Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightകുട്ടികൾക്കായി ഏറ്റവും...

കുട്ടികൾക്കായി ഏറ്റവും മികച്ച സ്കൂളുകൾ തിരഞ്ഞെടുക്കാം

text_fields
bookmark_border
കുട്ടികൾക്കായി ഏറ്റവും മികച്ച സ്കൂളുകൾ തിരഞ്ഞെടുക്കാം
cancel

കുട്ടികളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടങ്ങളിലൊന്നാണ് ഏർളി ചൈൽഡ്‌ഹുഡ് എഡ്യൂക്കേഷൻ. ഈ കാലഘട്ടത്തിൽ ലഭിക്കുന്ന അനുഭവങ്ങളും വിദ്യാഭ്യാസവും അവരുടെ വ്യക്തി വികാസത്തേയും വൈജ്ഞാനിക കഴിവുകളെയും രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. ഓരോ കുട്ടിയും വ്യത്യസ്തനാണെന്നിരിക്കെ നിങ്ങളുടെ കുട്ടിക്കും നിങ്ങളുടെ സൗകര്യത്തിനും ഏറ്റവും അനുയോജ്യമായ സ്കൂൾ തിരഞ്ഞെടുക്കുന്നത് ഒരു പ്രധാന തീരുമാനമാണ്, അതിനാൽ ശരിയായ തിരഞ്ഞെടുപ്പ് നടത്തുന്നതിന് എന്തെല്ലാം ശ്രദ്ധിക്കേണ്ടതുണ്ടെന്നത് ഓരോ രക്ഷിതാവും അറിഞ്ഞിരിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങളാണ് ഇവിടെ ചർച്ച ചെയ്യുന്നത്.

എല്ലായ്പ്പോഴും സ്കൂളുകൾ ചോദിക്കുന്ന ഭീമമായ ഫീസുകൾ തന്നെ നാം നൽകേണ്ടതുണ്ട്. സ്വകാര്യ, അന്താരാഷ്ട്ര സ്കൂളുകൾ എന്നിവയിൽ ഫീസും നിലവാരവും പല രീതിയിലും വ്യത്യാസപ്പെടാം. എന്നാൽ നാം നൽകുന്ന ഫീസുകൾക്കനുസരിച്ചുള്ള നിലവാരം ഇത്തരം സ്കൂളുകൾക്കുണ്ടോ എന്ന് പരിശോധിക്കാൻ ആരും തുനിയാറില്ല. അത്തരം പരിശോധനകൾ നടത്തുന്നതിനും വിലയിരുത്തുന്നതിനും ഒരു പ്രത്യേക സംവിധാനത്തിൻറെ ആവശ്യകതയെപ്പറ്റി എപ്പോഴെങ്കിലും നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ..?

ഓരോ സ്വകാര്യ സ്കൂളിനും സാധാരണയായി അതിൻറെ ഒഫീഷ്യൽ സ്കൂൾ വെബ്‌സൈറ്റുകളും ബ്രോഷറുകളും കാണും. അവയിൽ വ്യക്തമായി തന്നെ അവർ നൽകുന്ന സേവനങ്ങളെ കുറിച്ചും ട്രെയിനിങ്ങുകളെകുറിച്ചും വിവരങ്ങൾ നല്കിയിട്ടുമുണ്ടായിരിക്കും.

പറഞ്ഞിരിക്കുന്ന എല്ലാ ട്രെയിനിങ്ങുകളും സൗകര്യങ്ങളും കുട്ടികൾക്ക് ലഭിക്കുന്നുണ്ടോ?

സ്കൂളിന്റെ അന്തരീക്ഷം എങ്ങനെയുള്ളതാണ്?

അധ്യാപകർക്ക് എത്രത്തോളം യോഗ്യതയും പ്രവർത്തിപരിചയമുണ്ട്? കുട്ടികളുമായി സ്നേഹപൂർവവും പരിചരണാത്മകവുമായ ബന്ധം സ്ഥാപിക്കാൻ കഴിവുള്ളവരാണോ?

