ശ്രീ നാരായണഗുരു ഓപണ്‍ സര്‍വകലാശാലയിൽ 12 ബിരുദ കോഴ്സുകൾ; ആസ്ഥാന മന്ദിരവും ഇക്കൊല്ലം
text_fieldsകൊല്ലം: ശ്രീനാരായണഗുരു ഓപണ്‍ സര്‍വകലാശാലയില്‍ 12 ബിരുദ കോഴ്‌സും അഞ്ച് പി.ജി കോഴ്‌സും തുടങ്ങുന്നതിനും ഇക്കൊല്ലം തന്നെ ആസ്ഥാന മന്ദിരം നിര്‍മിക്കുന്നതിനും തുക വകയിരുത്തിയ ബജറ്റിന് അംഗീകാരം. സർവകലാശാലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി 83.49 കോടി വരവും 90.58 കോടി ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് സിന്‍ഡിേക്കറ്റ് അംഗവും ഫിനാന്‍സ് സ്റ്റാന്‍ഡിങ് കമ്മിറ്റി കണ്‍വീനറുമായ ബിജു കെ. മാത്യു അവതരിപ്പിച്ചു.
വൈസ് ചാന്‍സലര്‍ പി.എം. മുബാറക് പാഷ അധ്യക്ഷത വഹിച്ചു. കോഴ്‌സ് നടത്തിപ്പിനും യു.ജി.സി അംഗീകാരത്തിനും ഇതര അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്കുമായി 1.50 കോടി രൂപ നീക്കിെവച്ചു. തദ്ദേശസ്ഥാപന പ്രതിനിധികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളുടെ പട്ടിക തയാറാക്കാനുള്ള വിദഗ്ധ സമിതി രൂപവത്കരണം തുടങ്ങിയവക്ക് 10 ലക്ഷം രൂപ വിനിയോഗിക്കും.
ആസ്ഥാനമന്ദിരം നിര്‍മാണത്തിനുള്ള സ്ഥലത്തിന് 35 കോടി രൂപയും കെട്ടിട നിര്‍മാണത്തിന് ആദ്യ ഗഡുവായി 10 കോടി രൂപയും നീക്കിെവച്ചു. വെള്ളയിട്ടമ്പലത്ത് തുടങ്ങുന്ന അക്കാദമിക് ബ്ലോക്കിലെ സംവിധാനങ്ങളായ ലൈബ്രറിക്ക് ഒരു കോടി, കമ്പ്യൂട്ടര്‍ സെന്‍ററിന് 40 ലക്ഷം, വെര്‍ച്വല്‍ സ്റ്റുഡിയോ പ്രൊഡക്ഷന് ഒരു കോടി, റിപ്രോഗ്രഫിക് സെന്‍ററിന് 50 ലക്ഷം, കമ്പ്യൂട്ടര്‍വത്കരണത്തിന് 40 ലക്ഷം, മറ്റ് ജില്ലകളിലെ കേന്ദ്രങ്ങള്‍ക്കായി 1.60 കോടി എന്നിങ്ങനെ വകയിരുത്തി.
അതിനൂതന സോഫ്റ്റ്‌വെയറിന് രണ്ട് കോടി രൂപയും നീക്കിെവച്ചു. പ്രോ വൈസ് ചാന്‍സലര്‍ എസ്.വി. സുധീര്‍, സിന്‍ഡിേക്കറ്റ് അംഗങ്ങളായ ഡോ. കെ. ശ്രീവത്സന്‍, ഡോ. എം. ജയപ്രകാശ്, എ. നിസാമുദ്ദീന്‍ കായിക്കര, ഡോ. ടി.എം. വിജയന്‍, ഡോ. എ. പസിലത്തില്‍, ഡോ. സി. ഉദയകല, ഡോ. എം. ജയമോഹന്‍, ഫിനാന്‍സ് ഓഫിസര്‍ വി. അജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രവേശനം ജൂലൈയിൽ
കൊല്ലം: ശ്രീനാരായണ ഗുരു ഓപൺ യൂനിവേഴ്സിറ്റിയിൽ 12 വിഷയങ്ങളിലെ ഡിഗ്രി കോഴ്സും അഞ്ച് പി.ജി കോഴ്സിലേക്കും പ്രവേശനം ജൂലൈയിൽ തുടങ്ങും. വാർഷിക ബജറ്റിലാണ് പ്രഖ്യാപനം. ഈ വർഷം യു.ജി.സിയുടെ അംഗീകാരം നേടിയെടുക്കുന്നതിനാവശ്യമായ പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും ബജറ്റിൽ വ്യക്തമാക്കുന്നു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം, അറബിക്, ഹിസ്റ്ററി, സോഷ്യോളജി, എക്കണോമിക്സ്, കോമേഴ്‌സ്, ബിസിനസ് സ്റ്റഡീസ്, കമ്പ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളിലാണ് ഡിഗ്രി കോഴ്സ്. മലയാളം, ഇംഗ്ലീഷ്, സോഷ്യോളജി, ഹിസ്റ്ററി, കോമേഴ്സ് വിഷയങ്ങളിലാണ് പി.ജി.
