നവോദയ വിദ്യാലയങ്ങളിൽ ആറാം ക്ലാസ് പ്രവേശനം
text_fieldsകേന്ദ്ര സർക്കാറിന് കീഴിലുള്ള ജവഹർ നവോദയ വിദ്യാലയങ്ങളിൽ 2025 -26 വർഷത്തെ ആറാംക്ലാസ് പ്രവേശനത്തിനായി ജനുവരി 18ന് നടത്തുന്ന സെലക്ഷൻ ടെസ്റ്റിൽ പങ്കെടുക്കാം. കേരളം, കർണാടക, ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലേക്ക് രാവിലെ 11.30നാണ് ടെസ്റ്റ് നടത്തുക. കേരളത്തിലുള്ളവർക്ക് മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, കന്നട ഭാഷകളിൽ പരീക്ഷയെ അഭിമുഖീകരിക്കാം. രണ്ടുമണിക്കൂർ ദൈർഘ്യമുള്ള ടെസ്റ്റിൽ മെന്റൽ എബിലിറ്റി, അരിതമെറ്റിക്, ഭാഷ എന്നിവയിലായി 80 ചോദ്യങ്ങളുണ്ടാവും. പരമാവധി 100 മാർക്കിനാണിത്. ഉയർന്ന റാങ്കുകൾക്കാണ് പ്രവേശനം.
കേരളത്തിൽ 14 ജില്ലകളിലും ഓരോ ജവഹർ നവോദയ വിദ്യാലയമുണ്ട്. അതത് ജില്ലയിലുള്ളവർക്കാണ് പ്രവേശനത്തിന് അർഹത. റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. 75 ശതമാനം സീറ്റുകളിലും ഗ്രാമീണ വിദ്യാർഥികൾക്കാണ് പ്രവേശനം. ഹോസ്റ്റലിൽ താമസിച്ച് പഠിക്കണം. ഭക്ഷണം, യൂനിഫോം അടക്കമുള്ള ചെലവുകൾ കേന്ദ്ര സർക്കാർ വഹിക്കും. ഗുണമേന്മയോടുകൂടിയ സൗജന്യ വിദ്യാഭ്യാസം നൽകുകയാണ് ലക്ഷ്യം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം താമസസൗകര്യം ലഭിക്കും.
പ്രവേശന യോഗ്യത: നവോദയ സ്കൂൾ സ്ഥിതിചെയ്യുന്ന ജില്ലയിൽ സ്ഥിരതാമസമുള്ളതും അംഗീകൃത സ്കൂളിൽ അഞ്ചാംക്ലാസിൽ പഠിക്കുന്നതുമായ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. 2013 മേയ് ഒന്നിന് മുമ്പോ 2015 ജൂലൈ 31ന് ശേഷമോ ജനിച്ചവരാകരുത്. ഇതിനു മുമ്പ് സെലക്ഷൻ ടെസ്റ്റിൽ പങ്കെടുത്തവരെ വീണ്ടും പരിഗണിക്കില്ല. റൂറൽ ക്വോട്ട സീറ്റുകളിലേക്ക് ഗ്രാമീണ സ്കൂളുകളിൽ 3, 4, 5 ക്ലാസുകളിൽ പഠിച്ച കുട്ടികൾക്കാണ് അപേക്ഷിക്കാവുന്നത്. ആകെ സീറ്റുകളിൽ മൂന്നിലൊന്ന് പെൺകുട്ടികൾക്കാണ്.
പട്ടികജാതി 15 ശതമാനം, പട്ടികവർഗം 7.5 ശതമാനം, ഒ.ബി.സി 27 ശതമാനം, ഭിന്നശേഷിക്കാർക്കും മറ്റും ചട്ടപ്രകാരവും സംവരണമുണ്ട്. പ്രവേശന വിജ്ഞാപനവും പ്രോസ്പെക്ടസും https:/navodaya.gov.inൽ ലഭിക്കും. അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങളും സെലക്ഷൻ നടപടികളും പ്രോസ്പെക്ടസിലുണ്ട്.
നിലവിൽ രാജ്യത്താകെ 653 നവോദയ വിദ്യാലയങ്ങളാണുള്ളത്. ലക്ഷദ്വീപിൽ ഒരു നവോദയ വിദ്യാലയമുണ്ട്. ആറാം ക്ലാസിൽ പ്രവേശനം ലഭിക്കുന്നവർക്ക് സി.ബി.എസ്.ഇ സിലബസിൽ 12ാം ക്ലാസുവരെ പഠനം തുടരാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.