(ചെറിയ ക്ലാസ്സുകളിൽ പഠിപ്പിക്കുന്ന അധ്യാപകർക്ക് കൂടുതൽ അനുഭവവും ചൈൽഡ് സൈക്കോളജിയിലും പെഡഗോജിയിലുമടക്കം സ്പെഷ്യൽ ക്വാളിഫിക്കേഷനുകളും ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. ഇത് വിദ്യാർഥികൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കാനും വ്യക്തിപരമായ ശ്രദ്ധ ലഭിക്കാനും, കുട്ടികളിൽ ചെറിയ പ്രായത്തിൽ മെന്റൽ ട്രോമ കൾ ഉണ്ടാക്കുന്നത് കുറക്കാനും സഹായിക്കും എന്നറിയുക)

സ്കൂളിന് വൃത്തിയുള്ളതും സുരക്ഷിതവുമായ അന്തരീക്ഷമുണ്ടോ? കുട്ടികൾക്ക് കളിക്കാനും പഠിക്കാനും ധാരാളം സ്ഥലമുണ്ടോ?

സ്കൂൾ എന്ത് തരത്തിലുള്ള പഠനപദ്ധതിയാണ് വാഗ്ദാനം ചെയ്യുന്നത്? സ്കൂൾ ഫീസ് നിങ്ങളുടെ ബജറ്റിന് അനുയോജ്യമാണോ?

കുട്ടികളുടെ യഥാർത്ഥ കഴിവുകൾ കണ്ടെത്താൻ ഏതുതരത്തിലുള്ള പാഠ്യേതര പ്രവർത്തനങ്ങൾ വാഗ്ദാനം ചെയ്യുന്നു?

കലാ കായിക പ്രവർത്തനങ്ങൾക്ക് സ്കൂൾ എത്രത്തോളം പ്രാധാന്യം നൽകുന്നു?

ഇത്തരം കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കാനും പരിശോധിക്കാനുമറിയാത്തവരും അതിനൊന്നും സമയമില്ലാത്തവരുമാണ് നമ്മളിൽ ഭൂരിഭാഗം ആളുകളും എന്നതാണ് വസ്തുത. മാർക്കറ്റിൽ നിന്നു വാങ്ങിക്കുന്ന ഉൽപന്നങ്ങളുടെ നിലവാരം കുറവാണെങ്കിൽ നമ്മൾ തിരിച്ചറിയുകയും കൺസ്യൂമർ കോർട്ടുകളിലടക്കം പോകുകയും ചെയ്യുന്ന ഈ ആധുനിക കാലത്തും നൽകുന്ന ഫീസുകൾക്കനുസരിച്ചുള്ള സ്കൂളുകളുടെ നിലവാരം തിരിച്ചറിയാനും വിലയിരുത്താനും കഴിയാതെ പോകുന്നത് നിർഭാഗ്യകരമാണ്.

മോണ്ടിസ്സോറി പോലുള്ള പുതിയ പഠന രീതികളുള്ള സ്കൂളുകളിൽ തങ്ങളുടെ കുട്ടികളെ ചേർക്കുകയും രക്ഷിതാക്കളുടെ അറിവില്ലായ്മകൊണ്ട് സ്കൂളുകളിൽ നിന്നും കുട്ടികൾക്ക് ഹോം വർക്കുകൾ ലഭിക്കുന്നില്ല എന്ന് രക്ഷിതാക്കൾ നിരന്തരം പരാതിപ്പെടുകയും ചെയ്യുന്നത് പതിവാണ്. പരമ്പരാഗത രീതിയിലുള്ള പഠിപ്പിക്കലുകളല്ല അവിടെ നടക്കുന്നത് മറിച്ച് കുട്ടികളുടെ മനഃശാസ്ത്രം ആസ്പദമാക്കിയുള്ള ആധുനിക പഠിപ്പിക്കൽ രീതികളാണ് അത്തരം സ്കൂളുകളിലും ക്ലാസ് റൂമുകളിലും നടക്കുന്നതെന്ന് രക്ഷിതാക്കൾ പ്രത്യേകം മനസ്സിലാക്കേണ്ടതുണ്ട്.

കുട്ടികളെ പ്രത്യേകിച്ച് ഇത്തരം സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളെ പ്രഫഷനലി ക്വാളിഫൈഡ് അല്ലാത്ത ഒരാളും പഠിപ്പിക്കുന്നത് ഭൂഷണമല്ല. കാരണം വ്യത്യസ്ത മാന സികാവസ്ഥയിലുള്ള രക്ഷിതാക്കൾ കുട്ടികളെ ഭയപെടുത്തിയും പേടിപ്പിച്ചും പഠിപ്പിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ഇതുതുകൊണ്ടാണ് ഈ സ്കൂളുകൾ പുസ്തകങ്ങൾ പോലും വീടുകളിലേക്ക് കൊടുത്തുവിടാത്തത്. അമിതമായ പഠന സമ്മർദ്ദവും അധികാര രീതിയിലുള്ള പഠിപ്പിക്കൽ രീതികളും അവരുടെ വളർച്ചയെയും പഠിക്കാനുള്ള താൽപര്യത്തെയും തടസ്സപ്പെടുത്തും.

