ഇടുക്കി ഗവ. മെഡിക്കൽ കോളജിൽ 100 എം.ബി.ബി.എസ് സീറ്റിന് അനുമതി
text_fieldsതിരുവനന്തപുരം: നീണ്ട പരിശ്രമത്തിനൊടുവിൽ ഇടുക്കി ഗവ. മെഡിക്കല്‍ കോളജില്‍ വിദ്യാർഥി പ്രവേശനത്തിന് ദേശീയ മെഡിക്കൽ കമീഷന്‍റെ അനുമതി. 100 എം.ബി.ബി.എസ് സീറ്റാണ് അനുവദിച്ചത്. ഈ വര്‍ഷം ക്ലാസ് ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇടുക്കി മെഡിക്കൽ കോളജിന് അംഗീകാരമായതോടെ സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളുടെ എണ്ണം 11 ആയി. നിലവിൽ 10 കോളജുകളിൽ 1555 എം.ബി.ബി.എസ് സീറ്റാണുള്ളത്. അത് 1655 ആയി ഉയരും.
നേരത്തേ ഇടുക്കി മെഡിക്കൽ കോളജിൽ 2014, 15 വർഷങ്ങളിൽ 50 വിദ്യാർഥികളെ വീതം മെഡിക്കൽ കൗൺസിൽ അനുമതിയോടെ പ്രവേശിപ്പിച്ചിരുന്നെങ്കിലും 2016ൽ അംഗീകാരം ലഭിച്ചില്ല. സൗകര്യമില്ലാത്ത കോളജിൽനിന്ന് വിദ്യാർഥികളെ മറ്റ് കോളജുകളിലേക്ക് മാറ്റി. പിന്നീട് അംഗീകാരം വീണ്ടെടുക്കാനുള്ള നടപടി വൈകി. മതിയായ സൗകര്യമില്ലാതെ തുടങ്ങിയ കോളജിൽ തുടർവികസന പ്രവർത്തനങ്ങൾ നടക്കാത്തതാണ് അന്ന് തിരിച്ചടിയായത്. ദേശീയ മെഡിക്കൽ കമീഷൻ നിർദേശിച്ച രീതിയിലുള്ള ഭൗതിക സൗകര്യങ്ങൾ ഒരുക്കിയും അധ്യാപകരെയും ജീവനക്കാരെയും നിയമിച്ചുമാണ് വീണ്ടും അനുമതിക്കായി കമീഷനെ സമീപിച്ചത്.
സർക്കാർ മേഖലയിലെ 1655 എം.ബി.ബി.എസ് സീറ്റുകൾക്ക് പുറമെ, 19 സ്വാശ്രയ മെഡിക്കൽ കോളജുകളിലായി 2350 എം.ബി.ബി.എസ് സീറ്റുകളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.