സര്‍വകലാശാലയിലെ ആറ് പഠന ബോര്‍ഡുകളില്‍ കോമേഴ്സ് അധ്യാപകരെ കുത്തിനിറച്ചു
text_fieldsതേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ഫാക്കല്‍റ്റി ഓഫ് കോമേഴ്സ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസിന് കീഴിലുള്ള ഹോട്ടല്‍ മാനേജ്മെന്റ്, എം.ബി.എ, ബി.ബി.എ, ബി.കോം ഓണേഴ്സ്, ബി.കോം, എം.കോം പഠന ബോര്‍ഡുകള്‍ പുനഃസംഘടിപ്പിച്ചപ്പോള്‍ ആകെയുള്ള 60 അംഗങ്ങളില്‍ 49 പേരും കോമേഴ്സ് അധ്യാപകര്‍.
പ്രഫഷനല്‍ കോഴ്സായ ഹോട്ടല്‍ മാനേജ്മെന്റ് പഠന ബോര്‍ഡില്‍ ചെയര്മാന് അടക്കം പത്തില്‍ ഏഴുപേരും ഹോട്ടല്‍ മാനേജ്മെന്റ് വിഷയങ്ങള്‍ കൈകാര്യം ചെയ്ത് പരിചയമില്ലാത്ത കോമേഴ്സ് അധ്യാപകരാണ്. എം.ബി.എ പഠനബോര്‍ഡില്‍ പത്തില്‍ എട്ടുപേരും കോമേഴ്സ് അധ്യാപകർ. ബി.ബി.എ പഠനബോര്ഡിന്റെയും സ്ഥിതി വ്യത്യസ്തമല്ല.
മറ്റെല്ലാ ബിരുദ കോഴ്സുകളിലും കോംപ്ലിമെന്ററി വിഷയങ്ങള്‍ അതത് വിഷയങ്ങളില്‍ പ്രാവീണ്യം നേടിയവര്‍ അധ്യാപകരാണെങ്കില്‍ കോമേഴ്സില്‍ മാത്രം സ്റ്റാറ്റിസ്റ്റിക്സ്, ഇക്കണോമിക്സ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, നിയമം എന്നിങ്ങനെയുള്ള വിഷയങ്ങള്‍ കോമേഴ്സ് അധ്യാപകര്‍ തന്നെയാണ് കൈകാര്യം ചെയ്യുന്നത്.
ഇത് വിദ്യാർഥികളുടെ പഠനനിലവാരത്തെ സാരമായി ബാധിക്കുന്നതായി ആക്ഷേപമുണ്ട്. നിയമം പഠിപ്പിക്കാന്‍ എല്‍എല്‍.എം കഴിഞ്ഞ അഭിഭാഷകർ വേണ്ടെന്നും കോമേഴ്സ് അധ്യാപകര്‍തന്നെ മതിയെന്ന് കോമേഴ്സ് പഠനബോര്‍ഡ് അടുത്തിടെ തീരുമാനിച്ചിരുന്നു. സര്‍വകലാശാല അക്കാദമിക് കൗണ്‍സില്‍ ഈ തീരുമാനം അംഗീകരിച്ചില്ലെങ്കിലും തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് കോമേഴ്സ് അധ്യാപക കൂട്ടായ്മ കോളജ് വിദ്യാഭ്യാസ വകുപ്പില്‍നിന്ന് അനുകൂല ഉത്തരവ് നേടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.