കുട്ടികളെ വഴക്കു പറയുകയോ നിരന്തരം ശകാരിക്കുകയോ ചെയ്യുന്ന അമിത കർക്കശക്കാരായ അധ്യാപകരും മാതാപിതാക്കളും കുട്ടികളുടെ സ്വാഭാവിക ജിജ്ഞാസയെയും പഠിക്കാനുള്ള ആഗ്രഹത്തെയും ഇല്ലാതാക്കുന്നു. ഇത്തരക്കാർ കുട്ടികൾക്ക് പഠനത്തിന് വിരുദ്ധമായ ഭീകരതയുടെ അന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്. കുട്ടികൾക്ക് ഭയന്നോ നിരന്തര ഭീഷണിയിലോ ഒരിക്കലും സമാധാനത്തോടെ പഠിക്കാൻ കഴിയില്ല എന്ന വസ്തുത നാമോരോരുത്തരും തിരിച്ചറിയണം. നിങ്ങൾ രക്ഷിതാക്കൾ വളരെ നല്ല മാനസികാവസ്ഥയിലായിരിക്കുമ്പോൾ മാത്രമേ കുട്ടികളെ പഠിപ്പിക്കാനിരിക്കാവൂ. ഇല്ലെങ്കിൽ അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് പല പഠനങ്ങളും തെളിയിക്കുന്നു.

അധ്യാപകരുടെ മാനസിക നില പരിശോധിക്കുന്നതിനും അവരുടെ ഫ്രസ്ട്രേഷനുകളും മറ്റുപ്രശ്നങ്ങളും കൈകാര്യം ചെയ്യാൻ സഹായിക്കുന്നതിനായി സ്കൂളുകളിൽ ഒരു മെന്റൽ ഹെൽത്ത് പ്രൊഫെഷണലിനെ നിയോഗിക്കണം എന്ന് പറയുന്നതിലെ യുക്തിയും ഇതുതന്നെയാണ്.

ഫിൻലാൻഡിലെപോലുള്ള പ്ലേഫുൾ ആൻഡ് എക്സ്പീരിയൻഷ്യൽ എഡ്യൂക്കേഷനും മോണ്ടിസോറി പോലുള്ള ഏർളി ചൈൽഡ്‌ഹുഡ് എഡ്യൂക്കേഷനിലെ പുരോഗമന വിദ്യാഭ്യാസ രീതികളിൽ കുട്ടികളുടെ വൈജ്ഞാനികവും ശാരീരികവും സാമൂഹികവും വൈകാരികവുമായ വികസനത്തിന് ഊന്നൽ നൽകുന്ന പ്രവർത്തനങ്ങളാണ് കൂടുതലും ഉൾപ്പെടുത്തിയിട്ടുള്ളത് എന്ന് കാണാൻ കഴിയും. ഇത്തരം ആധുനിക പഠന രീതികൾ നടപ്പാക്കുന്ന സ്കൂളുകൾ കുട്ടികൾക്ക് വളരെ സന്തോഷത്തോടെ പോകാനുള്ള ഇടങ്ങളായാണ് കണക്കാക്കുന്നത്. കുട്ടികളുടെ ഇഷ്ട്ടത്തിനനുസരിച്ച് പാഠഭാഗങ്ങൾ ആസ്വദിച്ചു പഠിക്കാവുന്ന രീതിയിലാണ് സിലബസുകളും സംവിധാനങ്ങളും ഒരുക്കിയിട്ടുള്ളത്. മാത്രമല്ല ഇവിടെ കുട്ടികൾക്ക് സോഷ്യൽ ആൻഡ് ഇമോഷണൽ ലേർണിംഗിനുള്ള ധാരാളം അവസരങ്ങളുമുണ്ടാകും.

