത്ത്. ഇവരെ കൂടി ഉൾപ്പെടുത്തുമെന്നായിരുന്നു ധാരണ. കമ്മിറ്റി രൂപവത്കരിച്ച് 20 ദിവസം പിന്നിട്ടിട്ടും ഇതിന് നടപടിയുണ്ടായിട്ടില്ല. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.