പരീക്ഷക്കിടെ ജില്ല സ്കൂൾ കായികമേള; ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് എട്ടിന്റെ പണി
text_fieldsതിരുവനന്തപുരം: രണ്ടാം വർഷ ഹയർ സെക്കൻഡറി/ വി.എച്ച്.എസ്.ഇ വിദ്യാർഥികൾക്ക് ഒക്ടോബർ ഒമ്പതുമുതൽ 13 വരെ ഇംപ്രൂവ്മെന്റ് പരീക്ഷ നിശ്ചയിച്ചിരിക്കെ, ആ ദിവസങ്ങളിൽ റവന്യൂ ജില്ല സ്കൂൾ കായികമേള സംഘടിപ്പിക്കാനുള്ള അധികാരികളുടെ തീരുമാനത്തിൽ പ്രതിഷേധം ശക്തം. ഈ പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് കായികമേളയിൽ പങ്കെടുക്കാൻ കഴിയാത്ത സാഹചര്യമാണ് ഒരുവിഭാഗം ഉദ്യോഗസ്ഥരുടെയും അധ്യാപകരുടെയും പിടിവാശിയിൽ സംജാതമായത്.
പ്രതിസന്ധി രക്ഷാകർത്താക്കളെയും ആശങ്കയിലാക്കി. നിപയുടെ സാഹചര്യത്തിൽ ഹയർ സെക്കൻഡറി ഇംപ്രൂവ്മെൻറ് പരീക്ഷ ഒക്ടോബർ ഒമ്പതിലേക്ക് മാറ്റിയപ്പോൾ, അതിനനുസരിച്ച് കായികമേള മാറ്റാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.
ഒക്ടോബർ എട്ടുമുതൽ 10 വരെ കാര്യവട്ടം എൽ.എൻ.സി.പി.ഇ ഗ്രൗണ്ടിലാണ് കായികമേള. 12 ഉപജില്ലകളിലും സ്പോർട്സ് സ്കൂളുകളിലും നിന്ന് സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 5000ൽപരം കായികതാരങ്ങളാണ് പങ്കെടുക്കുന്നത്. 16 മുതൽ 20 വരെ തൃശൂർ കുന്നംകുളം സീനിയർ മൈതാനിയിലെ സിന്തറ്റിക് ട്രാക്കിലാണ് സംസ്ഥാന കായികോത്സവം. അതിനു മുമ്പ് ജില്ല മത്സരങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്.
ആദ്യദിന മത്സരത്തിലെ വിജയികൾക്ക് 15നെങ്കിലും തൃശൂരിലെത്തേണ്ട സാഹചര്യത്തിലാണ് മത്സരങ്ങൾ മാറ്റാത്തതെന്നാണ് സംഘാടകരുടെ വിശദീകരണം. പരീക്ഷ എഴുതാൻ തീരുമാനിച്ചാൽ സംസ്ഥാന മെഡലിന് സാധ്യതയുള്ള കായികതാരത്തിന് ലഭിക്കേണ്ട ഗ്രേസ് മാർക്ക് നഷ്ടപ്പെടും. വിദ്യാഭ്യാസ വകുപ്പിൽനിന്ന് അനുകൂല തീരുമാനം കാത്തിരിക്കുകയാണ് നൂറുകണക്കിന് വിദ്യാർഥികളും രക്ഷാകർത്താക്കളും കായികാധ്യാപകരും.
സംസ്ഥാനത്തെ ആയിരക്കണക്കിന് ഹയർ സെക്കൻഡറി വിദ്യാർഥികളുടെ ഭാവിയെ ദോഷകരമായി ബാധിക്കുന്ന വിഷയത്തിൽ സർക്കാർ ഉചിത തീരുമാനമെടുക്കണമെന്ന് എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ആർ. അരുൺകുമാർ ആവശ്യപ്പെട്ടു .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.