കുട്ടികളുടെ ശാരീരികവും വൈജ്ഞാനികവും വൈകാരികവും സാമൂഹികവുമായ വികസനത്തിന് സമപ്രായക്കാരോടൊപ്പമുള്ള വിപുലമായ കളികൾ വളരെ അത്യന്താപേക്ഷിതമാണ്. ഇത് വെറും പഠനങ്ങൾക്കപ്പുറം ജീവിതത്തിൽ അത്യാവശ്യമായ കഴിവുകൾ വളർത്തുന്നു. കുട്ടികളുടെ അക്കാദമിക്ക് പഠനം വളരെ ചെറുപ്പത്തിൽ തന്നെ ആരംഭിക്കുകയും അമിതമായ ഹോംവർക്ക് നൽകുകയും ചെയ്യുന്നത് അവരുടെ വികസനത്തിന് ആവശ്യമായ വിലയേറിയ കളി സമയം നഷ്ടപ്പെടുത്തുന്നു എന്നുള്ളത് ഓർക്കേണ്ടതാണ്. ആരോഗ്യകരവും ആത്മവിശ്വാസവും നന്നായി പൊരുത്തപ്പെടുന്ന വ്യക്തികളായി വളരാനും കുട്ടികൾക്ക് ധാരാളം ഘടനയില്ലാത്ത കളി സമയം ആവശ്യമാണെന്നും നാം പ്രതേകം മനസ്സിലാക്കേണ്ടതുണ്ട്.

പ്ലേ ഫുൾ ലേർണിംഗും എക്സ്പീരിയൻഷ്യൽ ലേർണിങ്ങും കുഞ്ഞുങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസത്തിൽ വളരെ വളരെ പ്രധാനപ്പെട്ടതാണ് കാരണം ഇത് കുട്ടികളുടെ സമഗ്രവികസനത്തിന് വളരെ അത്യന്താപേക്ഷിതമായ കാര്യമാണ്.

എന്താണ് പ്ലേ ഫുൾ ലേണിങ്

കുട്ടികൾക്കായി അവരുടെ പ്രായത്തിനനുസൃതമായി ചില പ്രത്യേക കളികൾ ചിട്ടപ്പെടുത്തി പഠനം കൂടുതൽ രസകരവും ആകർഷകവുമാക്കുന്ന വിദ്യാഭ്യാസ സമീപനമാണ് പ്ലേ ഫുൾ ലേണിങ്. കളികളിലൂടെയും പാട്ടുകളിലൂടെയും കഥകളിലൂടെയും കുട്ടികളുടെ സ്വാഭാവിക ജിജ്ഞാസയെയും സർഗ്ഗാത്മകതയെയും ഉണർത്തുകയും ഉത്തേജിപ്പിക്കുകയും ചെയ്യുന്നതിലൂടെ അവർക്ക് പഠിക്കാൻ അവസരങ്ങൾ ഒരുകുന്നു. ഇത് കുട്ടികളുടെ ക്രിയാത്മകതയും പ്രതിഭാശക്തിയും വികസിപ്പിക്കുന്നതോടൊപ്പം തന്നെ ചിന്താശക്തിയും പ്രോബ്ലം സോൾവിങ് സ്കില്ലുകളും വളർത്തുന്നു. മാത്രമല്ല ഇത്തരം പഠിപ്പിക്കലുകൾ കുട്ടികളിൽ സഹകരണാത്മകവും ആനന്ദപ്രദവുമായ അധ്യയന അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു. കളിയിലൂടെ ശ്രദ്ധാശക്തി, സമന്വയം, ഭാഷാ വികാസം, സാമൂഹികനൈപുണികളായ സാമൂഹിക വൈകാരിക വികാസം തുടങ്ങിയ പ്രധാനപ്പെട്ട കഴിവുകൾ വികസിപ്പിക്കപ്പെടുന്നു. കളിയിലുണ്ടാകുന്ന തെറ്റുകളിലൂടെ പഠിക്കാനും പരീക്ഷണങ്ങൾ നടത്താനും സാധിക്കുന്നു. വിനോദകരമായ രീതിയിലുള്ള പഠനം കുട്ടികളെ ആകർഷിക്കുകയും അവരുടെ സജ്ജീവ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുന്നു. കളിയിലൂടെ സ്വാഭാവികമായി പഠിക്കാൻ അവസരം നൽകുന്നത് ക്ലസ്‌മുറികളെ ഒരു സന്തോഷകരമായ അനുഭവമാക്കി മാറ്റുകയും, കുട്ടികളുടെ ജിജ്ഞാസയും താൽപ്പര്യവും വളർത്തുകയും അതിലൂടെ അവരുടെ വിവിധ കഴിവുകൾ വികസിപ്പിക്കാനും കഴിയുന്നു.

