ഹരിതക്ക് സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചുകിട്ടും; അദാലത്തില്‍ വിദ്യാഭ്യാസ മന്ത്രിയുടെ ഉറപ്പ്
text_fieldsതിരുവനന്തപുരം: ഫീസ് മുടങ്ങിയതിന്റെ പേരില്‍ കോളജ് അധികൃതര്‍ സര്‍ട്ടിഫിക്കറ്റ് തിരിച്ചു നല്‍കാതിരുന്നതിനാല്‍് ജീവിതം വഴിമുട്ടിയപ്പോഴാണ് തൊളിക്കോട് സ്വദേശിയായ ഹരിത എം.എച്ച്, കരുതലും കൈത്താങ്ങും അദാലത്ത് വേദിയില്‍ എത്തിയത്. എഴുപത് ശതമാനം മാര്‍ക്കോടെയാണ് ഇടുക്കി ജില്ലയിലെ തൊടുപുഴ, വഴിത്തല ശാന്തിഗിരി കോളജില്‍ നിന്ന് ഹരിത ബി.കോം പഠനം പൂര്‍ത്തിയാക്കിയത്.
2017 ല്‍ ബിരുദ പഠനം പൂര്‍ത്തിയാക്കുന്ന ഘട്ടത്തിലാണ് ഹരിതയുടെ അച്ഛന്‍ മരണപ്പെടുന്നത്. തുടര്‍ന്ന് അമ്മ ഉപേക്ഷിച്ചു പോകുകയും ചെയ്തതോടെ മൂന്ന് സെമസ്റ്ററുകളുടെ ഫീസ് മുടങ്ങി. അടുത്ത ബന്ധുക്കളുടെ സംരക്ഷണയിലായിരുന്നു ഹരിതയുടെ ജീവിതം.
മുപ്പതിനായിരം രൂപയോളം കോളജില്‍ തിരിച്ചടച്ചാല്‍ മാത്രമേ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചു നല്‍കുകയുള്ളൂ എന്നാണ് കോളജ് അധികൃതര്‍ ഹരിതയെ അറിയിച്ചത്. ഇപ്പോള്‍ വിവാഹിതയും രണ്ട് പെണ്‍കുട്ടികളുടെ അമ്മയുമാണ് ഹരിത. കൂലിപ്പണിക്കാരനായ ഭര്‍ത്താവിന് ഈ തുക തിരിച്ചടക്കാന്‍ കഴിയാത്ത സാഹര്യമാണ്.
അദാലത്തില്‍ വെച്ച് മന്ത്രി വിഷയത്തില്‍ ഇടപെടുകയും കോളജ് അധികൃതരെ ഫോണില്‍ ബന്ധപ്പെടുകയും ചെയ്തു. വളരെ അനുകൂലമായ സമീപനമാണ് കോളജ് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായത്. സര്‍ട്ടിഫിക്കറ്റുകള്‍ ഉടന്‍ തിരിച്ചു കിട്ടുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതോടെ ഹരിതയുടെ സങ്കടം സന്തോഷത്തിന് വഴിമാറി. സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ ലഭിക്കുമ്പോള്‍ ഒരു ജോലി കണ്ടെത്തണമെന്നും കുടുംബത്തെ സംരക്ഷിക്കണമെന്നുമാണ് ഹരിതയുടെ ആഗ്രഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.