എയ്ഡഡ് മേഖലക്ക് 12244.34 കോടി: ജീവനക്കാർ സർക്കാറിനേക്കാൾ ഇരട്ടിയിലേറെ
text_fieldsതിരുവനന്തപുരം: എയ്ഡഡ് മേഖലക്കായി ഇക്കൊല്ലം ചെലവിടാൻ സംസ്ഥാനം ബജറ്റിൽ നീക്കി വെച്ചത് 12244.34 കോടി. സംസ്ഥാനത്തിന്റെ മൊത്തം വരുമാനത്തിെൻറ 9.13 ശതമാനമാണ് എയ്ഡഡ് സ്ഥാപന ശമ്പളത്തിനായി വേണ്ടിവരുന്നത്. സംസ്ഥാനത്തെ ജീവനക്കാരുടെ ശമ്പളത്തിന് ആകെ വേണ്ടത് 41980.86 കോടിയാണെന്നിരിക്കെയാണിത്. എയ്ഡഡ് ജീവനക്കാർ കൂടി ഉൾപ്പെടുന്ന പെൻഷൻകാർക്ക് നൽകാൻ വേണ്ടത് 26834.03 കോടിയാണ്. അധ്യാപകരും അനധ്യാപകരുമായി എയ്ഡഡ് മേഖലയിൽ ജോലി ചെയ്യുന്നത് സർക്കാർ മേഖലയുടെ ഇരട്ടിയിലേറെ ജീവനക്കാരാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. നിയമനങ്ങളിൽ സംവരണമോ, അത്തരം നിബന്ധനകളോ പാലിക്കാത്ത മേഖലയാണിത്. ഏറ്റവും ദുർബലരായ പട്ടിക വിഭാഗങ്ങളുടെ പ്രാതിനിധ്യം എയ്ഡഡിൽ പരിതാപകരമാണ്.
എയ്ഡഡ് ജീവനക്കാർക്കെല്ലാം സർക്കാർ ജീവനക്കാരുടേതിന് സമാനമായി പൊതുഖജനാവിൽനിന്നും ശമ്പളവും പെൻഷനും മറ്റ് ആനുകൂല്യങ്ങളുമുണ്ട്. നിയമനാധികാരം മാത്രം സർക്കാരിന് ഇല്ല. പി.എസ്.സി വഴി നിയമനം നടന്നാൽ മേഖലയിലെ അഴിമതി നിലക്കുകയും പകുതിയിലേറെ നിയമനം പിന്നാക്ക, ദലിത് വിഭാഗങ്ങൾക്ക് ലഭ്യമാകുകയും ചെയ്യും. പുതിയ നിയമപ്രകാരം പത്ത് ശതമാനം സംവരണം മുന്നാക്ക വിഭാഗങ്ങൾക്കും ലഭിക്കും. സർക്കാർ ഖജനാവിൽനിന്ന് ശമ്പളം നൽകുന്ന എയ്ഡഡടക്കം എല്ലാ മേഖലകളിലും സംവരണം ബാധകമാക്കണമെന്ന ആവശ്യം പിന്നാക്ക സംഘടനകൾ കാലങ്ങളായി ഉയർത്തുന്നതാണ്. നടപടി ഉണ്ടായിട്ടില്ല. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും ഒന്നാം പിണറായി സർക്കാറിലെ മന്ത്രിയുമായിരുന്ന എ.കെ. ബാലൻ എയ്ഡഡ് മേഖലയിൽ സംവരണം നടപ്പാക്കുമെന്ന് ഈയിടെ വ്യക്തമാക്കിയിരുന്നു. എന്നാൽ സി.പി.എം സംസ്ഥാന നേതൃത്വവും വിദ്യാഭ്യാസ മന്ത്രിയും പരിഗണനയിലില്ലെന്ന നിലപാടിലാണ്.
ഹൈസ്കൂൾ വരെ 4697 സർക്കാർ സ്കൂളുകളുള്ളപ്പോൾ എയ്ഡഡിൽ 7214 സ്കൂളുകളുണ്ട്. സർക്കാർ സ്കൂളുകളിൽ 52853 അധ്യാപകർ. (എൽ.പി 13901, യു.പി 10558, ഹൈസ്കൂൾ 28394). എയ്ഡഡിൽ ഇരട്ടി അധ്യാപകർ - 93727. (എൽ.പി -23166, യു.പി 26736, ഹൈസ്കൂൾ 43825). സംവരണം പാലിച്ച് മെറിറ്റിൽ നിയമനം സർക്കാർ സ്കൂളുകളിൽ മാത്രമാണ്. എയ്ഡഡിൽ മാനേജ്മെന്‍റ് താൽപര്യവും. പല വിഭാഗങ്ങൾക്കും എയ്ഡഡിൽ പ്രാതിനിധ്യം പോലുമില്ല. സർക്കാറിൽ 1229 ഗവ. ഹൈസ്കൂളുകളുള്ളപ്പോൾ എയ്ഡഡിൽ 1432. യു.പി യിൽ 871 ഗവ സ്കൂൾ. എയ്ഡഡ് 1876. എൽ.പി 2597 ഗവ. സ്കൂൾ. എയ്ഡഡ് 3906.
ഹയർ സെക്കൻഡറിയിൽ ഗവ. 819. എയ്ഡഡ് 846. അധ്യാപകരടക്കം അരലക്ഷത്തോളം പേരാണ് മേഖലയിലുള്ളത്. പകുതിയിലേറെയും എയ്ഡഡ്. 128 വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളും എയ്ഡഡിൽ പ്രവർത്തിക്കുന്നു. ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ സർക്കാർ മേഖലയിൽ 66 ഉം എയ്ഡഡിൽ 163 ഉം കോളജുകളുണ്ട്. 10136 അധ്യാപകർ. യു.ജി.സി ശമ്പളം വാങ്ങുന്നവർ. മുക്കാൽ ഭാഗവും എയ്ഡഡ് അധ്യാപകരാണ്.
163 എയ്ഡഡ് കോളജുകളിലായി ആയിരക്കണക്കിന് അനധ്യാപകരുമുണ്ട്. എയ്ഡഡ് മേഖലയിൽ മാത്രം 3173 ഗെസ്റ്റ് അധ്യാപകരും പ്രവർത്തിക്കുന്നു. മൂന്ന് എൻജിനീയറിങ് കോളജുകൾ എയ്ഡഡ് മേഖലയിലുണ്ട്. ആറ് എയ്ഡഡ് പോളിടെക്നിക്കുകളിൽ മാത്രം 272 അധ്യാപകർ. എന്നാൽ എയ്ഡഡ് പോളികളിൽ പട്ടിക വിഭാഗത്തിൽനിന്ന് ഒരു അധ്യാപകൻ മാത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.