എന്താണ് എക്സ്‌പീരിയൻഷ്യൽ ലേണിങ്

പുസ്തകങ്ങളിൽ നിന്നും ക്ലാസ്സിൽ നിന്നും മാത്രമല്ല, നേരിട്ടുള്ള അനുഭവങ്ങളിലൂടെയും പഠിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്ന ഒരു വിദ്യാഭ്യാസ സമീപനമാണ് എക്സ്‌പീരിയൻഷ്യൽ ലേർണിംഗ്. ഫീൽഡ് ട്രിപ്പുകൾ, പ്രോജക്റ്റുകൾ, ലാബ് പരീക്ഷണങ്ങൾ തുടങ്ങിയ നിരവധി ഘടകങ്ങൾ ഇതിൽ ഉൾപ്പെടുന്നു. പ്രായോഗികാനുഭവങ്ങൾ മൂലം ഉൾക്കൊള്ളലും ഓർമ്മശക്തി മെച്ചപ്പെടുത്തുകയും മാത്രമല്ല സ്വയം കണ്ടെത്തലും സ്വയംപഠനവും സ്വതന്ത്രചിന്താശക്തിയും പരീക്ഷണവും ഇത് പ്രോത്സാഹിപ്പിക്കുന്നു.

യഥാർഥ ജീവിതസാഹചര്യങ്ങളുമായി ബന്ധിപ്പിച്ചും യഥാർഥ പ്രവർത്തനങ്ങളിലൂടെയും അനുഭവങ്ങളിലുടെയും പഠിക്കുന്ന ഒരു രീതിയാണിത്. പലപ്പോഴും പ്രായോഗികാനുഭവങ്ങൾ അറിവുകളെ ദീർഘകാലം ഓർമ്മയിൽ സൂക്ഷിക്കാൻ സഹായിക്കും എന്നുള്ളതാണ്. പ്രശ്നപരിഹാരശക്തി, യോജിച്ചു ചിന്തിക്കൽ, തുടങ്ങിയ ബുദ്ധിപരമായ കഴിവുകൾ വികസിപ്പിക്കാൻ എക്സ്‌പീരിയൻഷ്യൽ ലേണിങ് വളരെ ഉപകാരപ്രദമായ ഒന്നാണ്. പുസ്തകങ്ങളിൽ നിന്നും ക്ലാസ്സുമുറികളിൽ നിന്നും മാറി, നേരിട്ടുള്ള അനുഭവങ്ങളിലൂടെയും ഇടപെടലുകളിലൂടെയും കുട്ടികളെ പഠിക്കാൻ സഹായിക്കുന്ന ഇത്തരം സമീപനങ്ങളിലൂടെ കുട്ടികളുടെ സജീവ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയും പഠനത്തെ കൂടുതൽ ഓർമ്മയിൽ നിലനിർത്തുകയും ചെയ്യുന്നു. മാത്രമല്ല അവരിൽ വിമർശനാത്മക ചിന്തയും പ്രശ്നപരിഹാര ശേഷിയും വളർതിയെടുക്കാനും കഴിയും എന്നുള്ളതാണ് പ്രധാനം.

പ്ലേ ഫുൾ ലേണിങ്, എക്സ്‌പീരിയൻഷ്യൽ ലേണിങ്, അവയുടെ പ്രാധാന്യം

ഏർളി എഡ്യൂക്കേഷനിൽ പ്ലേ ഫുൾ ലേണിങും എക്സ്‌പീരിയൻഷ്യൽ ലേണിങും വളരെ വളരെ പ്രധാനപ്പെട്ടതാണ് കാരണം ഈ പ്രായത്തിൽ കുട്ടികളുടെ തലച്ചോറ് വളരെ വേഗത്തിൽ വികസിച്ചുകൊണ്ടിരിക്കുന്ന സമയമാണ്. പുതിയ പുതിയ നേരിട്ടുള്ള അനുഭവങ്ങളും വിവരങ്ങളും ശേഖരിക്കാൻ ഇവരുടെ ബ്രെയിൻ സദാ സജ്ജമായിരിക്കും. അവർക്ക് മികച്ച അനുഭവങ്ങൾ നൽകുക എന്നത് ഏറെ പ്രാധാന്യമർഹിക്കുന്ന കാര്യമാണ്. ശാസ്ത്രീയമായ കളികളിലൂടെ അനുഭവങ്ങൾ നൽകുന്നത് അവരുടെ മസ്തിഷ്ക വികാസത്തെ പ്രോത്സാഹിപ്പിക്കാൻ ഏറ്റവും നല്ല മാർഗ്ഗങ്ങളാണ്. "ചെറിയ ക്‌ളാസ്സുകളിൽ കുട്ടികളുടെ ഫൈൻ മോട്ടോർസ്‌കില്ലുകൾ ഡെവലപ്പ് ചെയ്യുക എന്നത് ഏറെ പ്രാധാന്യമർഹിക്കുന്ന ഒന്നുകൂടിയാണ്". അത്തരം ഡെവലപ്പ്മെന്റുകൾ സാധ്യമാക്കുന്നതിനു സൈക്കോളജിക്കലായി വളരേ ശാസ്ത്രീയമായി തയ്യാറാക്കിയ കളികളും ടാസ്കുകളുമാണ് ഇത്തരം സിലബസ്സുകളിൽ ഉൾപ്പെടുത്തിയിട്ടുള്ളത് എന്നത് ഇവയുടെ പ്രാധാന്യം വർധിപ്പിക്കുന്നു.