കേരള ചരിത്രത്തിൽ ആദ്യമായി ബി.എ ഫിലോസഫിയില്‍ ശ്രീനാരായണഗുരു സ്റ്റഡീസ് എന്ന വിഷയത്തിൽ ഡിഗ്രി കോഴ്സ് ഈ വര്‍ഷം ആരംഭിക്കും. കേരളത്തിലെ മറ്റ് സർവകലാശാലകളില്‍ വിദൂരപഠനരംഗത്ത് നിലവിലുള്ള എല്ലാ കോഴ്സുകളും അടുത്ത അധ്യയനവര്‍ഷം ആരംഭിക്കും. അതിന്‍റെ മുന്നോടിയായി കോഴ്സുകളുടെ സിലബസ് രൂപവത്കരണം, പഠനസാമഗ്രികളുടെ തയാറാക്കല്‍ എന്നിവ ഉടന്‍ ആരംഭിക്കും. കേരളത്തിലെ മറ്റ് സർവകലാശാലകളിലെ അധ്യാപകരെ ഉള്‍പ്പെടുത്തി രൂപവത്കരിക്കുന്ന റിസോഴ്സ് പൂളിന്റെ നേതൃത്വത്തിലാണ് അക്കാദമിക് പ്രവര്‍ത്തനം സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതിനായി 1.5 കോടി രൂപ ബജറ്റിൽ വകയിരുത്തി.
ശ്രീനാരായണഗുരു ഓപണ്‍ യൂനിവേഴ്സിറ്റിയും കിലയും കേരള ഡിജിറ്റല്‍ യൂനിവേഴ്സിറ്റിയും ചേർന്ന് ആരംഭിച്ച തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്കായുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്സ് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ആരംഭിച്ചു. ഏപ്രിലില്‍ പൂര്‍ത്തിയാകുന്ന പ്രോഗ്രാമിന്‍റെ ബിരുദ ദാന ചടങ്ങ് മേയിൽ നടത്തും. സംസ്ഥാനത്തെ മറ്റ് പൊതുമേഖല സ്ഥാപനങ്ങളുമായി ചേര്‍ന്ന് തൊഴില്‍ സാധ്യത നിലനില്‍ക്കുന്ന മേഖലകളില്‍ സര്‍ട്ടിഫിക്കറ്റ് ഡിപ്ലോമ കോഴ്സുകള്‍ തുടങ്ങും. അസാപ്, കേരള ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് എന്നിവയുമായി ചേര്‍ന്ന് പ്രോഗ്രാമുകള്‍ ആരംഭിക്കും. ചലച്ചിത്ര നിർമാണത്തിന് പ്രോത്സാഹനം നല്‍കുക എന്ന ഉദ്ദേശ്യത്തോടെ ഡിപ്ലോമ ഇൻ ഫിലിം മേക്കിങ്, ചലച്ചിത്രാസ്വാദനത്തില്‍ ഹ്രസ്വകാല സര്‍ട്ടിഫിക്കറ്റ് കോഴ്സ്, സഹകരണ ഭരണസമിതി അംഗങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് കോഴ്സ് എന്നിവയും തുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.