ഫെലോഷിപ് മുടങ്ങിയിട്ട് 14 മാസം; ഗവേഷണം വഴിമുട്ടി ഒ.ഇ.സി വിദ്യാർഥികൾ
text_fieldsകോട്ടയം: ഒ.ഇ.സി (മറ്റർഹ സമുദായങ്ങൾ) വിഭാഗത്തിൽപെട്ട ഗവേഷക വിദ്യാർഥികൾക്കുള്ള സംസ്ഥാന സർക്കാറിന്‍റെ ഫെലോഷിപ് വിതരണം നിലച്ചിട്ട് ഒരു വർഷം പിന്നിട്ടു. കേന്ദ്രവിഹിതം ലഭിക്കാത്തതിനാൽ ഫണ്ടില്ലെന്നാണ് സംസ്ഥാന പട്ടിക ജാതി-പട്ടികവർഗ-പിന്നാക്ക വികസന വകുപ്പ് പറയുന്നത്. 14 മാസമായി ഫെലോഷിപ് മുടങ്ങിയതോടെ വിവിധ സർവകലാശാലകളിലും കോളജുകളിലും പിഎച്ച്.ഡി ചെയ്യുന്ന ഒ.ഇ.സി വിദ്യാർഥികളുടെ ഗവേഷണം വഴിമുട്ടിയ നിലയിലാണ്.
സെമസ്റ്റർ ഫീസ്, ഹോസ്റ്റൽ ഫീസ്, മെസ് ഫീസ്, ലൈബ്രറി ഫീസ് തുടങ്ങിയ അടിസ്ഥാന ചെലവുകൾക്ക് പുറമെ ഫീൽഡ് വർക്ക് അടക്കമുള്ള ഭാരിച്ച ഗവേഷണ ചെലവുകൾക്കും നിത്യചെലവുകൾക്കും മാർഗമില്ലാതെ ഗുരുതര പ്രതിസന്ധിയിലായിരിക്കുകയാണ് ഇവർ. പലരും ഭാരിച്ച കടബാധ്യതയിലുമാണ്. ഇക്കാര്യം ഉന്നയിച്ച് വകുപ്പുമന്ത്രി കെ. രാധാകൃഷ്ണൻ ഉൾപ്പെടെയുള്ളവരെ നിരവധി തവണ കണ്ടെങ്കിലും ഫണ്ടില്ലെന്നുപറഞ്ഞ് മടക്കിയയക്കുകയാണെന്ന് ഗവേഷകർ പറയുന്നു.
2022 മേയിലാണ് ഒ.ഇ.സി ഫെലോഷിപ് അവസാനമായി സർക്കാർ വിതരണം ചെയ്തത്. എസ്.സി-എസ്.ടി വിഭാഗത്തിന്‍റേതുപോലെ തനത് ഫണ്ടോ ഡയറക്ടറേറ്റോ ഒ.ഇ.സിക്കില്ല എന്നതാണ് പ്രശ്നത്തിന്‍റെ അടിസ്ഥാന കാരണം. സംസ്ഥാന സർക്കാറിന് കീഴിലുള്ള ഒ.ബി.സി വകുപ്പിനാണ് ഒ.ഇ.സി ഫെലോഷിപ് വിതരണച്ചുമതല. അതേസമയം, അപേക്ഷ സ്വീകരിക്കലും അംഗീകരിക്കലുമെല്ലാം എസ്.സി ഡയറക്ടറേറ്റ് മുഖേനയാണ്. ഏത് വകുപ്പ് മുഖേന വിതരണം ചെയ്യണം എന്ന സാങ്കേതികത്വത്തെ ചൊല്ലിയാണ് നേരത്തേ ഫെലോഷിപ് മുടങ്ങിയത്. ഗവേഷക വിദ്യാർഥികളുടെ നിരന്തര ഇടപെടലിനെ തുടർന്നാണ് ഇത് പരിഹരിച്ച് 2022 ആദ്യം ഫെലോഷിപ് നൽകിത്തുടങ്ങിയത്.
എന്നാൽ, മാസങ്ങൾക്കുള്ളിൽ സർക്കാറിന്‍റെ സാമ്പത്തിക പരാധീനത പറഞ്ഞ് വീണ്ടും മുടക്കി. നേരത്തേ എസ്.സി-എസ്.ടി വിഭാഗങ്ങൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന ഫെലോഷിപ്പും ഇതേരീതിയിൽ മുടങ്ങിയിരുന്നു. ട്രൈബൽ സബ് പ്ലാനും എസ്.സി സബ് പ്ലാനും മുഖേന കേന്ദ്രം നൽകിയിരുന്ന ഫണ്ടുകൂടി ഉപയോഗിച്ചാണ് വർഷങ്ങളായി എസ്.സി, എസ്.ടി, ഒ.ഇ.സി ഫെലോഷിപ് നൽകിവന്നിരുന്നത്. എന്നാൽ, കേന്ദ്രസർക്കാർ ഇതിലേക്കുള്ള നീക്കിയിരിപ്പിൽ കാര്യമായി കുറവ് വരുത്തിയെന്നാണ് സംസ്ഥാന സർക്കാർ വൃത്തങ്ങൾ പറയുന്നത്. അതേസമയം, തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങൾ ഫെലോഷിപ് കൃത്യമായി വിതരണം ചെയ്യുന്നുണ്ടെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.