മെഡിക്കല്‍ / ഡെന്‍റല്‍: ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അലോട്ട്മെന്‍റ് 22ന്
text_fieldsതിരുവനന്തപുരം: സെപ്റ്റംബര്‍ 20നു ശേഷം സര്‍ക്കാര്‍/ സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ / സ്വകാര്യ സ്വാശ്രമ മെഡിക്കല്‍ / ഡെന്‍റല്‍ കോളജുകളില്‍ സര്‍ക്കാര്‍ സീറ്റുകള്‍ ഒഴിവുള്ള പക്ഷം അവ നികത്തുന്നതിനായി ഒരു സ്പോട്ട് അലോട്ട്മെന്‍റ് 22ന് രാവിലെ ഒമ്പതിന് തിരുവനന്തപുരം, ഗവ. മെഡിക്കല്‍ കോളജ് കാമ്പസിലെ ഓള്‍ഡ് ഓഡിറ്റോറിയത്തില്‍ നടത്തും. പ്രോസ്പെക്ടസ് ക്ളോസ് അനുസൃതമായി നടത്തുന്ന സ്പോട്ട് അലോട്ട്മെന്‍റിന് താഴെപ്പറയുന്ന വ്യവസ്ഥകള്‍ ബാധകമായിരിക്കും.
സ്പോട്ട് അലോട്ട്മെന്‍റ് കോളജുതലത്തില്‍ അതത് കോളജുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് നടത്തുന്നതാണ്. നിലവില്‍ പ്രവേശം നേടിയിരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്പോട്ട് അലോട്ട്മെന്‍റിലൂടെ പുതുതായി അലോട്ട്മെന്‍റ് ലഭിക്കുകയാണെങ്കില്‍ അവര്‍ ഒഴിവാക്കപ്പെടുന്ന സീറ്റുകളും അപ്പപ്പോള്‍തന്നെ നികത്തുന്നതാണ്. ഒരേ കോഴ്സിന് ഒരു സര്‍ക്കാര്‍ കോളജില്‍നിന്ന് മറ്റൊരു സര്‍ക്കാര്‍ കോളജിലേക്കോ ഒരു സ്വാശ്രയ കോളജില്‍ നിന്ന് മറ്റൊരു സ്വാശ്രയ കോളജിലേക്കോ മാറ്റം അനുവദിക്കുന്നതല്ല.
ഒരു കോഴ്സില്‍നിന്ന് മറ്റൊരു കോഴ്സിലേക്കോ ഒരേ കോഴ്സില്‍തന്നെ സ്വാശ്രയ കോളജില്‍നിന്ന് സര്‍ക്കാര്‍ കോളജിലേക്കോ മറിച്ചോ മാറ്റം അനുവദിക്കുന്നതാണ്. പ്രവേശ പരീക്ഷാ കമീഷണര്‍ തയാറാക്കിയ മെഡിക്കല്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളതും എം.ബി.ബി.എസ് / ബി.ഡി.എസ് കോഴ്സ് പ്രവേശത്തിന് യോഗ്യത നേടിയതുമായ വിദ്യാര്‍ഥികള്‍ക്ക് സ്പോട്ട് അലോട്ട്മെന്‍റില്‍ പങ്കെടുക്കാവുന്നതാണ്.
നിലവില്‍ ഒരു കോഴ്സിനും പ്രവേശം നേടിയിട്ടില്ലാത്ത വിദ്യാര്‍ഥികളും പ്രവേശ പരീക്ഷാ കമീഷണറുടെ അലോട്ട്മെന്‍റിലൂടെ അല്ലാതെ സംസ്ഥാനത്തിനകത്തോ പുറത്തോ മറ്റേതെങ്കിലും കോഴ്സ് / കോളജുകളില്‍ പ്രവേശം നേടിയിരിക്കുന്ന വിദ്യാര്‍ഥികളും വിടുതല്‍ സര്‍ട്ടിഫിക്കറ്റ്, പ്രവേശ യോഗ്യത തെളിയിക്കുന്ന മറ്റു രേഖകള്‍ എന്നിവയുടെ അസ്സല്‍ സ്പോട്ട് അലോട്ട്മെന്‍റിന് ഹാജരാക്കേണ്ടതാണ്. സ്പോട്ട് അലോട്ട്മെന്‍റിന് വിദ്യാര്‍ഥികള്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹെല്‍പ് ലൈന്‍ നമ്പറുകളായ 0471 2339101, 102, 103, 104 എന്നിവയില്‍ ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.