മെഡിക്കൽ, എൻജി. പ്രവേശനം: 1.68 ലക്ഷം അപേക്ഷകർ
text_fieldsതിരുവനന്തപുരം: എൻജിനീയറിങ്, ആർക്കിടെക്ചർ, മെഡിക്കൽ, അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിന് ഇത്തവണ 1,68,167 അപേക്ഷകർ. വെള്ളിയാഴ്ച വൈകീട്ട് അഞ്ചുവരെയായിരുന്നു അപേക്ഷ സമർപ്പണം. ഇതിൽ ഇത്തവണ ഓൺലൈൻ പ്രവേശന പരീക്ഷ നടക്കുന്ന എൻജിനീയറിങ് ആൻഡ് ഫാർമസി പ്രവേശനത്തിന് 112666 അപേക്ഷകരാണുള്ളത്. ഇതിൽ എൻജിനീയറിങ് മാത്രമായി അപേക്ഷിച്ചത് 65136 പേരാണ്. ഫാർമസി കോഴ്സിലേക്ക് മാത്രമായി അപേക്ഷിച്ചത് 18724 പേരാണ്.
നീറ്റ് പരീക്ഷ എഴുതി കേരളത്തിൽ മെഡിക്കൽ, അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിനായി പ്രവേശന പരീക്ഷ കമീഷണർക്ക് അപേക്ഷിച്ചത് 117355 പേരാണ്. ആർക്കിടെക്ചർ (ബി.ആർക്ക്) കോഴ്സിൽ പ്രവേശനത്തിനായി അപേക്ഷിച്ചത് 12825 പേരാണ്. എൻജിനീയറിങ്, ആർക്കിടെക്ചർ, മെഡിക്കൽ, അനുബന്ധ കോഴ്സുകളിൽ ഇത്തവണ ആകെ രജിസ്റ്റർ ചെയ്തത് 188257 പേരാണ്. ഇതിൽ ഫീസ് അടച്ചത് 173668 പേരാണ്.
ഫോട്ടോ, ഒപ്പ്, നിർബന്ധ രേഖകൾ എന്നിവ അപ്ലോഡ് ചെയ്ത് അപേക്ഷ സമർപ്പണം പൂർത്തിയാക്കിയത് 168167 പേരാണ്. എൻജിനീയറിങ്, ഫാർമസി കോഴ്സുകളിൽ പ്രവേശനത്തിന് ആദ്യമായി ഏർപ്പെടുത്തിയ കമ്പ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ പരീക്ഷ ജൂൺ ഒന്നു മുതൽ ഒമ്പതു വരെയാണ് നടക്കുന്നത്. 1,12,666 പേർക്കുള്ള പരീക്ഷ സൗകര്യമാണ് പ്രവേശന പരീക്ഷ കമീഷണറേറ്റ് ഒരുക്കേണ്ടത്.
അപേക്ഷകരുടെ എണ്ണത്തിൽ കുറവ്
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മെഡിക്കൽ, എൻജിനീയറിങ് കോഴ്സുകളിലേക്ക് ഇത്തവണ അപേക്ഷകരുടെ എണ്ണത്തിൽ കുറവ്. കഴിഞ്ഞ വർഷം മെഡിക്കലിൽ 1,28,454 അപേക്ഷകരുണ്ടായിരുന്നത് ഇത്തവണ1,17,355 ആയി കുറഞ്ഞു. എൻജിനീയറിങ് ആൻഡ് ഫാർമസി പ്രവേശന പരീക്ഷക്കായി കഴിഞ്ഞ വർഷം 1,23,623 അപേക്ഷകരുണ്ടായിരുന്നത് ഇത്തവണ 1,12,666 ആയി കുറഞ്ഞു. കഴിഞ്ഞ വർഷം എൻജിനീയറിങ്ങിലേക്ക് മാത്രമായി 96,940 പേരുണ്ടായിരുന്നത് ഇത്തവണ 65,136 ആയി കുറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.