വസ്ത്ര നിര്‍മാണ മേഖലയില്‍ തൊഴില്‍ നേടാം
text_fieldsറെഡിമെയ്ഡ് വസ്ത്ര നിര്‍മാണവും വിപണനവും വമ്പിച്ച വ്യവസായമായി മാറിക്കഴിഞ്ഞു. പുതുതലമുറയുടെ ഫാഷനുകള്‍ക്കനുസൃതമായ വസ്ത്ര നിര്‍മാണവും വിപണനവും തൊഴിലാക്കി മാറ്റാന്‍ താല്‍പര്യമുള്ള യുവതി-യുവാക്കള്‍ക്ക് അനുയോജ്യമായ പഠന പരിശീലനമാണ് സംസ്ഥാനത്തെ ഗവണ്‍മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് (ജി.ഐ.എഫ്.ഡി) നല്‍കിവരുന്നത്. സാങ്കേതിക വകുപ്പിന് കീഴില്‍ ഇത്തരത്തിലുള്ള 42 ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ പരിശീലന സൗകര്യമുണ്ട്. എസ്.എസ്.എല്‍.സിയോ തുല്യപരീക്ഷയോ വിജയിച്ചവര്‍ക്ക് ഇക്കൊല്ലത്തെ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്‍റ് ടെക്നോളജി കോഴ്സില്‍ പ്രവേശം നേടാം. അപേക്ഷകര്‍ക്ക് 2016 മേയ് 31ന് 15 വയസ്സ് പൂര്‍ത്തിയായിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്ല.
അപേക്ഷ
അപേക്ഷാഫോറവും വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസും പ്രവേശമാഗ്രഹിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിന്നും നേരിട്ട് 25 രൂപ നല്‍കി വാങ്ങാം. ജൂണ്‍ 15 വരെ ഫോറം വിതരണം ചെയ്യും. അപേക്ഷാഫോറം പൂരിപ്പിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ ബന്ധപ്പെട്ട രേഖകള്‍ സഹിതം ജൂണ്‍ 16ന് വൈകീട്ട് നാലുമണിക്ക് മുമ്പായി സമര്‍പ്പിക്കേണ്ടതാണ്. പ്രോസ്പെക്ടസിലെ നിര്‍ദേശങ്ങള്‍ പാലിച്ചുവേണം അപേക്ഷ നല്‍കേണ്ടത്.
ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍
തിരുവനന്തപുരം -അരുവിക്കര ഹോമിയോ കോളജിന് സമീപം, പാറശ്ശാല (പോസ്റ്റോഫിസ് ജങ്ഷന്‍), കാഞ്ഞിരംകുളം, കണ്ടള, നെയ്യാറ്റിന്‍കര (തേമ്പാമുട്ടം), വെഞ്ഞാറമൂട്, ചിറയിന്‍കീഴ്.
കൊല്ലം -തേവള്ളി (ഗവ. ക്വാര്‍ട്ടേഴ്സിന് സമീപം), ഏഴു കോണ്‍ (ടി.എച്ച്.എസിന് സമീപം).
ആലപ്പുഴ -ചെങ്ങന്നൂര്‍ (കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍ഡിന് എതിര്‍വശം), ഹരിപ്പാട് (ഠാണപ്പടി).
കോട്ടയം -പാമ്പാടി (ടി.എച്ച്.എസ് കോമ്പൗണ്ട്, വെള്ളൂര്‍), പാല (ഗവ. ടി.എച്ച്.എസ് കോമ്പൗണ്ട്, പുലിയന്നൂര്‍).
ഇടുക്കി -വെള്ളാരംകുന്ന്, വണ്ടിപ്പെരിയാര്‍ (ജി.പി.ടി.സി കാമ്പസ്), ദേവികുളം (സബ് രജിസ്ട്രാര്‍ ഓഫിസിന് സമീപം), രാജാക്കാട് (ചര്‍ച്ച് റോഡ്, എന്‍.ആര്‍ സിറ്റി), തൊടുപുഴ (മുനിസിപ്പല്‍ ബില്‍ഡിങ്സ്).
എറണാകുളം -തമ്മനം, കളമശ്ശേരി (ഗവ. പോളിടെക്നിക് കാമ്പസ്), ഞാറക്കല്‍ (മാറംപിള്ളി ജങ്ഷന്‍).
തൃശൂര്‍ -പരിയാരം (കുറ്റിക്കാട്), ഇരിങ്ങാലക്കുട (ബസ്സ്റ്റാന്‍ഡിന് സമീപം), കുന്നംകുളം (ഗവ. പോളിടെക്നിക് കാമ്പസ്), തൃശൂര്‍ (ടി.എച്ച്.എസ് ചെമ്പുകാവ്), വടക്കാഞ്ചേരി (ഗവ. ഗേള്‍സ് ഹൈസ്കൂളിന് സമീപം).
പാലക്കാട് -മുണ്ടൂര്‍ (ടി.കെ.എം കോംപ്ളക്സ്, ചുങ്കം), അഗളി (കെ.എസ്.ഇ.ബി ഓഫിസിന് എതിര്‍വശം), ചിത്തന്നൂര്‍ (തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് ഓഫിസിന് എതിര്‍വശം), മണ്ണാര്‍ക്കാട് (ബരിംവിടാര).
