ഭാഭാ ആണവ ഗവേഷണ കേന്ദ്രത്തിൽ 105 ജൂനിയർ റിസർച് ഫെലോഷിപ്
text_fieldsഭാഭാ അറ്റോമിക് റിസർച് സെന്റർ (ബാർക്) മുംബൈ ഫിസിക്കൽ, കെമിക്കൽ, ലൈഫ് സയൻസസ് മേഖലകളിൽ ഗവേഷണ പഠനത്തിനായി 105 ജൂനിയർ റിസർച് ഫെലോഷിപ് സമ്മാനിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു (പരസ്യനമ്പർ 04/2023 RV). തെരഞ്ഞെടുക്കപ്പെടുന്ന ജൂനിയർ റിസർച് ഫെലോകൾ ആണവോർജ വകുപ്പിന് കീഴിലെ കൽപിത സർവകലാശാലയായ ഹോമി ഭാഭാ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ടിൽ (BHNI) പിഎച്ച്.ഡിക്ക് രജിസ്റ്റർ ചെയ്യണം.
യോഗ്യത: ബന്ധപ്പെട്ട ശാസ്ത്രവിഷയങ്ങളിൽ മൊത്തം 60 ശതമാനം മാർക്കിൽ കുറയാതെ ബി.എസ് സിയും 55 ശതമാനം മാർക്കിൽ കുറയാതെ എം.എസ് സിയും നേടിയിരിക്കണം. എം.എസ് സി ഫൈനൽ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവരെയും വ്യവസ്ഥകൾക്ക് വിധേയമായി പരിഗണിക്കും.
പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.എസ് സി/ബി.എസ്-എം.എസ് ഡ്യുവൽ ഡിഗ്രി മൊത്തം 55 ശതമാനം മാർക്കോടെ വിജയിച്ചിട്ടുള്ളവർക്കും അപേക്ഷിക്കാം. ഭാരത പൗരന്മാരായിരിക്കണം. പ്രായപരിധി 28 വയസ്സ്. ഒ.ബി.സി നോൺ ക്രീമിലെയർ വിഭാഗത്തിന് മൂന്നുവർഷവും പട്ടികജാതി/വർഗക്കാർക്ക് അഞ്ചുവർഷവും ഭിന്നശേഷിക്കാർക്ക് (പി.ഡബ്ല്യു.ബി.ഡി) പത്തുവർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്.
പ്രാബല്യത്തിലുള്ള യു.ജി.സി-സി.എസ്.ഐ.ആർ-നെറ്റ് ഫെലോഷിപ്/ജെസ്റ്റ് സ്കോർ/ഐ.സി.എം.ആർ-ജെ.ആർ.എഫ്/ഐ.സി.എ.ആർ-ജെ.ആർ.എഫ്/ഡി.ബി.ടി-ജെ.ആർ.ബി ബയോടെക്നോളജി എലിജിബിലിറ്റി ടെസ്റ്റ്/ഗേറ്റ് സ്കോർ (ഫിസിക്സ്/കെമിസ്ട്രി/ലൈഫ് സയൻസസ്/ബയോ ടെക്നോളജി) യോഗ്യത നേടിയിട്ടുള്ളവർക്കാണ് അവസരം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.barc.gov.in, https://recruit.barc.gov.in എന്നീ വെബ്സൈറ്റുകളിലുണ്ട്. അപേക്ഷാഫീസ് 500 രൂപ. വനിതകൾ, എസ്.സി/എസ്.ടി/പി.ഡബ്ല്യു.ബി.ഡി വിഭാഗങ്ങളിൽപെടുന്നവർക്ക് ഫീസില്ല. നിർദേശാനുസരണം ഓൺലൈനായി ആഗസ്റ്റ് 31 വരെ അപേക്ഷ സമർപ്പിക്കാം. അപേക്ഷകരെ ഷോർട്ട്ലിസ്റ്റ് ചെയ്ത് ഇന്റർവ്യൂ നടത്തിയാണ് സെലക്ഷൻ.
ആദ്യത്തെ രണ്ടുവർഷം പ്രതിമാസം 31000 രൂപ + HRA 8370 രൂപയും മൂന്നാമത്തെ വർഷം മുതൽ പ്രതിമാസം 35000 രൂപയും ഫെലോഷിപ്പായി ലഭിക്കും. ബുക്ക് അലവൻസ് ഉൾപ്പെടെ വാർഷിക കണ്ടിൻജൻസി ഗ്രാന്റായി 40,000 രൂപയും ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.