ഈ വർഷം യു.എ.ഇയിൽ 14 പുതിയ സ്കൂളുകൾ തുറക്കും -വിദ്യാഭ്യാസമന്ത്രി
text_fieldsഅബൂദബി: ഈ വർഷം സ്വകാര്യ സ്കൂളുകളിൽനിന്ന് 20,000 കുട്ടികൾ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചേരുമെന്ന് പൊതുവിദ്യാഭ്യാസ, സാങ്കേതികവിദ്യാ മന്ത്രിയും എമിറേറ്റ്സ് സ്കൂൾസ് എസ്റ്റാബ്ലിഷ്മെന്റ് ചെയർപേഴ്സനുമായ സാറാ അൽ അമീരി. എമിറേറ്റ് ടവറിൽ യു.എ.ഇ ഗവൺമെന്റ് മീഡിയ ഓഫിസ് സംഘടിപ്പിച്ച വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
കുട്ടികളുടെ എണ്ണം കൂടിയത് പൊതുവിദ്യാഭ്യാസ മേഖലയിലെ മികവാണ് തെളിയിക്കുന്നത്. വിവിധ എമിറേറ്റുകളിലായി 14 പുതിയ സ്കൂളുകൾ ഈവർഷം തുറക്കുമെന്നും അവർ അറിയിച്ചു. പൊതുവിദ്യാഭ്യാസ മേഖലയെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടിയതിനാലാണിത്.
പൊതുവിദ്യാഭ്യാസ മേഖലയിലെ അധ്യാപകർക്കും ഉദ്യോഗസ്ഥർക്കുമെല്ലാം മതിയായ പരിശീലനമാണ് വിദ്യാഭ്യാസവകുപ്പ് നൽകുന്നത്. ഈ വർഷം 23,492 വിദ്യാഭ്യാസ പ്രഫഷനലുകളാണ് പ്രത്യേക പരിശീലനവാര പരിപാടിയിൽ സംബന്ധിച്ചത്. 165 പരിശീലന ശിൽപശാലകളും മൂന്നു വിദ്യാഭ്യാസ ഫോറങ്ങളും സംഘടിപ്പിച്ചു.
30 സ്കൂളുകൾ ആധുനികവത്കരിക്കുകയും 47 സ്കൂളുകൾ നവീകരിക്കുകയും ചെയ്തു. 78 പുതിയ ബസുകളാണ് വിവിധ സ്കൂളുകളിലേക്കായി വാങ്ങിയത്. ഇതടക്കം 48,000 സ്കൂൾ ബസുകളാണ് പൊതുവിദ്യാഭ്യാസ മേഖലയിലുള്ളത്. 3600 കമ്പ്യൂട്ടറുകൾ സ്കൂളുകളിലേക്ക് വിതരണം ചെയ്യും. ഇതിനുപുറമേ 2187 സംവേദനാത്മക ഡിസ്പ്ലേ ഉപകരണങ്ങളും വിവിധ സർക്കാർ സ്കൂളുകളിലേക്ക് നൽകും. ഒരു കോടി പുസ്തകങ്ങളാണ് അച്ചടിച്ചത്. വിദ്യാരംഭദിവസം മുതൽ പുസ്തകങ്ങളുടെ വിതരണം ആരംഭിക്കും.
അക്കാദമിക് വർഷം തുടങ്ങുന്നതിന് രണ്ടു മാസം മുമ്പ് യൂനിഫോം വിതരണം ചെയ്തിരുന്നു. രാജ്യത്തുടനീളമുള്ള 50 വിൽപനകേന്ദ്രങ്ങൾ വഴി ആറുലക്ഷത്തിലേറെ സ്കൂൾ യൂനിഫോമുകളാണ് വിതരണം ചെയ്തത്. പാഠ്യേതര പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന് പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. നിർമിതബുദ്ധി അടക്കമുള്ള വിഷയങ്ങളിലാണ് പരിശീലനം നൽകുക. വരുന്ന അക്കാദമിക് വർഷത്തിൽ 450 പാഠ്യേതര പ്രവർത്തനങ്ങൾ നടപ്പാക്കാനാണ് എമിറേറ്റ്സ് സ്കൂൾ എസ്റ്റാബ്ലിഷ്മെന്റ് ആലോചിക്കുന്നത്.
പൊതുവിദ്യാഭ്യാസ മേഖലയിലുടനീളം ഉയർന്ന പഠനനിലവാരം പാലിക്കുന്നതിനും മികച്ച പഠനസാഹചര്യമൊരുക്കുന്നതിനും എമിറേറ്റ്സ് സ്കൂൾസ് എസ്റ്റാബ്ലിഷ്മെന്റ് പദ്ധതികൾ നടപ്പാക്കിയതായും അൽ അമീരി പറഞ്ഞു. കഴിഞ്ഞ അക്കാദമിക് വർഷം തീരുന്നതിന് മുമ്പുതന്നെ എമിറേറ്റ്സ് എസ്റ്റാബ്ലിഷ്മെന്റ് അംഗങ്ങൾ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. ഇതിലൂടെ എല്ലാ പൊതുവിദ്യാലയങ്ങളിലും വേണ്ട തയാറെടുപ്പുകൾ പൂർത്തിയാക്കാനായെന്നും അവർ പറഞ്ഞു.
എമിറേറ്റ്സ് സ്കൂൾസ് എസ്റ്റാബ്ലിഷ്മെന്റ് ഡയറക്ടർ ജനറൽ മുഹമ്മദ് അൽ ഖാസിം, എജുക്കേഷൻ ഡെവലപ്മെന്റ് സെക്ടർ ആക്ടിങ് എക്സിക്യൂട്ടിവ് ഡയറക്ടർ ഹെസ്സാ റഷീദ്, സ്കൂൾ ഓപറേഷൻസ് സെക്ടർ-അബൂദബി ആക്ടിങ് എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. ഉമർ അൽ ധാഹിരി എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.