എട്ടാം ക്ലാസ് വാർഷിക പരീക്ഷയിൽ തോൽവി 21.67 ശതമാനം; 25 മുതൽ പുനഃപരീക്ഷ
text_fieldsതിരുവനന്തപുരം: എട്ടാം ക്ലാസ് വാർഷിക പരീക്ഷയിൽ ആദ്യമായി വിഷയ മിനിമം ഏർപ്പെടുത്തിയപ്പോൾ പരാജയപ്പെട്ടത് 21.67 ശതമാനം പേർ. ഏതെങ്കിലും വിഷയത്തിൽ സബ്ജക്ട് മിനിമം നേടാത്തവരാണ് ക്ലാസ് കയറ്റത്തിന് യോഗ്യരല്ലാത്തവർ. വാർഷിക പരീക്ഷ എഴുതിയ 3,98,181 വിദ്യാർഥികളിൽ ഒരു വിഷയത്തിലെങ്കിലും പരാജയപ്പെട്ടവർ (ഇ ഗ്രേഡ്) 86,309 ആണ്. ഒരു വിഷയത്തിലും വിജയിക്കാത്തവരുടെ എണ്ണം 5516 ആണ്. ഇത് പരീക്ഷ എഴുതിയ കുട്ടികളുടെ 1.30 ശതമാനമാണ്.
കൂടുതൽ കുട്ടികൾ പരാജയപ്പെട്ടത് ഹിന്ദിയിലാണ്. എഴുത്തു പരീക്ഷയിൽ ഓരോ വിഷയത്തിലും 30 ശതമാനം മാർക്ക് നേടാത്തവരാണ് ക്ലാസ് കയറ്റത്തിന് യോഗ്യരല്ലാത്തവർ. ഈ വിദ്യാർഥികളുടെ വിവരങ്ങൾ സ്കൂളുകൾ രക്ഷാകർത്താക്കളെ അറിയിക്കുകയും ഈ കുട്ടികൾക്കായി ചൊവ്വാഴ്ച മുതൽ ഈ മാസം 24 വരെ അധിക പിന്തുണ ക്ലാസുകൾ നടത്താനും തീരുമാനിച്ചിട്ടുണ്ട്.
ക്ലാസുകൾ രാവിലെ 9.30 മുതൽ 12.30 വരെ ആയിരിക്കും. നിശ്ചിതമാർക്ക് നേടാത്ത വിഷയത്തിൽ /വിഷയങ്ങളിൽ മാത്രം വിദ്യാർഥികൾ അധിക പിന്തുണ ക്ലാസുകളിൽ പങ്കെടുത്താൽ മതിയാകും. ഏപ്രിൽ 25 മുതൽ 28 വരെ പുനഃപരീക്ഷയും ഏപ്രിൽ 30ന് ഫലപ്രഖ്യാപനവും നടത്തും. ഓരോ ജില്ലയിലും പിന്തുണ ക്ലാസുകൾ നിരീക്ഷിക്കുന്നതിന് ഉദ്യോഗസ്ഥരെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പൊതു വിദ്യാഭ്യാസ ഡയറക്ടർ പുറപ്പെടുവിച്ചു.
ഓരോ വിദ്യാലയത്തിലെയും സാഹചര്യം പരിഗണിച്ച് അവിടത്തെ അധ്യാപകരുടെയും രക്ഷാകർത്താക്കളുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെയാണ് ക്ലാസുകൾ നടത്തുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.