കാലിക്കറ്റിന് കീഴിലെ കോളജുകളില്‍ ഒഴിഞ്ഞുകിടക്കുന്നത് 25,911 ബിരുദ സീറ്റുകള്‍
text_fieldsതേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ കോളജുകളില്‍ ബിരുദ പ്രവേശന നടപടികള്‍ അവസാനിപ്പിച്ചതിനുശേഷം ഒഴിഞ്ഞുകിടക്കുന്നത് 25,911 സീറ്റുകള്‍. സര്‍വകലാശാല പരിധിയിലെ അഞ്ച് ജില്ലകളിലെ സര്‍ക്കാര്‍, എയ്ഡഡ് കോളജുകളിലാണ് 2022-23 അധ്യയനവര്‍ഷത്തില്‍ ഇത്രയും ബിരുദ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നത്.
സര്‍ക്കാര്‍ കോളജുകളില്‍ 329, എയ്ഡഡ് കോളജുകളില്‍ 2423, എയ്ഡഡ് കോളജുകളിലെ സ്വാശ്രയ പ്രോഗ്രാമുകളില്‍ 1870 എന്നിങ്ങനെയാണ് ഒഴിവുള്ള ബിരുദ സീറ്റുകളുടെ കണക്ക്. ഇതിനുപുറമെ സ്വാശ്രയ കോളജുകളില്‍ 21,289 സീറ്റുകളും ഒഴിഞ്ഞുകിടക്കുന്നതായി സര്‍വകലാശാല രേഖകള്‍ വ്യക്തമാക്കുന്നു.
സര്‍ക്കാര്‍ കോളജുകളില്‍ ഓപണ്‍ വിഭാഗത്തിലെ ഒഴിവ് 64 ആണെങ്കില്‍ എസ്.സി, എസ്.ടി വിഭാഗങ്ങളിലായി 122 സീറ്റുകളിലാണ് വിദ്യാര്‍ഥി പ്രവേശനം നടത്താത്തത്. എയ്ഡഡ് കോളജുകളില്‍ എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്കായി സംവരണം ചെയ്ത 755 സീറ്റുകളിലും വിദ്യാര്ഥികളെത്തിയിട്ടില്ല. എയ്ഡഡ് കോളജുകളില്‍ 484 ഓപണ്‍ സീറ്റുകളും ഒഴിഞ്ഞുകിടക്കുകയാണ്.
എയ്ഡഡ് കോളജുകളിലെ സ്വാശ്രയ പ്രോഗ്രാമുകളില്‍ ഓപണ്‍ വിഭാഗത്തില്‍ 365 സീറ്റുകളും ഒഴിവുണ്ട്. എസ്.സി, എസ്.ടി വിഭാഗത്തില്‍ 165 ബിരുദ സീറ്റുകളിലും വിദ്യാര്‍ഥി പ്രവേശനം നടത്തിയിട്ടില്ല. 2022-23 അധ്യയനവര്‍ഷത്തില്‍ 65.08 ശതമാനം വിദ്യാര്‍ഥികളാണ് ബിരുദ കോഴ്സുകളില്‍ പ്രവേശനം നേടിയതെന്നും സര്‍വകലാശാല രേഖകളില്‍ പറയുന്നു.
സെനറ്റില്‍ അംഗം വി.കെ. രാജേഷ് ഉന്നയിച്ച ചോദ്യത്തിനാണ് സര്‍വകലാശാല ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. അര്‍ഹരായ വിദ്യാര്‍ഥികള്‍ ഉണ്ടായിരിക്കെ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ പ്രവേശന നടപടികള്‍ സര്‍വകലാശാല അവസാനിപ്പിക്കുന്ന ഘട്ടത്തില്‍ കോളജുകളില്‍ സ്പോട്ട് അഡ്മിഷന് നടപടികള്‍ കാര്യക്ഷമമായി നടത്തണമെന്ന് വി.കെ. രാജേഷ് ആവശ്യപ്പെട്ടു.
ദലിത് വിദ്യാര്‍ഥികള്‍ക്കായി സംവരണം ചെയ്ത സീറ്റുകളില്‍ ആ വിഭാഗം വിദ്യാര്‍ഥികള്‍ എത്താതിരിക്കുന്നത് വിശദമായി പരിശോധിക്കണമെന്ന് സെനറ്റംഗം സോണിയയും ആവശ്യമുന്നയിച്ചു. എന്നാല്‍, ബിരുദ കോഴ്സുകള്‍ വര്‍ധിപ്പിച്ചതിനാലാണ് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യമുണ്ടായതെന്നും അടുത്ത വര്‍ഷം ഈ പോരായ്മ പരിഹരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.