ആകാശം കീഴടക്കാനൊരുങ്ങി ഫിദ ഫാത്തിമ; പൈലറ്റ് പ്രവേശന പരീക്ഷയിൽ 27ാം റാങ്ക്
text_fieldsതുവ്വൂർ: കുട്ടിക്കാലത്ത് കടലാസ് വിമാനം പറത്തിക്കളിച്ചിരുന്ന ഫിദ ഫാത്തിമ ഇപ്പോൾ പൈലറ്റ് എന്ന സ്വപ്നത്തിനരികെ. ഇന്ത്യയിലെ പ്രമുഖ പൈലറ്റ് പരിശീലന സ്ഥാപനമായ ഉത്തർപ്രദേശിലെ ഇഗ്രോ അക്കാദമിയിൽ തിളങ്ങുന്ന വിജയത്തോടെ പ്രവേശനം ഉറപ്പിച്ചിരിക്കുകയാണ് ഈ 20 കാരി.
തുവ്വൂർ മരുതത്തിലെ കർഷകനായ പറവെട്ടി അബൂ ജുറൈജിന്റെ മകളാണ് ഫിദ ഫാത്തിമ. തുവ്വൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് പൈലറ്റ് മോഹം വീണ്ടും ഉദിക്കുന്നത്. ട്യൂഷൻ മാസ്റ്ററായ ജയനും സോഫ്റ്റ്വെയർ എൻജിനീയറായ പിതൃ സഹോദര പുത്രൻ സഹലും വഴികാട്ടികളായി.
മാതാപിതാക്കൾ പ്രോത്സാഹനവുമായി ഒപ്പംനിന്നതോടെ അമേത്തി ഫുർസത്ഗഞ്ചിലെ ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉറാൻ അക്കാദമിയുടെ പ്രവേശന പരീക്ഷക്ക് രജിസ്റ്റർ ചെയ്തു. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കീഴിലുള്ള അക്കാദമിയിൽ 120 സീറ്റാണുള്ളത്.
പരിശീലന കോഴ്സുകൾക്കൊന്നും പോകാതെ സ്വയം പഠിച്ചെഴുതി 27ാം റാങ്ക് നേടി. പരിശീലനത്തിന് അമേത്തിയിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ് ഫിദ. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അടക്കം പ്രമുഖർ ഫിദയെ അഭിനന്ദനമറിയിച്ചു. സക്കീനയാണ് മാതാവ്. രണ്ട് സഹോദരങ്ങളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.