പൊതുവിദ്യാഭ്യാസ മേഖലയിൽ 1047 കോടി രൂപയുടെ അക്കാദമിക പ്രവർത്തനങ്ങൾക്ക് അംഗീകാരം -വി ശിവൻകുട്ടി
text_fieldsകോഴിക്കോട് : പൊതുവിദ്യാഭ്യാസ വകുപ്പ് -സമഗ്ര ശിക്ഷ കേരളയുടെ 2022 -23 അക്കാദമിക വർഷത്തെ പ്രവർത്തനങ്ങൾക്കായി 1047 കോടി രൂപയുടെ പദ്ധതി പ്രവർത്തനങ്ങൾക്ക് അംഗീകാരം നൽകിയെന്ന് മന്ത്രി വി.ശിവൻകുട്ടി. ഏഴാമത് ഗവേണിംഗ് കൗൺസിൽ യോഗത്തിലാണ് തീരുമാനം.
മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന ആദിവാസി ഗോത്രമേഖലയ്ക്കും ഭിന്നശേഷി മേഖലയ്ക്കും ഗുണകരമാകുന്ന നൂതന പദ്ധതി പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനും തീരുമാനമാനിച്ചു. ഇടുക്കി ഇടമലക്കുടി മേഖലയിൽ ഉൾപ്പെടുന്ന ആദിവാസി ഗോത്ര വിഭാഗത്തിലെ കുട്ടികൾക്കാവശ്യമായ അധിക പഠന പിന്തുണാ സംവിധാനങ്ങൾ സൗജന്യമായി നൽകും.
സമഗ്ര ശിക്ഷ കേരളയുടെ വാർഷിക പദ്ധതി രേഖയിൽ എലമെന്ററി മേഖലയ്ക്ക് 516.11 കോടി രൂപയും സെക്കൻഡറി വിഭാഗത്തിൽ 222.66 കോടി രൂപയും, ടീച്ചർ എഡ്യൂക്കേഷന് 19.56 കോടി രൂപയും അടങ്ങുന്നതാണ് ഗവേണിംഗ് കൗൺസിൽ അംഗീകരിച്ച 758.64 കോടി രൂപയുടെ ബജറ്റ്. ഇതിനോട് കൂടി 2022-23 അക്കാദമിക വർഷം അഞ്ച് മേഖലകളിലായി 'സ്റ്റാർസ് 'പദ്ധതിയിൽ ഉൾപ്പെടുത്തി 288.39 കോടി രൂപയുടെ അക്കാദമിക പ്രവർത്തനങ്ങൾക്കും യോഗം അംഗീകാരം നൽകി.
തിരുവനന്തപുരം മൃഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റ് മരണമടഞ്ഞ ജീവനക്കാരൻ ഹർഷാദിന്റെ മകൻ എട്ടാം ക്ലാസുകാരനായ അബിൻ അർഷാദിന് 18 വയസ്സ് പൂർത്തിയാകുന്നത് വരെയുള്ള പഠന പ്രവർത്തനങ്ങൾക്ക് ആവശ്യമായ പിന്തുണ സംവിധാനങ്ങൾ ഒരുക്കുന്നതിനും ധനസഹായം നൽകുന്നതിനും സമഗ്ര ശിക്ഷ കേരളയെ യോഗം ചുമതലപ്പെടുത്തി.
2022-23 അക്കാദമിക വർഷത്തിൽ സമഗ്ര ശിക്ഷ കേരളം വഴി നടപ്പിലാക്കേണ്ട പദ്ധതികളുടെ പ്രവർത്തന രേഖകളും കൗൺസിൽ യോഗം അംഗീകരിച്ചു. സമഗ്ര ശിക്ഷ കേരളം ഡയറക്ടർ ഡോ.സുപ്രിയ എ.ആർ. സ്വാഗതം പറഞ്ഞു. യോഗത്തിൽ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻ ബാബു, എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ജയപ്രകാശ് ആർ.കെ.എസ്.ഐ. ഇ. ടി ഡയറക്ടർ ബി. അബുരാജ് തുടങ്ങിയവർ സംസാരിച്ചു.
സംസ്ഥാന ബാലാവകാശ കമ്മീഷൻ, സംസ്ഥാന പ്ലാനിംഗ് ബോർഡ് അംഗങ്ങളും, അധ്യാപക സംഘടന പ്രതിനിധികളും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വിവിധ തലത്തിലെ അധ്യക്ഷന്മാരും അവരുടെ പ്രതിനിധികളും, വിവിധ സർക്കാർ വകുപ്പുകളിലെ ഡയറക്ടർമാരും, ഉന്നത ഉദ്യോഗസ്ഥരും സമഗ്ര ശിക്ഷ കേരളയുടെ പ്രവർത്തകരും യോഗത്തിൽ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.