എസ്.എസ്.എൽ.സി പരീക്ഷക്ക് 4.27 ലക്ഷം പേർ; പ്ലസ് വണിന് 4,15,044 പേരും പ്ലസ് ടുവിന് 4,44,097 പേരും
text_fieldsതിരുവനന്തപുരം: മാർച്ച് നാലിന് ആരംഭിക്കുന്ന എസ്.എസ്.എൽ.സി പരീക്ഷ എഴുതാൻ 4,27,105 പേർ. മാർച്ച് ഒന്നിന് തുടങ്ങുന്ന ഒന്നാം വർഷ ഹയർസെക്കൻഡറി പരീക്ഷ 4,15,044 പേരും രണ്ടാം വർഷ പരീക്ഷ 4,44,097 പേരും എഴുതും. 27,770 പേർ ഒന്നാം വർഷ വി.എച്ച്.എസ്.ഇ പരീക്ഷക്കും 29,337 പേർ രണ്ടാം വർഷ പരീക്ഷക്കും ഹാജരാകും.
2971 പരീക്ഷ കേന്ദ്രങ്ങളിലായാണ് എസ്.എസ്.എൽ.സി പരീക്ഷ നടക്കുക. 2017 കേന്ദ്രങ്ങളിലായാണ് ഹയർസെക്കൻഡറി പരീക്ഷ. വി.എച്ച്.എസ്.ഇ പരീക്ഷക്ക് 389 കേന്ദ്രങ്ങളാണുള്ളത്. എസ്.എസ്.എൽ.സി, ഹയർസെക്കൻഡറിപരീക്ഷകൾ കേരളം, ലക്ഷദ്വീപ്, ഗൾഫ് മേഖലകളിലെ വിവിധ സെന്ററുകളിൽ നടക്കുന്നുണ്ട്. വി.എച്ച്.എസ്.ഇ പരീക്ഷകൾക്ക് കേരളത്തിൽ മാത്രമേ സെന്ററുകൾ ഉള്ളൂ.
എസ്.എസ്.എൽ.സിയിൽ കൂടുതൽ പേർ പരീക്ഷ എഴുതുന്നത് മലപ്പുറം എടരിക്കോട് പി.കെ.എം.എം ഹയർസെക്കൻഡറി സ്കൂളിലാണ്; 2085 പേർ. ഏറ്റവും കുറവ് പേർ പരീക്ഷയെഴുതുന്നത് മൂവാറ്റുപുഴ ശിവൻകുന്ന് ഗവ.എച്ച്.എസ്.എസ്, മൂവാറ്റുപുഴ എൻ.എസ്.എസ്.എച്ച്.എസ്, തിരുവല്ല കുറ്റൂർ ഗവ. എച്ച്.എസ്, ഹസൻഹാജി ഫൗണ്ടേഷൻ ഇന്റർനാഷനൽ എച്ച്.എസ്, ഇടനാട് എൻ.എസ്.എസ് എച്ച്.എസ് എന്നീ സ്കൂളുകളിലാണ്; ഒരു കുട്ടി വീതം.
പരീക്ഷാനടത്തിപ്പിന്റെ മുന്നോടിയായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ഉന്നത ഉദ്യോഗസ്ഥരുടെയും കലക്ടർമാരുടെയും യോഗം ചേർന്നു. എസ്.എസ്.എൽ.സി. പരീക്ഷയുടെ ചോദ്യപേപ്പർ വിതരണം പൊലീസ് അകമ്പടിയിൽ നടത്തിവരുകയാണ്.
41 വിദ്യാഭ്യാസ ജില്ല ഓഫിസുകളിലെ സ്ട്രോങ് റൂമുകളിൽ സൂക്ഷിച്ചിരിക്കുന്ന ചോദ്യ പേപ്പറുകൾക്ക് മാർച്ച് 25 വരെ പൊലീസ് സംരക്ഷണം ഉണ്ടാകും. ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷ ചോദ്യ പേപ്പറുകൾക്ക് അതത് സ്കൂളുകളിൽ ഉദ്യോഗസ്ഥർക്ക് പ്രത്യേക ചുമതല നൽകി സൂക്ഷിക്കും. ചോദ്യപേപ്പർ സൂക്ഷിക്കുന്ന മുറികളിൽ സി.സി ടി.വി സംവിധാനം സ്ഥാപിച്ചുവെന്ന് ഉറപ്പുവരുത്തി റിപ്പോർട്ട് നൽകാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
എസ്.എസ്.എൽ.സി ചോദ്യപേപ്പറുകൾ ട്രഷറികളിലും ബാങ്കുകളിലുമായാണ് സൂക്ഷിക്കുന്നത്. പരീക്ഷ സമയത്തിന് മുമ്പേ ചോദ്യപേപ്പർ ബണ്ടിലുകൾ ചുമതലയുള്ള വിതരണ ഉദ്യോഗസ്ഥർക്ക് കൈമാറും. ഇവ വിതരണം നടത്തുന്നതിന് ജില്ലകളിലെ ലീഡ് ബാങ്ക് മാനേജർമാർ/ ബന്ധപ്പെട്ട ബാങ്കുകൾ/ ജില്ലാ ട്രഷറി ഓഫിസർ/ ട്രഷറികൾക്ക് നിർദേശം നൽകി. ഉത്തരക്കടലാസുകൾ എത്തുന്നത് വരെ പോസ്റ്റ് ഓഫിസുകൾ തുറന്നു പ്രവർത്തിക്കാൻ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറലിന് നിർദേശം നൽകാനും മന്ത്രിതല യോഗത്തിൽ തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.