പ്ലേ ഫുൾ ലേണിങും എക്സ്‌പീരിയൻഷ്യൽ ലേണിങും ഈ കാര്യങ്ങൾക്ക് വളരെ അനുയോജ്യമായ പഠന സമീപനങ്ങളായാണ് മനസ്സിലാക്കുന്നത്. ഇതിൻറെ മറ്റൊരു പ്രധാനപ്പെട്ട കാരണം കളിയും പ്രായോഗിക പ്രവർത്തനങ്ങളും കുട്ടികളെ സ്വാഭാവികമായും ആകർഷിക്കുകയും പഠന പ്രക്രിയയിൽ കൂടുതൽ സജീവമാകാൻ അവരേ പ്രേരിപ്പിക്കും എന്നുള്ളതുകൂടിയാണ്. നേരിട്ടുള്ള അനുഭവങ്ങളിലൂടെയും കളികളിലൂടെയും പഠിക്കുമ്പോൾ കുട്ടികൾക്ക് കാര്യങ്ങൾ കൂടുതൽ നന്നായി ഓർമ്മിക്കാൻ സാധിക്കും, അതുകൊണ്ടുതന്നെ പഠനം കൂടുതൽ ഫലപ്രദമാക്കുന്നു. ഇത് കുട്ടികളുടെ വികാസത്തിന് വളരെ അനുയോജ്യമാണെന്നർത്ഥം. ഈ സമീപനങ്ങൾ കുട്ടികളുടെ ശാരീരിക, വൈജ്ഞാനിക, വൈകാരിക, സാമൂഹിക വികാസത്തെ പിന്തുണയ്ക്കുക മാത്രമല്ല അവ ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന പഠനത്തിന് അടിത്തറ പാകുകയും ചെയ്യും.

സ്കൂളുകൾ രക്ഷിതാക്കൾക്ക് ഇത്തരം പുതിയ പഠനരീതികളെക്കുറിച്ച് അവബോധം വളർത്തുകയും അവരുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ടോ എന്നതും, കുട്ടികളുടെയും അധ്യാപകരുടെയും മാനസിക നില മെച്ചപ്പെടുത്തുന്നതിനും പ്രത്യേകം സ്കൂൾ സൈക്കോളജിസ്റ്റ്, സ്കൂൾ സോഷ്യൽവർക്കർ, സ്കൂൾ കൗൺസിലർ, എംപ്ലോയീ വെൽഫെയർ ഓഫീസർ എന്നിങ്ങനെ മെൻറെൽ ഹെൽത്ത് പ്രൊഫഷണലുകളുടെ സേവനം ലഭ്യമാക്കിയിട്ടുണ്ടോ എന്നുള്ളതും വളരേ പ്രധാനമാണ്.

ഈ ഘടകങ്ങളെല്ലാം തന്നെ പരിഗണിക്കുന്നത് നിങ്ങളുടെ കുഞ്ഞിന് ഏറ്റവും മികച്ച ഏർളി എഡ്യൂക്കേഷൻ സ്കൂൾ തിരഞ്ഞെടുക്കാനും അതിലൂടെ ശക്തമായ അടിത്തറ രൂപപ്പെടുത്താനും കുട്ടിയുടെ ഹോളിസ്റ്റിക് ഡെവലപ്പ്മെൻറ് സാധ്യമാക്കാനും വളരെയധികം ഉപകരിക്കും.

(ചൈൽഡ് അഡോളസെന്റ് ആൻഡ് റിലേഷൻഷിപ്പ് കൗൺസലറും ചൈൽഡ് ലൈൻ മുൻ കോ-ഓർഡിനേറ്ററുമാണ് ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pre School Educationeducation newsbest schools
News Summary - Choose the best schools for your children
Next Story