പുസ്തകം നോക്കി പരീക്ഷക്ക് സി.ബി.എസ്.ഇ; ആശങ്കയുമായി രക്ഷിതാക്കൾ
text_fieldsന്യൂഡൽഹി: പുസ്തകം നോക്കി (ഓപൺ ബുക്ക് പരീക്ഷ) പരീക്ഷ നടത്താനുള്ള സി.ബി.എസ്.ഇ നീക്കത്തിൽ ആശങ്കയറിയിച്ച് രക്ഷിതാക്കൾ. ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ ശിപാർശകൾക്കനുസൃതമായി ഒമ്പതുമുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്കായി ഓപൺ ബുക്ക് പരീക്ഷ ഏതാനും സ്കൂളുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ സി.ബി.എസ്.ഇ ഉടൻ നടത്തുമെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
ഒമ്പത്, 10 ക്ലാസുകളിൽ ഇംഗ്ലീഷ്, ഗണിതം, ശാസ്ത്രം എന്നിവയിലും 11, 12 ക്ലാസുകളിൽ ഇംഗ്ലീഷ്, ഗണിതം, ബയോളജി എന്നീ വിഷയത്തിലുമായിരിക്കും ഈ വർഷം അവസാനത്തോടെ പരീക്ഷണാടിസ്ഥാനത്തിൽ പരീക്ഷ നടത്തുക. വിദ്യാർഥികൾക്ക് പാഠപുസ്തകമോ പഠനസാമഗ്രികളോ പരീക്ഷാ ഹാളിൽ കൊണ്ടുപോയി അവ ഉത്തരം കണ്ടെത്താൻ ഉപയോഗപ്പെടുത്താം. ഉത്തരം നോക്കി എഴുതുന്നതിനൊപ്പം വിഷയത്തെക്കുറിച്ചുള്ള ധാരണയും ആശയങ്ങൾ വിശകലനം ചെയ്യാനുള്ള കഴിവും അളക്കപ്പെടും.
വിദ്യാർഥികളുടെ ഓർമശക്തിയെ അളക്കുന്നതിന് പകരം കാര്യങ്ങൾ കൂടുതൽ ഗൗരവത്തോടെ വിശകലനം ചെയ്ത് മനസ്സിലാക്കാനുള്ള കഴിവ് വിദ്യാർഥികളിൽ വളർത്തിയെടുക്കാൻ ദേശീയ കരിക്കുലം ഫ്രെയിംവർക്കിൽ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മാറ്റം കൊണ്ടുവരുന്നത്.
ഇത്തരം പരീക്ഷകൾ നടത്തുകയാണെങ്കിൽ നിർദിഷ്ട പാഠപുസ്തകങ്ങൾ വാങ്ങേണ്ടിവരുമെന്നും അതിന്റെ ഭാരംകൂടി വഹിക്കേണ്ടിവരുമെന്നുമാണ് പ്രധാനമായും രക്ഷിതാക്കൾ ചൂണ്ടിക്കാട്ടുന്ന പ്രധാന ആശങ്ക. പരീക്ഷാ നടത്തിപ്പ് അതോറിറ്റി അംഗീകരിച്ച സ്റ്റഡി മെറ്റീരിയലുകൾ മാത്രമേ പരീക്ഷാ സമയത്ത് അനുവദിക്കൂവെന്നും രക്ഷിതാക്കൾ പറയുന്നു. സാധാരണ പരീക്ഷയെക്കാൾ വെല്ലുവിളി നിറഞ്ഞതാണ് ഓപൺ ബുക്ക് പരീക്ഷയെന്ന് വിദ്യാഭ്യാസ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നുണ്ട്.
2014ൽ സി.ബി.എസ്.ഇ ഓപൺ ടെസ്റ്റ് പരീക്ഷ പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയിരുന്നു. ഒമ്പതാം ക്ലാസിലെ ഹിന്ദി, ഇംഗ്ലീഷ്, ഗണിതം, സയൻസ്, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിലും 11ാം ക്ലാസിൽ സാമ്പത്തികശാസ്ത്രം, ബയോളജി, ഭൂമിശാസ്ത്രം എന്നീ വിഷയങ്ങളിലുമായിരുന്നു അന്ന് ഓപൺ ബുക്ക് പരീക്ഷ നടത്തിയത്. പരീക്ഷക്ക് നാല് മാസം മുമ്പുതന്നെ ഇതിനോടനുബന്ധിച്ചുള്ള പഠന മെറ്റീരിയലുകൾ വിദ്യാർഥികൾക്ക് നൽകുകയുണ്ടായി. എന്നാൽ, വേണ്ടത്ര വിജയിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടി പിന്നീട് പിൻവലിക്കുകയാണുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.