മലപ്പുറം -മങ്കട (വെറുമ്പിലക്കല്‍), കൊണ്ടോട്ടി (നെടിയിരുപ്പ് ബാങ്കിനു സമീപം), വേങ്ങര (കച്ചേരിപ്പടി).
കോഴിക്കോട് -കോഴിക്കോട് (വനിത പോളിടെക്നിക് കാമ്പസ്), വടകര (ഗവ. ടെക്നിക്കല്‍ ഹൈസ്കൂള്‍ കാമ്പസ്, നട്സ്ട്രീറ്റ്).
വയനാട് -മാനന്തവാടി (ഗവ. ടി.എച്ച്.എസ് കാമ്പസ്), വൈത്തിരി (ചുണ്ടേല്‍), സുല്‍ത്താന്‍ബത്തേരി (ഗവ. ടി.എച്ച്.എസ് കാമ്പസ്).
കണ്ണൂര്‍ -ധര്‍മടം (പലയാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കാമ്പസ്), നെരുവമ്പ്ര (ഗവ. ടി.എച്ച്.എസ് കാമ്പസ്).
കാസര്‍കോട് -മൊഗ്രാല്‍ പുത്തൂര്‍ (ഗവ. ടി.എച്ച്.എസ് കാമ്പസ്, ബദിയടുക്ക).
കോഴ്സ്
വസ്ത്ര നിര്‍മാണം, അലങ്കാരം, രൂപകല്‍പന, വിപണനം എന്നീ മേഖലയിലാണ് പരിശീലനം. പരമ്പരാഗത വസ്ത്ര നിര്‍മാണത്തിലും കമ്പ്യൂട്ടര്‍ അധിഷ്ഠിത ഫാഷന്‍ ഡിസൈനിങ്ങിലും പരിശീലനം ലഭിക്കും. പുത്തന്‍ ട്രെന്‍ഡുകളെ സ്വാംശീകരിച്ച് തനത് രീതിയില്‍ പുനരാവിഷ്കരിക്കുന്നതിനുള്ള പ്രാപ്തി നേടുന്നതിന് ഈ പഠനം സഹായകമാവും. വസ്ത്ര നിര്‍മാണത്തിലും രൂപകല്‍പനയിലും ശാസ്ത്രീയ അവബോധവും പ്രായോഗിക പരിശീലനവും നല്‍കുന്നതോടൊപ്പം മാര്‍ക്കറ്റ് അനാലിസിസ്, സോഫ്റ്റ് സ്കില്‍സ് പരിശീലനങ്ങളും ലഭ്യമാകും. രണ്ടു വര്‍ഷമാണ് ഈ സര്‍ട്ടിഫിക്കറ്റ് കോഴ്സിന്‍െറ പഠന കാലാവധി. ഒന്നും രണ്ടും വര്‍ഷങ്ങളില്‍ പരീക്ഷ നടത്തും. വിജയികള്‍ക്ക് കേരള ഗവ. ടെക്നിക്കല്‍ എക്സാമിനേഷന്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്‍റ്സ് ടെക്നോളജി സര്‍ട്ടിഫിക്കറ്റ് സമ്മാനിക്കും.
സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന ഈ കോഴ്സിന് ട്യൂഷന്‍ ഫീസ് ഏര്‍പ്പെടുത്തിയിട്ടില്ല. പകരം അഡ്മിഷന്‍ ഫീസായി 100 രൂപയും സ്പെഷല്‍ ഫീസായി 175 രൂപയും കോഷന്‍ ഡെപ്പോസിറ്റായി 300 രൂപയും അടക്കണം. യോഗ്യതാപരീക്ഷയുടെ മെറിറ്റ് പരിഗണിച്ചാണ് അഡ്മിഷന്‍. ഓരോ സ്ഥാപനത്തിലും 24 പേര്‍ക്ക് വീതം പ്രവേശം ലഭിക്കും. എന്നാല്‍ തമ്മനം, ഞാറക്കല്‍, തൃശൂര്‍, ഇരിങ്ങാലക്കുട, വടക്കാഞ്ചേരി എന്നിവിടങ്ങളിലെ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ ഒന്നിടവിട്ട വര്‍ഷങ്ങളില്‍ 48 സീറ്റുകളില്‍ പ്രവേശം നല്‍കുന്നതാണ്.
ഒരു സ്ഥാപനത്തിലെ ആകെ സീറ്റുകളില്‍ 25 ശതമാനം ആണ്‍കുട്ടികള്‍ക്കും 75 ശതമാനം പെണ്‍കുട്ടികള്‍ക്കുമാണ് പ്രവേശം.
തൊഴില്‍സാധ്യത
പഠിച്ചിറങ്ങുന്നവര്‍ക്ക് വസ്ത്ര നിര്‍മാണ കമ്പനികളിലും വിപണന മേഖലയിലുമാണ് തൊഴില്‍ സാധ്യത. റെഡിമെയ്ഡ് വസ്ത്ര നിര്‍മാണ മേഖലയില്‍ ഫാഷന്‍ ഡിസൈനറാകാം. എന്‍.ഐ.എഫ്.ടി പോലുള്ള ദേശീയതല സ്ഥാപനങ്ങളില്‍ ഉപരിപഠനം നടത്താന്‍ കഴിയുന്നവര്‍ക്ക് മെച്ചപ്പെട്ട കരിയര്‍ കണ്ടത്തൊനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.