സിവിൽ സർവിസ്: സർക്കാർ വിദ്യാലയത്തിലെ മലയാളത്തിളക്കത്തിൽ, റാഷിദ് അലിക്ക് ഇത് സ്വപ്നസാഫല്യം
text_fieldsനടുവണ്ണൂർ: സർക്കാർ വിദ്യാലയത്തിലെ മലയാളത്തിളക്കത്തിൽ റാഷിദ് അലിക്ക് ഇത് സ്വപ്നസാഫല്യം. നടുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ കരുവണ്ണൂർ സ്വദേശി നാഗത്ത് റാഷിദ് അലിയാണ് സിവിൽ സർവിസ് പരീക്ഷയിൽ 840ാം റാങ്ക്നേടി നാടിന് അഭിമാനമായത്.
കരുവണ്ണൂർ ഗവ. യു.പി സ്കൂൾ മലയാളം മീഡിയം വിദ്യാർഥിയായിരുന്നു റാഷിദ് അലി. നൊച്ചാട് ഹയർ സെക്കൻഡറി സ്കൂളിൽനിന്നാണ് പ്ലസ് ടു വിജയിച്ചത്. പിന്നീട് കൊല്ലം ടി.കെ.എം എൻജിനീയറിങ് കോളജിൽനിന്ന് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സിൽ ബി.ടെക് ബിരുദം നേടുകയും ചെയ്തു. ഇതിനുശേഷമാണ് തന്റെ എക്കാലത്തെയും സ്വപ്നമായ സിവിൽ സർവിസ് പരീക്ഷയിലേക്ക് റാഷിദ് അലി കടന്നത്.
അഞ്ചാമത്തെ ശ്രമത്തിലാണ് റാഷിദ് തന്റെ സ്വപ്നം യാഥാർഥ്യമാക്കിയത്. ആദ്യത്തെ നാലു തവണയും നേരിയ വ്യത്യാസത്തിലാണ് സിവിൽ സർവിസ് റാങ്ക് പട്ടികയിൽനിന്ന് പുറത്തുപോകുന്നത്. പിന്നീട് ഡൽഹിയിലെ ജാമിയ മില്ലിയ റസിഡൻഷ്യൽ കോച്ചിങ് അക്കാദമിയിൽനിന്ന് എൻട്രൻസ് പരീക്ഷക്കായി പരിശീലനം നടത്തി. പിന്നീട് കോവിഡ് കാലമായതുകൊണ്ട് നാട്ടിലേക്ക് തിരിച്ചു.
ജോലി അത്യാവശ്യമായതിനാൽ ഹൈദരലി ശിഹാബ് തങ്ങൾ സിവിൽ സർവിസ് അക്കാദമിയിൽ ഒരേസമയം അധ്യാപകനായും വിദ്യാർഥിയായും റാഷിദ് അലി ഉണ്ടായിരുന്നു. അക്കാദമിയുടെ തുടക്കം മുതൽ ഇവിടെ ഉണ്ടായിരുന്നു. എം.എൽ.എ നജീബ് കാന്തപുരത്തിന്റെ വലിയ പിന്തുണ തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് റാഷിദ് അലി പറയുന്നു. ആന്ത്രോപോളജിയാണ് ഐച്ഛിക വിഷയമായി തിരഞ്ഞെടുത്തത്.
റിട്ട. അധ്യാപകനായ കരുവണ്ണൂർ നാഗത്ത് അമ്മദ് കുട്ടി മാസ്റ്ററുടെയും വട്ടോളി ജി.യു.പി പ്രധാനാധ്യാപിക റംലയുടെയും രണ്ടാമത്തെ മകനാണ്. പരിയാരം മെഡിക്കൽ കോളജിൽ പി.ജി ഡോക്ടറായ ആയിഷ ഫർഹയാണ് ഭാര്യ. യു.കെയിൽ ജോലിചെയ്യുന്ന ഡോ. ഇൽതിജ, കാലിക്കറ്റ് സ്പേസ് ആർട്ടിൽ അർബൻ പ്ലാനറായ മുഹമ്മദ് അമീൻ എന്നിവർ സഹോദരങ്ങളാണ്. ഒരിക്കലും കൈവിട്ടുപോകാത്ത ആത്മവിശ്വാസം അതൊന്നു മാത്രമാണ് തനിക്ക് റാങ്ക് നേടിത്തന്നതെന്ന് നിറഞ്ഞ ചിരിയോടെ റാഷിദ് അലി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.