സംസ്ഥാന സ്കൂൾ കായികോത്സവ വിജയികൾക്ക് ക്യാഷ് അവാർഡുകൾ വർധിപ്പിച്ചുവെന്ന് വി. ശിവൻകുട്ടി
text_fieldsതിരുവനന്തപുരം : സംസ്ഥാന സ്കൂൾ കായികോത്സവ വിജയികളായ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്കുള്ള ക്യാഷ് അവാർഡുകൾ വർധിപ്പിച്ചതായി മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. തിരുവനന്തപുരം എസ്.എം.വി സ്കൂളിൽ സംഘാടകസമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒന്നാം സ്ഥാനക്കാർക്ക് 2,000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 1,500 രൂപയും മൂന്നാം സ്ഥാനക്കാർക്ക് 1,250 രൂപയുമാണ് നൽകുക. ഗെയിംസിനങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് നിലവിൽ നൽകിക്കൊണ്ടിരിക്കുന്ന പ്രൈസ് മണി ഇരട്ടിയായി വർധിപ്പിച്ചു. സംസ്ഥാന സ്കൂൾ കായികോത്സവത്തിനുള്ള സംഘാടകസമിതിയും രൂപീകരിച്ചു.
സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ അനിൽ, ആന്റണി രാജു എന്നിവർ മുഖ്യ രക്ഷാധികാരികളായ സംഘാടക സമിതിക്കാണ് രൂപം നൽകിയത്. 2022 വർഷത്തെ സംസ്ഥാന സ്‌കൂൾ കായികോത്സവം ഡിസംബർ മൂന്ന് മുതൽ ആറ് വരെ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, യൂനിവേഴ്‌സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിൽ വച്ച് നടക്കും.
അത്‌ലറ്റിക് മത്സരങ്ങളിൽ 86 വ്യക്തിഗത ഇനങ്ങളും 10 ടീമിനങ്ങളും രണ്ട് ക്രോസ് കൺട്രി ഇനങ്ങളും ഉൾപ്പെടെ 98 ഇനങ്ങളിലാണ് മത്സരങ്ങൾ നടത്തപ്പെടുന്നത്. ഏകദേശം 2000-ൽ പരം കുട്ടികൾ നാല് ദിവസങ്ങളിലായി നടക്കുന്ന ഈ കായികോത്സവത്തിൽ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.